Content | എറണാകുളം അങ്കമാലി അതിരൂപതയുടെ ഏതാനും വസ്തുക്കളുടെ വില്പനയെക്കുറിച്ചു ചില ആക്ഷേപങ്ങള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ചര്‍ച്ചയ്ക്കു വിഷയമാവുകയുണ്ടായി. ആക്ഷേപങ്ങള്‍ ഉന്നയിച്ചവരില്‍ ഏതാനും വൈദികരും അല്‍മായരും ഉള്‍പ്പെടുന്നു. രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാതെയും സഭാനിയമങ്ങള്‍ പാലിച്ചും ഒരു Juridic Person ആയ (നൈയാമിക വ്യക്തി) അതിരൂപതയുടെ വസ്തുക്കള്‍ വില്‍ക്കുന്നതിനു മെത്രാപ്പോലിത്തയ്ക്ക് അധികാരവും അവകാശവുമുണ്ട്. പ്രസ്തുത അധികാരവും അവകാശവും ഉപയോഗിച്ചാണ് എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മേജര്‍ ആര്‍ച്ച് ബിഷപ്പ് വസ്തുക്കള്‍ വിറ്റത്.
അതിരൂപതയുടെ ആവശ്യത്തിനുവേണ്ടി ബാങ്കില്‍നിന്നെടുത്ത കടം തിരിച്ചടയ്ക്കാനാവശ്യമായ പണം സമാഹരിക്കാനാണു വസ്തുക്കള്‍ വിറ്റത്. വസ്തുക്കള്‍ വില്‍ക്കുന്നതിനു മുന്‍പ്, സഭാനിയമമനുസരിച്ച് കാനോനികസമിതികളില്‍ ചര്‍ച്ചചെയ്യുകയും വില്‍ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. കാനോനികസമിതികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധികാരപ്പെടുത്തിയ പ്രൊക്കുറേറ്റര്‍ വഴിയാണ് വസ്തുക്കള്‍ വിറ്റത്.
അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആധാരങ്ങളില്‍ ഒപ്പിട്ടത്. വസ്തുവില്പനയില്‍ രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങള്‍ പാലിച്ചിട്ടുമുണ്ട്. എന്നാല്‍, വസ്തുക്കളുടെ വിലയായി നല്‍കേണ്ട മുഴുവന്‍ തുകയും അതിരൂപതയുടെ അക്കൗണ്ടില്‍ യഥാസമയം നിക്ഷേപിക്കുന്നതില്‍ സ്ഥലം വാങ്ങിച്ചവരും ഇടനിലക്കാരായി നിന്നവരും വീഴ്ചവരുത്തി. വസ്തുവില്പന സംബന്ധിച്ച സാന്പത്തിക ഇടപാടിലുണ്ടായ ശ്രദ്ധക്കുറവും വീഴ്ചയുമാണ് അതിരൂപതയ്ക്കു സാന്പത്തിക നഷ്ടം ഉണ്ടാക്കിയത്. അതിരൂപതയ്ക്കു ലഭിക്കേണ്ട മുഴുവന്‍ തുകയും ലഭ്യമാക്കുന്നതിനും സാമ്പത്തികനഷ്ടം പൂര്‍ണമായി പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
സഭാനിയമപ്രകാരം കാനോനികസമിതികളോട് ആലോചിക്കാതെയും അവരെ അറിയിക്കാതെയുമാണ് വസ്തുക്കള്‍ വിറ്റത് എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. അതിരൂപതയ്ക്കു സാന്പത്തികനഷ്ടമുണ്ടായെന്ന ആരോപണം ഭാഗികമായി ശരിയാണ്. ഭൂമിയുടെ മുഴുവന്‍ വിലയും അതിരൂപതയുടെ അക്കൗണ്ടില്‍ ധാരണപ്രകാരം യഥാസമയം നിക്ഷേപിക്കുന്നതില്‍ വസ്തു വാങ്ങിയവരില്‍ ചിലരും ഇടനിലക്കാരും വീഴ്ചവരുത്തിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഇത്തരം ആക്ഷേപങ്ങളും തര്‍ക്കങ്ങളും സഭയ്ക്കുള്ളില്‍തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കുന്നതാണ് ഉചിതം എന്നതുകൊണ്ട്, ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിച്ച് വസ്തുതകള്‍ മനസിലാക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും മേജര്‍ ആര്‍ച്ച് ബിഷപ് ഒരു അന്വേഷണസമിതിയെ നിയോഗിച്ചു. ആ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പരിഗണനയിലാണ്. മേജര്‍ ആര്‍ച്ച് ബിഷപ് പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെ, മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മറ്റും പ്രതി ചേര്‍ത്തു ചിലര്‍ പോലീസിലും മജിസ്‌ട്രേറ്റ് കോടതികളിലും ഹൈക്കോടതിയിലും പരാതികള്‍ നല്‍കി.
പോലീസിനു ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തുകയും വിഷയം സിവില്‍ തര്‍ക്കമാണെന്നും ക്രിമിനല്‍ കുറ്റങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും കണ്ട്, പരാതികളില്‍ നടപടി അവസാനിപ്പിക്കുകയും ചെയ്തു. ഇതേ കാരണം ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജൂഡീഷല്‍ മജിസ്‌ട്രേറ്റും ആ കോടതിയില്‍ നല്‍കിയ പരാതി തള്ളിക്കളഞ്ഞു. ഇതുപോലൊരു പരാതി ഹൈക്കോടതിയും തള്ളിക്കളഞ്ഞെങ്കിലും മറ്റൊരാള്‍ ഫയല്‍ ചെയ്ത ഒരു റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയും ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. വിധിയുടെ പൂര്‍ണരൂപം ലഭിച്ചിട്ടില്ല.
അഭിഭാഷകരില്‍നിന്നു ലഭിച്ച അറിവനുസരിച്ച്, ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴന്പുള്ളതുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും എന്നാല്‍ കോടതിയുടെ നിഗമനങ്ങളും പരാമര്‍ശങ്ങളും കേവലം പ്രഥമദൃഷ്ട്യാ മാത്രമാണെന്നും അവയൊന്നും പോലീസിന്റെ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും പോലീസിനു സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്താന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്.
അതിനര്‍ഥം ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നു ഹൈക്കോടതി ഒരു അവസാന തീര്‍പ്പ് പറഞ്ഞിട്ടില്ല എന്നതാണ്. ഒരു പോലീസ് അന്വേഷണം ആവശ്യമാണെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്വന്തമായ നിഗമനങ്ങളിലെത്താന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. വിധിന്യായത്തിന്റെ പൂര്‍ണരൂപം ലഭിച്ചതിനുശേഷം ആലോചിക്കേണ്ട വരോടൊക്കെ ആലോചിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കാനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉദ്ദേശിക്കുന്നത്.
|