Content | തിരുവനന്തപുരം: ജീവന്റെ അവകാശം ദൈവത്തിനാണെന്നും ദയാവധത്തിന് ഉപാധികളോടെ അനുമതി നല്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ വേദനാജനകമാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളോടെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു സ്വസ്ഥമായ ഒരു മരണം അനുവദിക്കുന്നതിനു പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതിവിധി ദൂരവ്യാപകമായ വിപത്തുകള്‍ക്ക് ഇടവരുത്തുമെന്നു കെസിബിസി പ്രസിഡന്റ് പറഞ്ഞു.
അന്തസോടെയുള്ള മരണം പൗരന്റെ ഭരണഘടനാവകാശമെന്നു പരാമര്‍ശിക്കുന്ന കോടതി ഉപാധികളോടെ മരണം അനുവദിക്കുന്നതു ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെയോ പേരില്‍ വധിക്കുന്നതു മനുഷ്യസ്‌നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. ഒരു വ്യക്തിയുടെ മരണതാത്പര്യം അനുസരിച്ച് ആ വ്യക്തിക്ക് ഉപാധികളോടെ മരണം ആകാമെന്നു പറയുന്ന കോടതി മരണപത്രമില്ലെങ്കില്‍ ബന്ധുക്കള്‍ക്കു കോടതിയെ സമീപിക്കാമെന്നു മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
|