Content | മലയാറ്റൂര്‍: മലയാറ്റൂര്‍ മഹാഇടവകയിലെ വിശ്വാസികള്‍ മലകയറിയതോടെ ഇത്തവണത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കമായി. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത്, വിമലഗിരി മേരി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോഷി കളപ്പറന്പത്ത്, സെബിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ബിനീഷ് പൂണോളില്‍, ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു വിശ്വാസികളാണ് മല കയറിയത്.
രാവിലെ ഏഴിന് അടിവാരത്തിലെ മാര്‍തോമാശ്ലീഹായുടെ കപ്പേളയില്‍ ഒത്തുചേര്‍ന്ന് പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് ഇടവക വിശ്വാസികള്‍ മലകയറിയത്. ഇന്ന്‍ മുതല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പണമുണ്ടാകും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവനും കുരിശുമുടി കയറുന്നതിനുളള സൗകര്യമുണ്ടാകുമെന്നും മലകയറുന്ന വിശ്വാസികള്‍ക്ക് സുരക്ഷിതമായി കയറുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് പറഞ്ഞു. |