Content | വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയോടുള്ള സഭയുടെ പ്രത്യേകമായ വണക്കം കൂടുതലായി പ്രഘോഷിക്കുവാന്‍ പുതിയ മരിയന്‍ തിരുനാള്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. എല്ലാവര്‍ഷവും പന്തക്കൂസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ് “എക്ലേസിയ മാത്തെര്‍” അഥവാ, “സഭയുടെ മാതാവ്” എന്ന ശീര്‍ഷകത്തിലുള്ള തിരുനാള്‍ ആഘോഷിക്കപ്പെടുക. ആരാധനാക്രമസംബന്ധിയായ പഞ്ചാംഗങ്ങളിലും തിരുക്കര്‍മ്മ ഗ്രന്ഥങ്ങളിലും യാമപ്രാര്‍ത്ഥനകളിലും ഈ ഓര്‍മ്മയാചരണം ഉള്‍പ്പെടുത്തണമെന്നും പാപ്പാ പ്രത്യേകമായി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
തിരുനാള്‍ പ്രഖ്യാപനം ആരാധന കൗദാശിക കർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം ശനിയാഴ്ചയാണ് (03/03/2018) പുറപ്പെടുവിച്ചത്. ഇടയന്മാരിലും സമര്‍പ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തിയും വളര്‍ത്താന്‍ സഭയുടെ മാതാവിനോടുള്ള വണക്കം പരിപോഷിപ്പിക്കുന്നത് സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാള്‍ മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോഷും ഒപ്പുവച്ചിരിക്കുന്ന പ്രഖ്യാപനത്തില്‍ പറയുന്നു.
|