Content | ലണ്ടന്‍: ഭാരതത്തിലെ തീവ്രദേശീയവാദികള്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ മേല്‍ അഴിച്ചുവിടുന്ന പീഡനപരമ്പരകള്‍ക്ക് എതിരെ പ്രതികരണവുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍. കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗ് (CHOGM)-നായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനില്‍ വരുമ്പോള്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളും സിഖ്കാരും നേരിടുന്ന മതപീഡനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാര്‍ലമെന്റംഗങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഹൗസ് ഓഫ് കോമണ്‍സിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ വെച്ച് ‘ഫ്രീഡം ഓഫ് റിലീജ്യന്‍ ആന്‍ഡ് ബിലീഫ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
സ്കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ ഡോച്ചെര്‍ട്ടി-ഹഗ്സും, ലേബര്‍ പാര്‍ട്ടിയുടെ ഫാബിയാന്‍ ഹാമില്‍ട്ടണുമാണ് ചര്‍ച്ചയില്‍ വിഷയമുന്നയിച്ചത്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊനായി ഇന്ത്യ മാറിയെന്ന് അടുത്തകാലത്ത് കേരളം സന്ദര്‍ശിച്ച ഹാമില്‍ട്ടണ്‍ പറഞ്ഞു. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മതപീഡനത്തെ കുറിച്ച് CHOGM-ന് വരുന്ന രാഷ്ട്രതലവന്‍മാരുമായി ബ്രിട്ടീഷ് മന്ത്രിമാര്‍ ചര്‍ച്ചനടത്തണമെന്ന ആവശ്യവും പാര്‍ലമെന്റംഗങ്ങള്‍ ഉന്നയിച്ചു.
ഇന്ത്യയില്‍ സിഖ് സമൂഹം നേരിടുന്ന പീഡനങ്ങളില്‍ തന്റെ മണ്ഡലത്തിലെ സിഖ് സമൂഹത്തിന്റെ ആശങ്കകള്‍ മാര്‍ട്ടിന്‍ ഡോച്ചെര്‍ട്ടിയും പങ്കുവെക്കുകയുണ്ടായി. ഇക്കാര്യം ഏപ്രില്‍ മധ്യത്തില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യോഗത്തില്‍ യഥാവിധം ഉന്നയിക്കുവാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഏഷ്യയിലെ വിദേശ ഓഫീസ് മന്ത്രിയായ മാര്‍ക്ക് ഫീല്‍ഡ് ചര്‍ച്ചയില്‍ പറഞ്ഞു. വിഷയം വിദേശ സെക്രട്ടറി മുഖാന്തിരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും, അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥവൃന്ദത്തിന്റേയും ശ്രദ്ധയില്‍ പെടുത്തുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഡോച്ചെര്‍ട്ടി പറഞ്ഞു.
1949-ലാണ് കോമണ്‍വെല്‍ത്ത് സംഘടന നിലവില്‍ വരുന്നത്. ഏപ്രില്‍ 16-20 തിയതികളിലാണ് ഇക്കൊല്ലത്തെ കോമണ്‍വെല്‍ത്ത് യോഗം ചേരുക. ജനസംഖ്യാ സാന്ദ്രതയുള്ള ഒരു വലിയരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് സംഘടനയില്‍ പ്രമുഖ സ്ഥാനമുണ്ട്. ഹിന്ദുത്വവാദികള്‍ രാജ്യത്തു അഴിച്ചുവിടുന്ന മതപീഡനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കോമണ്‍വെല്‍ത്ത് യോഗത്തില്‍ വിഷയം അവതരിക്കപ്പെട്ടാല്‍ എന്‍ഡിഎ ഗവണ്‍മെന്റിന് ഇത് കടുത്ത വെല്ലുവിളിയാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. |