Content | ചങ്ങനാശേരി: കരുണയുടെ ദൈവത്തെ ലോകത്തില്‍ പ്രകാശിതമാക്കാന്‍ കഴിയണമെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത 19ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ പാറേല്‍ പള്ളി മൈതാനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രിസ്തുവിന്റെ ജീവനുള്ള സുവിശേഷം ഹൃദയത്തില്‍ സ്വീകരിച്ച് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകരാകുവാന്‍ ക്രൈസ്തവര്‍ക്കു കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ദൈവവചനം തെറ്റുകൂടാതെ വ്യാഖ്യാനിക്കാനുള്ള അധികാരം സഭയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. വചനത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ ദൈവജനത്തെ വഴിതെറ്റിക്കാനിടയാക്കും. സഭയോട് ചേര്‍ന്ന് സഭയുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ ദൈവജനം ഹൃദിസ്ഥമാക്കണം. സഭയുടേയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും വൈവിധ്യങ്ങളിലെ ഏകത്വവും ഇതിലെ ദൈവികരഹസ്യവും സഹിഷ്ണതയോടെ ഉള്‍ക്കൊള്ളണമെന്നും ബിഷപ്പ് പറഞ്ഞു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം വിഷയാവതരണ പ്രസംഗം നടത്തി. റവ.ഡോ.സിറിയക് വലിയ കുന്നുംപുറം, ഫാ. ജോസഫ് പുത്തന്‍പുര ഒഎഫ്എം കപ്പൂച്ചിന്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തി. ഇന്ന് രാവിലെ 9.30നും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന നടക്കും. 11ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. 11.15ന് ബ്രദര്‍ ടി.സി.ജോര്‍ജും ഉച്ചകഴിഞ്ഞും വൈകുന്നേരവും ഫാ. ഡേവിസ് ചിറമ്മലും വചനപ്രഘോഷണം നടത്തും. രാവിലെയും വൈകീട്ടുമായി രണ്ട് സെഷനുകളിലായാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
|