Content | കേപ് വെര്‍ദേ: ആഫ്രിക്കയിലെ ഒമ്പതോളം അവികസിത രാജ്യങ്ങളില്‍ ശക്തമായ വികസന പ്രവര്‍ത്തനങ്ങളുമായി 'ജോണ്‍ പോള്‍ II ഫൗണ്ടേഷന്‍ ഫോര്‍ സാഹെല്‍'. ആഫ്രിക്കയിലെ തന്റെ ആദ്യ സന്ദര്‍ശനവേളയില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ട് മനസ്സലിഞ്ഞ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ചതാണ് ‘ദി ജോണ്‍ പോള്‍ II ഫൗണ്ടേഷന്‍ ഫോര്‍ ദി സാഹെല്‍’ എന്ന സന്നദ്ധ സേവന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജനങ്ങളെ സഹായിക്കുന്നതിനും വേണ്ടിയാണ് സംഘടന സ്ഥാപിച്ചത്. ശുദ്ധമായ കുടിവെള്ള വിതരണം, ഊര്‍ജ്ജം എന്നിവ ആഫ്രിക്കയില്‍ ഉറപ്പുവരുത്തുന്നതിനും വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുവാന്‍ സംഘടന പുതുതായി തീരുമാനിച്ചിട്ടുണ്ട്.
സംഘടനയുടെ മാനേജിംഗ് ബോര്‍ഡ് അംഗങ്ങള്‍ സെനഗളിലെ ഡാകാറില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ വെച്ചാണ് ഇതിനെകുറിച്ചുള്ള അന്തിമ തീരുമാനമെടുത്തത്. ബുര്‍കിനാ ഫാസോ, കേപ് വെര്‍ദേ, ചാഡ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷകണക്കിന് ഡോളര്‍ ചെലവിടാനാണ് യോഗത്തില്‍ തീരുമാനമായത്. കത്തോലിക്കാ സഭയുടെ ‘ഇന്റഗ്രല്‍ ഹുമന്‍ ഡെവലപ്മെന്റ്’ന്റെ ഉത്തരവാദിത്വമുള്ള ഡിക്കാസ്റ്ററിയുടെ മേല്‍ നോട്ടത്തിലാണ് സംഘടന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗാംബിയ, ഗിനിയ ബിസ്സൌ, മാലി, മൌറീറ്റാനിയ, നൈജര്‍, സെനഗള്‍ തുടങ്ങിയ അംഗരാജ്യങ്ങളിലെ മെത്രാന്‍മാര്‍ ഉള്‍കൊള്ളുന്നതാണ് ഫൗണ്ടേഷന്റെ മാനേജിംഗ് ബോര്‍ഡ്.
'മാനവ വികസന സൂചിക' പട്ടികയില്‍ ഏറ്റവും താഴെയുള്ള 20 രാജ്യങ്ങളില്‍ 19 എണ്ണവും ആഫ്രിക്കയില്‍ നിന്നുള്ളവയാണ്. പ്രകൃതി വിഭവങ്ങളുടെ കുറവ്, ഭക്ഷ്യ-കുടിവെള്ള ക്ഷാമം, തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ എന്നിവയാണ് രാജ്യങ്ങളില്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. കൃഷിയാവശ്യങ്ങള്‍ക്കായി മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കുക, കൃഷി കാര്യങ്ങളില്‍ ആളുകള്‍ക്ക് വിദഗ്ദ സാങ്കേതിക പരിശീലനം നല്‍കുക തുടങ്ങിയ കൃഷി സംബന്ധമായ വികസന പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹൃദ സംവാദങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമവും ഫൗണ്ടേഷന്റെ ദൗത്യങ്ങളില്‍ പെടുന്നതാണ്.
സാഹെല്‍ മേഖലയിലെ പ്രാദേശിക സഭകള്‍ക്കൊപ്പം, ഇറ്റാലിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ്, ജര്‍മ്മന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്. 1980-ല്‍ ആരംഭിച്ച സംഘടന കഴിഞ്ഞ വര്‍ഷം മാത്രം 127-ഓളം പദ്ധതികള്‍ക്കായി ഏതാണ്ട് 23 ലക്ഷത്തോളം ഡോളറാണ് ചിലവിട്ടത്. അതേസമയം കത്തോലിക്ക സഭയുടെ കീഴിലുള്ള നിരവധി സന്നദ്ധ സംഘടനകളാണ് ആഫ്രിക്കയുടെ വികസനത്തിന് വേണ്ടി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നത്.
|