Content | വത്തിക്കാന്‍ സിറ്റി: ആതുര ശുശ്രൂഷയില്‍ നഴ്സ്മാരുടെ പങ്ക് പകരം വയ്ക്കാനാവാത്തതാണെന്നു ഫ്രാന്‍സിസ് പാപ്പ. നഴ്സ്മാരുടെയും ആതുര ശുശ്രൂഷാസഹായികളുടെയും ശിശുസംരക്ഷകരുടെയും സംഘടനകളുടെ സംയുക്തസമിതിയായ ഇപാസ്വിയുടെ (IPASVI) പ്രതിനിധികളെ ഇന്നലെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റാരെക്കാളും രോഗികളുമായി നേരിട്ട് നിരന്തര ബന്ധം പുലര്‍ത്തുന്നവരാണ് നഴ്സുമാരെന്നും അനുദിനം രോഗികളെ പരിചരിക്കുന്ന അവര്‍ രോഗികളുടെ ആവശ്യങ്ങള്‍ ശ്രവിക്കുകയും അവരുടെ ശരീരത്തെ പരിപാലിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.
രോഗം തടയല്‍, സാന്ത്വനം പകരല്‍, സൗഖ്യമൊരുക്കല്‍ എന്നിങ്ങനെ വളരെ സങ്കീര്‍ണ്ണതകളുള്ളതാണ് നഴ്സുമാരുടെ തൊഴിലെന്നും ഉന്നതമായ തൊഴില്‍ വൈദഗ്ദ്ധ്യം അവര്‍ക്കാവശ്യമാണെന്നും പാപ്പ പറഞ്ഞു. നേഴ്സുമാര്‍ മറ്റാരേയുംകാള്‍ കൂടുതലായി രോഗികളുടെ ശരീരത്തെ പരിപാലിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്, അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ യേശു കുഷ്ഠരോഗിയെ എങ്ങനെയാണ് സ്പര്‍ശിച്ചതെന്ന് മനസ്സിലോര്‍ക്കുന്നതു നല്ലതാണെന്നും ഓര്‍മ്മിപ്പിച്ചു. നേഴ്സുമാരുടെ കഴിവുകള്‍ കാലോചിതമാക്കിത്തീര്‍ക്കുന്ന പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. |