Content | ന്യൂഡൽഹി: അക്രമവും അരക്ഷിതാവസ്ഥയും തുടരുന്ന റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടി മാര്‍പാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനദിനം ആഗോള സമൂഹം ആചരിച്ചു. വലിയനോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച ആഫ്രിക്കന്‍ സമൂഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം ഈ മാസത്തിന്റെ ആരംഭത്തിലാണ് മാര്‍പാപ്പ നല്‍കിയത്. സമാധാനത്തിനായുള്ള പരിശ്രമത്തില്‍ മറ്റു സഭാ വിശ്വാസികളെയും ഇതരമതസ്ഥരയെും സ്വാഗതം ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. പ്രാര്‍ത്ഥനയില്‍ ഏഷ്യന്‍ സമൂഹവും പങ്കാളികളായി.
പാക്കിസ്ഥാൻ ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷനും ഇസ്ലാമബാദ് - റാവൽപിണ്ടി അതിരൂപത മെത്രാനുമായ ജോസഫ് അർഷാദ് മാർപാപ്പയുടെ ആഹ്വാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. കോംഗോ സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മെത്രാൻ സമിതി അംഗങ്ങളെല്ലാം തായ്ലാന്റിൽ സമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിലും പ്രാർത്ഥനയിൽ ഒരുമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അക്രമ പരമ്പരകൾ അവസാനിക്കുന്നതിനായി പ്രാർത്ഥിക്കുമെന്നും ദാരിദ്യം, സഹനം, അനീതി, അക്രമം എന്നിവയുടെ നിർമ്മാർജനത്തിന് അക്ഷീണം പ്രവർത്തിക്കുന്ന ഫ്രാൻസിസ് പാപ്പയെ പോലെയുള്ള മഹദ് വ്യക്തിയുടെ ആഹ്വാനം ഏറെ അഭിനന്ദനീയമാണെന്നും ജോധ്പുർ മൗലാന ആസാദ് യൂണിവേഴ്സിറ്റി പ്രസിഡന്റായ ഡോ. അക്തറുൾ വാസെ പറഞ്ഞു.
തീവ്ര ഹൈന്ദവ സംഘടനകളുടെ ആക്രമണത്തിൽ അമ്പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായതെന്ന്‍ 2008 കാണ്ടമാൽ ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭത്തെ അതിജീവിച്ച സിസ്റ്റര്‍ മീന ബർവ പറഞ്ഞു. ഉപവാസത്തിനും പ്രാർത്ഥനയ്ക്കും മാറ്റി വച്ചിരിക്കുന്ന ഈ ദിവസം കാണ്ഡമാൽ സഭയിലും സമാധാനം സ്ഥാപിക്കപ്പെടാൻ ഇടയാകട്ടെ എന്ന പ്രത്യാശയും സിസ്റ്റർ പങ്കുവെച്ചു.
യുദ്ധം, ആഭ്യന്തര കലഹം, മനുഷ്യ സ്വാർത്ഥത, ദാരിദ്യം തുടങ്ങിയവ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നുവെന്ന്‍ സീറോ മലങ്കര സഭ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കത്തോലിക്ക ബാവ പറഞ്ഞു. സമാധാനം സ്ഥാപിക്കാനായി വന്ന ഈശോയുടെ സന്ദേശം ലോകമെങ്ങും പ്രഘോഷിക്കപ്പെടണം. അതോടൊപ്പം ഭാരത സഭയെയും പ്രാർത്ഥനയിൽ അനുസ്മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നും റിപ്പബ്ലിക് ഓഫ് കോംഗോക്കു വേണ്ടിയും സുഡാന് വേണ്ടിയും പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു. |