Content | വാഷിംഗ്ടൺ: ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ഗര്‍ഭഛിദ്രത്തിനെതിരെ ജപമാല റാലിയിൽ ഒരുമിച്ച് ന്യൂയോര്‍ക്ക് സമൂഹം. 2018 സ്പ്രിങ്ങ് ക്യാംപെയിന്‍ എന്ന പേരില്‍ നടന്ന ജപമാല റാലിയിലും വിശുദ്ധ കുര്‍ബാനയിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ജീവന് സാക്ഷ്യം വഹിക്കുക എന്ന ആഹ്വാനത്തോടെ നടത്തുന്ന ക്യാംപെയിന് ശനിയാഴ്ചയാണ് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്ക് സെന്‍റ് പാട്രിക് ബസിലിക്ക ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് ന്യൂയോർക്ക് അതിരൂപത മെത്രാൻ പീറ്റർ ബയിറിൻ മുഖ്യകാർമ്മികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം സമീപത്ത് പ്രവർത്തിക്കുന്ന അബോർഷൻ ക്ലിനിക്കിലേക്ക് നടന്ന ജപമാല റാലിയിലും വിശ്വാസികളുടെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. ക്ലിനിക്കിന് മുന്നില്‍ നടപ്പാതയില്‍ മുട്ടുകുത്തി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഭ്രൂണഹത്യയെന്ന പാപത്തിന് അടിമപ്പെട്ടവരുടെ മേൽ ദൈവത്തിന്റെ കരുണ ചൊരിയണമെന്ന പ്രാര്‍ത്ഥനയാണ് വൈദികരുടേയും സന്യസ്തരുടേയും വിശ്വാസികളുടേയും സമൂഹം ശുശ്രൂഷയില്‍ ഉടനീളം ഉരുവിട്ടത്. |