Content | യെരേവാന്‍: അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ ആസ്ഥാനമായ ഹോളി എക്മിയാസിനില്‍ നടന്ന കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും തമ്മിലുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ സമ്മേളനത്തിന് സമാപനം. 15ാമതു സമ്മേളനമാണ് നടന്നത്. അനുരഞ്ജനകൂദാശ, തിരുപ്പട്ടം, രോഗീലേപനം എന്നീ കൂദാശകളാണ് ചര്‍ച്ചയ്ക്കു വിഷയമായത്. കത്തോലിക്കാ സഭാംഗങ്ങളും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ചര്‍ച്ചകള്‍ നടന്നത്.
റോമിലെ സഭൈക്യത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ കൂര്‍ട്ട് കോഹ്, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്ത ആംബാ ബിഷോയി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ആദിമനൂറ്റാണ്ടുകളില്‍ പാശ്ചാത്യപൗരസ്ത്യസഭകളിലെല്ലാം കൂദാശകളുടെ ദൈവശാസ്ത്രത്തിലും പരികര്‍മത്തിലും അന്തസത്തയില്‍ ഐക്യമുണ്ടെന്ന് വിലയിരുത്തി.
മുപ്പത് അംഗങ്ങളുള്ള കമ്മീഷനില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ ദെമേത്രിയൂസ് എന്നിവരും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മല്പാന്‍ റവ. ഡോ. മാത്യു വെള്ളാനിക്കലുമാണ് ഇന്ത്യയില്‍നിന്നുള്ളത്. കമ്മീഷന്റെ അടുത്ത സമ്മേളനം 2019 ജനുവരി 27 മുതല്‍ റോമിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആസ്ഥാനത്തു നടക്കും.
|