Content | കട്ടപ്പന: സാധുസേവന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ജര്‍മ്മന്‍ പൗരന്‍ ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ നൂറാം ജന്മദിനം നാളെ. ജന്മശതാബ്ദിയോടനുബന്ധിച്ചു നാളെ രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ സെന്റ് ജോണ്‍സ് കാമ്പസില്‍ ദൈവദാസന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനും ക്വിസ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെല്ലൂസ് ഫാ. കുര്യന്‍ താമരശേരിയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കബറിടത്തില്‍ പ്രാര്‍ത്ഥനയും നടക്കും.
1918 ഫെബ്രുവരി 27ന് ജര്‍മനിയിലെ ബര്‍ലിനില്‍ എവാള്‍ഡ് താന്‍ഹോയിസറിന്റെയും മരിയയുടെയും മൂന്നു മക്കളില്‍ മൂത്തവനായ ബര്‍ണാഡ് എന്ന ഫോര്‍ത്തുനാത്തൂസ് ജനിച്ചത്. രണ്ടാംലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അദ്ദേഹം ഏറെ അനുഭവിച്ചിട്ടുണ്ട്. 1969ല്‍ കട്ടപ്പനയിലത്തി ആശുപത്രി ആരംഭിച്ചതോടെയായിരുന്നു ഹോസ്പിറ്റലര്‍ സഭയുടെ ഇന്ത്യയിലെ തുടക്കം. പിന്നീട് ആലംബഹീനര്‍ക്കായി പ്രതീക്ഷാഭവനം സ്ഥാപിക്കാനും ഭവനരഹിതര്‍ക്കായി നൂറുകണക്കിനു വീടുകള്‍ നിര്‍മിച്ചുകൊടുക്കാനും നേതൃത്വം നല്‍കി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസിനിസമൂഹവും ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ആരംഭിച്ചു. ഇതിനിടെ അദ്ദേഹം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു.
സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹം 1994-ല്‍ ഒരു രൂപതാ സമൂഹമായി അംഗീകരിക്കപ്പെട്ടു. കേരളത്തിലെ വിവിധ രൂപതകളിലും തമിഴ്നാട്, ഒഡീഷ, ജര്‍മനി, ഇറ്റലി, ഓസ്ട്രിയ എന്നിവടങ്ങളിലും ഈ സന്യാസ സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. 1995 നവംബര്‍ ഏഴിനു ജര്‍മന്‍ പൗരന്മാര്‍ക്കുമാത്രം നല്‍കിയിരുന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ ആതുര സേവനത്തിനുള്ള ജര്‍മന്‍ സര്‍വീസ് ക്രോസ് അവാര്‍ഡ് നല്‍കി ആദരിച്ചു. 2005 നവംബര്‍ 21ന് കാലംചെയ്ത ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 10ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ ദൈവദാസനായി മാര്‍പാപ്പ പ്രഖ്യാപിക്കുകയായിരിന്നു.
|