Content | അട്ടപ്പാടിയിൽ മധു എന്ന ഒരു സാധു മനുഷ്യനെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരിൽ ചില സാമൂഹ്യദ്രോഹികൾ ചേർന്ന് അടിച്ചു കൊലപ്പെടുത്തി എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. എന്നാൽ ഈ സംഭവത്തെ മുതലെടുത്ത് വ്യക്തി വൈരാഗ്യം തീർക്കുകയും, രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും, മത വിദ്വേഷം വളർത്തുകയും ചെയ്യുന്ന ചില വ്യക്തികളെയും സോഷ്യൽ മീഡിയായിൽ കാണാനിടയായി. മധുവിനെ മർദ്ദിച്ച വ്യക്തികളുടെ രാഷ്ട്രീയവും മതവും തിരഞ്ഞുപിടിച്ച് രാഷ്ട്രീയ പകപോക്കലിനും മതവിശ്വാസത്തെ കുറ്റപ്പെടുത്തുന്നതിനും ചിലർ ഈ സംഭവം ഉപയോഗിക്കുന്നു.
ആത്മീയ ശുശ്രൂഷകളെയും ധ്യാനകേന്ദ്രങ്ങളെയും എങ്ങനെ കുറ്റംപറയണം എന്നു ചിന്തിച്ചു ജീവിക്കുന്നവർ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തെ വരെ കുറ്റം പറയാൻ ഈ സംഭവത്തെ ഒരു ഉപകരണമാക്കുന്നു. അതേസമയം ചിലർ ദൈവത്തെ കുറ്റപ്പെടുത്തുന്നതിനു വേണ്ടി പോലും ഈ സംഭവം ഉപയോഗിക്കുന്നു. ഇക്കൂട്ടർ യഥാർത്ഥത്തിൽ വലിയ സാമൂഹ്യ ദ്രോഹമാണ് ചെയ്യുന്നത്. സംഭവത്തിന്റെ പിന്നിലുള്ള ചില യാഥാർഥ്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുകയും, സമൂഹത്തിൽ മാറ്റം വരുത്തേണ്ട ചില മേഖലകൾക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നതിന് ഇത്തരം കുറ്റപ്പെടുത്തലുകൾ കാരണമായേക്കാം.
#{red->none->b->ആരാണ് ഈ കൊലപാതകത്തിന് പിന്നിൽ? }#
മധുവിനെ മർദ്ദിച്ചവരെയും അങ്ങനെ കൊലപാതകത്തിനു കരണമായവരെയും കുറിച്ചു പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കുറ്റക്കാർ ആരാണെന്ന് കോടതി തീരുമാനിക്കട്ടെ. എന്നാൽ ഭക്ഷണം മോഷ്ടിക്കുന്നതിലേക്കു നയിച്ച മധുവിന്റെ ദാരിദ്ര്യത്തിന് ആരാണ് കാരണക്കാർ?
എല്ലാ മനുഷ്യർക്കും മാന്യമായി ജീവിക്കാനുള്ള സമ്പത്ത് ദൈവം ഈ ഭൂമിയിൽ നൽകിയിട്ടുണ്ട്. എന്നാൽ ഒരു വിഭാഗം മനുഷ്യർ അതു കയ്യടക്കി വച്ചിരിക്കുന്നു എന്നതാണ് ഈ ലോകത്ത് ദാരിദ്ര്യവും പട്ടിണിയും ഉണ്ടാകുവാൻ കാരണം. “രണ്ട് ഉടുപ്പുകൾ ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ” എന്ന ക്രിസ്തുവിന്റെ വാക്കുകൾ മനുഷ്യൻ അനുസരിച്ചിരുന്നുവെങ്കിൽ ഈ ലോകത്ത് ആരും പട്ടിണിമൂലം മരിക്കുകയില്ലായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അനുസരിച്ച് ഒരു മനുഷ്യൻ തന്റെ ആവശ്യത്തിനുള്ള പണം ചിലവിട്ടതിനു ശേഷം സമ്പാദിച്ചു വയ്ക്കുന്ന പണം അവന്റെ സ്വന്തമല്ല, അത് ദരിദ്രർക്ക് അവകാശപെട്ടതാണ്. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ദൈവം ദാനമായി നൽകിയ സമ്പത്ത് ധൂർത്തടിച്ചു ജീവിച്ചുകൊണ്ട് മനുഷ്യർ ദരിദ്രരുടെ നേരെ കണ്ണടക്കുകയും അവരുടെ ദാരിദ്ര്യത്തിന്റെ പേരിൽ ദൈവത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വിശപ്പു സഹിക്കാൻ വയ്യാതെ ഭക്ഷണം മോഷ്ടിക്കുകയും അതിന്റെ പേരിൽ മർദ്ദനമേറ്റു മരിക്കേണ്ടി വരികയും ചെയ്ത മധു എന്ന സാധു മനുഷ്യൻ സമൂഹമനഃസാക്ഷിയുടെ മുൻപിൽ ഉയർത്തുന്ന ചോദ്യം കേവലം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല.
മധുവിന്റെ മരണത്തിന്റെ പേരിൽ മറ്റുള്ളവരെ പഴിക്കുമ്പോൾ നമ്മുക്ക് ഓരോരുത്തർക്കും ചിന്തിക്കാം: ഈ സംഭവത്തിൽ നമ്മളും പങ്കുകാരാണോ? ദൈവം നമ്മുക്കു നൽകിയ സമ്പത്ത് ദരിദ്രരുമായി പങ്കുവയ്ക്കാത്തവരാണോ നാം? ലളിതമായ ജീവിതം നയിക്കുന്നതിനു പകരം ആഡംബര ജീവിതം നയിക്കുന്നവരാണോ നാം? അഞ്ചു ലക്ഷത്തിന്റെ കാറിൽ മാന്യമായി യാത്രചെയ്യാമെന്നിരിക്കെ പത്തുലക്ഷത്തിന്റെ കാറിൽ യാത്ര ചെയ്യുന്നവരാണോ നാം? നാലുജോഡി വസ്ത്രം കൊണ്ട് മാന്യമായി ജീവിക്കാമെന്നിരിക്കെ പുതിയ ഫാഷൻ ഭ്രമത്തിൽ മുഴുകി വിലകൂടിയ നിരവധി വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നവരാണോ നാം? ലളിതമായ ഭക്ഷണക്രമം കൊണ്ട് ജീവിക്കാമെന്നിരിക്കെ വിഭവസമൃദ്ധമായ ഭക്ഷണം മാത്രം കഴിക്കുന്നവരാണോ നാം?
ലളിതമായ ഭവനത്തിൽ ജീവിക്കാമെന്നിരിക്കെ ആവശ്യത്തിൽ കൂടുതൽ മുറികളുള്ള ആഡംബര ഭവനങ്ങളിൽ വസിക്കുന്നവരാണോ നാം? വിദേശരാജ്യങ്ങളിൽ സ്വന്തമായി ഭവനങ്ങൾ ഉണ്ടായിരുന്നിട്ടും ആരും താമസിക്കാനില്ലാത്ത കൊട്ടാര സദൃശ്യമായ ഭവനങ്ങൾ കേരളത്തിൽ പണികഴിപ്പിക്കുന്നവരാണോ നാം? മദ്യം വിഷമാണ് എന്നിരിക്കെ അതിനുവേണ്ടി സമ്പത്ത് ചിലവഴിച്ച് ദരിദ്രരുടെ അവകാശങ്ങൾ നിഷേധിക്കുന്നവരാണോ നാം? എങ്കിൽ മധു എന്ന സഹോദരനെ മരണത്തിലേക്കു നയിച്ചതിൽ നമ്മുക്കും പങ്കുണ്ട്. ആ സഹോദരനുവേണ്ടി ദൈവം നമ്മളെ ഏൽപ്പിച്ച പണം നാം ആ സഹോദരനു നൽകിയില്ല. പകരം നാം നമ്മുടെ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിച്ചു.
ഇത്തരം സംഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും കണ്ണുതുറപ്പിക്കട്ടെ. മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു സാമൂഹ്യ വ്യവസ്ഥിതിയും മാറുന്നില്ല. ഓരോ മനുഷ്യനും സ്വയം മാറുവാൻ തയ്യാറാകുമ്പോഴാണ് സമൂഹം മാറുന്നത്. ഒരു മധു മാത്രമേ മരിച്ചിട്ടുള്ളൂ. ഇതുപോലുള്ള നിരവധി സഹോദരങ്ങൾ നമ്മുക്കു ചുറ്റും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവിതത്തിലേക്ക് നമ്മുക്ക് ഇറങ്ങിചെല്ലാം. മധുവിനുവേണ്ടി നമ്മുക്കു ചെയ്യാൻ കഴിയാതെ പോയത് ഈ സഹോദരങ്ങൾക്കു വേണ്ടി നമ്മുക്കു ചെയ്യാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
|