category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇനിയും സംസ്കരിക്കപ്പെടാൻ ഏറെ മനസ്സുകൾ: ദുഃഖം രേഖപ്പെടുത്തി മാര്‍ ജോസ് പൊരുന്നേടം
Contentമാനന്തവാടി: മോഷണകുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തികൊണ്ട് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അക്രമവും കൊലപാതകവും സ്വാഭാവിക പ്രതികരണം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന നാട്ടിൽ ഇതും ഇതിലപ്പുറവും സംഭവിക്കാമെന്നും അദ്ദേഹം കുറിച്ചു. മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.. കേരളം ഊറ്റം കൊള്ളുന്നത് കേരളാ മോഡൽ' വികസനത്തിലാണ്. കേരളം വികസന കാര്യത്തിൽ വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നാണ് വയ്പ്. ഇവിടുത്തെ സംസ്കാരം അതിപ്രാചീനവുമാണ്. ഇപ്പോഴിതാ ക്രമസമാധാന പാലനത്തിലും കേരളം സ്വന്തം മോഡൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയൊരു സംസ്കാരവും. കഴിഞ്ഞ കുറേക്കാലമായി നമ്മുടെ കേരളത്തിൽ വളർന്ന് വരുന്ന ഒരു പുതിയ സംസ്കാരമാണിത്. യഥാർത്ഥ ജനാധിപത്യം.!! ജനത്തിന്റെ ആധിപത്യമാണല്ലോ ജനാധിപത്യം. അതാണിവിടെ നടക്കുന്നത്. നിയമ പാലകരുടെ സാന്നിദ്ധ്യം തന്നെ പലരുടേയും ദൃഷ്ടിയിൽ ജനാധിപത്യത്തിനൊരു വിലങ്ങുതടിയാണ്. അഗളിയിലെ മധുവെന്ന ആദിവാസി യുവാവിനെ കളവാരോപിച്ച് പിടിച്ച് കെട്ടി മർദ്ദിച്ച് കൊന്നിരിക്കുന്നു. അക്രമവും കൊലപാതകവും സ്വാഭാവിക പ്രതികരണം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന നാട്ടിൽ ഇതും ഇതിലപ്പുറവും സംഭവിക്കാം. മലയാളികളിൽ ഏറെപ്പേരുടെ മാനസികാവസ്ഥ ഈ നിഗമനത്തിലെത്തിക്കുന്നു. പുരാതന റോമിലെ കൊളോസിയത്തിൽ ക്രൂര മൃഗങ്ങളുമായുള്ള ജീവൻമരണപോരാട്ടത്തിൽ മൃഗങ്ങൾ കടിച്ചുകീറുന്ന അടിമകളെ കണ്ട് ഗാലറിയിലിരുന്ന് കയ്യടിച്ച് രസിക്കുന്ന റോമൻ ഭരണാധികാരികളേയും റോമൻ പൗരന്മാരേയും പോലെ കൊല്ലും കൊലയും സ്വകാര്യവും പൊതുവുമായ സ്വത്ത് നശിപ്പിക്കുന്നതും കണ്ട് രസിക്കുന്ന ഭരണാധികാരികളും ജനവും ക്രമസമാധാന പാലകരും ഉള്ളിടത്ത് മറ്റെന്ത് പ്രതീക്ഷിക്കാൻ. അപകടത്തിൽ പെട്ട് രക്തമൊലിച്ച് മരണവെപ്രാളത്തിലുള്ളവരുടെ വീഡിയോ മൊബൈലിലെടുത്ത് ബ്രെയിക്കിംഗ് ന്യൂസുകൾ ആക്കാൻ അയച്ചു കൊടുക്കുന്നതും അവരുടെ പണവും ആഭരണങ്ങളും കവർന്നെടുത്ത് കടന്നു കളയുന്നതും എല്ലാം ഒരു നിഗൂഢസന്തോഷ കാരണമാക്കിയവരും ഉള്ള നാടാണിത്. എഴുത്തും വായനയും അറിയാത്തതല്ല കാരണം. വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടാത്തതുമല്ല കാരണം. കേരളത്തിലുള്ളത്ര സ്കൂളുകളും കോളേജുകളും മറ്റൊരു സംസ്ഥാനത്തും കാണുകയില്ല. ഇവിടെയുള്ളത്ര ബ്രഹ്മാണ്ഡങ്ങളായ ആരാധനാലയങ്ങളും ഇന്ത്യയിൽ മറ്റെങ്ങും കാണുകയില്ല. കേരളം ആഢംഭര ഉപഭോഗവസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിൽ ഒന്നുമാണ്. എന്നിട്ടും എന്തേ ആർക്കും ഒരുപദ്രവവും ചെയ്യാത്ത ഒരു സാധു യുവാവിനെ പട്ടിയെ തല്ലിക്കൊല്ലുന്നതിലും ക്രൂരമായി തല്ലിക്കൊല്ലാൻ തക്കവിധം അധ:പതിച്ച മാനസികാവസ്ഥയിലുള്ളവരെ സൃഷ്ടിച്ചു? കാരണം തേടി എങ്ങും പോകേണ്ടതില്ല. മലയാളിയുടെ മനസ്സ് സംസ്കരിച്ചെടുക്കാൻ ഇവയൊന്നും പര്യാപ്തമായില്ല. ക്രമസമാധാനത്തിന് നിയോഗിക്കപ്പെടുന്നവരെ മറ്റാരുടേയോ ഇംഗിതത്തിന് തുള്ളുന്നവരാക്കി മാറ്റിയെടുത്തു. അക്രമികൾക്കും കൊലയാളികൾക്കും തലതൊട്ടപ്പമാരുണ്ടായി. അക്രമത്തേയും കൊലയേയും അശ്ലീലത്തേക്കും മദ്യത്തേയും മയക്കുമരുന്നിനേയും മഹത്വവൽക്കരിച്ച് യുവതലമുറയുടെ ആരാധനാമൂർത്തികളാക്കി. അവയെ ആരാധിക്കാൻ മടിക്കുന്നവരെ സമൂഹത്തിന്റെ ഉമ്മറപ്പടി അടച്ച് പിണ്ഡം വച്ചു. വിദ്യാർത്ഥികളെ ശിക്ഷണ വിധേയരാക്കുന്ന അധ്യാപകരെ കുറ്റവാളികളാക്കി ജയിലിലടച്ചു. സകല ധാർമ്മികതയുടേയും ഉറവിടമായ ദൈവത്തെ കേവലം മാനുഷിക രൂപങ്ങളാക്കി. വിശുദ്ധയിടങ്ങൾ അശ്ലീലം കൊണ്ട് അശുദ്ധമാക്കി. അവരവർക്ക് തോന്നുന്നത് ശരിയായി അവതരിപ്പിക്കപ്പെട്ടു. നമുക്കൊരു തിരിച്ച് പോക്ക് വേണ്ടേ? കരിങ്കൽ സമാനമായ മനസുമായി എത്ര കാലം മുന്നോട്ട് പോകും? മധുവിന്റെ വിധി ഇനിയാർക്കും ഉണ്ടാകാതിരിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-02-26 11:31:00
Keywordsപൊരുന്നേ
Created Date2018-02-26 11:28:14