Content | ചങ്ങനാശ്ശേരി/ ഷംഷാബാദ്: സഭയില്‍ ഐക്യവും സമാധാനവും സംജാതമാകുന്നതിനു ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചങ്ങനാശ്ശേരി, ഷംഷാബാദ് രൂപതകളുടെ ബിഷപ്പുമാര്‍. ഈ വരുന്ന വെള്ളിയാഴ്ച (16/03/2018) പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. നാല്‍പ്പതാം വെള്ളിയാഴ്ച സഭയുടെ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഷംഷാബാദ് രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ റാഫേല്‍ തട്ടിലും വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോ എന്ന് നല്ലവരായ സഭാമക്കള്‍ ഭയക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ഉള്ളില്‍ നിന്നും പുറത്തുനിന്നും സഭയ്ക്കു പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു.സ്നേഹവും ഐക്യവുമാണ് സഭയുടെ ശക്തിയും ബലവും.
അത് തകരുവാന്‍ നാമനുവദിക്കരുത്. സ്വന്തം ജനമാണ് ഈശോയെ തിരസ്കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. അതുപോലെയുള്ള സഹനത്തിന്‍റെ ദിവസങ്ങള്‍ തന്‍റെ അനുയായികള്‍ക്കും നേരിടേണ്ടി വരുമെന്ന് ഈശോ മുറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ പീഡാനുഭവവെള്ളിക്കുശേഷം ഒരു ഉയിര്‍പ്പു ഞായറാഴ്ച ഉണ്ടാകുമെന്നത് നിശ്ചയമാണ്. സ്വന്തം മക്കളില്‍നിന്നുള്ള പീഡനമാണ് സഭാമാതാവിനെ ഏറെ വേദനിപ്പിക്കുന്നത്. ആ ചരിത്രവും ആവര്‍ത്തിക്കപ്പെടും.
ഗദ്സെമനിയില്‍ രക്തം വിയര്‍ക്കുവോളം തീഷ്ണതയോടെ പ്രാര്‍ത്ഥിച്ച ഈശോയോടൊപ്പം, ഒരു വെള്ളിയാഴ്ച 12 മണിമുതല്‍ 3 മണി വരെ കുരിശില്‍ തറയ്ക്കപ്പെട്ട് വേദന സഹിച്ച് മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപത്തിന് പരിഹാരം ചെയ്ത് മരിച്ച ദൈവപുത്രനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. എല്ലാ അതിരൂപതാംഗങ്ങളും ഇടവകപ്പള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവര്‍ വീടുകളിലോ അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ചു ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചു രൂപീകരിച്ച ഷംഷാബാദ് രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ റാഫേല്‍ തട്ടില്‍, നാല്‍പ്പതാം വെള്ളിയാഴ്ച (23/03/2018) സഭയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നാണ് അജഗണത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ കരുണ സഭയില്‍ ഉണ്ടാകുന്നതിനും അങ്ങനെ സമാധാനവും ഐക്യവും സഭയില്‍ സംജാതമാകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മാര്‍ റാഫേല്‍ തട്ടില്‍ സര്‍ക്കുലറില്‍ കുറിച്ചു. ഈ സര്‍ക്കുലര്‍ വരുന്ന ഞായറാഴ്ച (18/03/2018) രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും വായിക്കും.
|