Content | തിരുവനന്തപുരം: ക്രിസ്തുകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സഭ വളരുകയുള്ളൂവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. പുതിയതായി രൂപീകരിച്ച കഴക്കൂട്ടം ഫൊറോനയുടെ ഉദ്ഘാടനം മംഗലപുരം സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത പല സഭാ സംവിധാനങ്ങളും സഭയുടെ വളര്‍ച്ചക്ക് തടസം നില്‍ക്കുന്നുവെന്നും ക്രിസ്തു ദര്‍ശനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള ത്യാഗമനോഭാവവും സഭാ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാന്ത്വന സ്പര്‍ശം ധനസഹായ വിതരണവും ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കഴക്കൂട്ടം ഫെറോനാ സ്ഥാപിതമായതിനെക്കുറിച്ചുള്ള അതിരൂപതാധ്യക്ഷന്റെ പ്രഖ്യാപനം ഫാ. ഡി. തോമസ് വായിച്ചു.
ഫൊറോനയുടെ മിഷന്‍ പ്രോജക്ട് മോണ്‍. ജോര്‍ജ് പോളിന് നല്‍കി അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് നിര്‍വഹിച്ചു. ഡോ. എസ്.കെവിന്‍, സിസ്റ്റര്‍ എസ്‌റ്റെല്ല, ഡോ. ആന്റണി റൂഡോള്‍ഫ് എന്നിവര്‍ പ്രസംഗിച്ചു. കഴക്കൂട്ടം ഫൊറോന പ്രഖ്യാപനത്തോടെ തിരുവനന്തപുരം ലത്തിൻ രൂപതക്ക് കീഴിലെ ഫൊറോനകളുടെ എണ്ണം 9 ആയി.
|