Content | വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ് പാപ്പ അവരോധിതനായതിനു ശേഷം അഞ്ചുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ മാര്‍പാപ്പ നടത്തിയ പ്രധാന പരിപാടികള്‍, സന്ദര്‍ശനങ്ങള്‍, രേഖകള്‍, യാത്രകള്‍ തുടങ്ങിയവയുടെ സംപ്ക്ഷിത രൂപം വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടു. ഇക്കഴിഞ്ഞ കാലയളവില്‍ 22-ഓളം അന്താരാഷ്ട്ര പര്യടനങ്ങളാണ് ഫ്രാന്‍സിസ് പാപ്പ നടത്തിയത്. 81 വയസ്സുള്ള പാപ്പ മൊത്തം 154,906 മൈലാണ് തന്റെ അജപാലന ദൗത്യങ്ങളുമായി ലോകമെമ്പാടും സഞ്ചരിച്ചത്. ഏതാണ്ട് 6 പ്രാവശ്യത്തോളം ലോകം ചുറ്റുവാനെടുക്കുന്ന ദൂരത്തോളമെന്നാണ് ഈ കണക്കിനെ വത്തിക്കാന്‍ പ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്.
15-ാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ പടയാളികള്‍ കൊലപ്പെടുത്തിയ 800 അല്‍മായര്‍ ഉള്‍പ്പെടെ 880 പേരെ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. 61 പേരെ കര്‍ദ്ദിനാളായി വാഴിക്കുകയും ചെയ്തു. തിരുസഭ, കുടുംബം, കാരുണ്യം, വിശുദ്ധ കുര്‍ബാന തുടങ്ങി നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രബോധനപരവും, വിചിന്തനപരവുമായ 219-ഓളം പൊതു പ്രഭാഷണം പാപ്പ നടത്തി. 286 പ്രാവശ്യമാണ് വത്തിക്കാന്‍ സന്ദര്‍ശകര്‍ക്കൊപ്പം ത്രികാലജപവും (Angelus), സ്വര്‍ല്ലോക രാജ്ഞിയായ മറിയത്തിന്റെ ‘റെജിനാ കൊയേലി’യും പാപ്പ ചൊല്ലിയത്. ‘ലൂമെന്‍ ഫിഡേ’, ‘ലൗദാത്തോ സി’ തുടങ്ങിയ ചാക്രിക ലേഖനങ്ങളും, ‘ഇവാഞ്ചലി ഗോഡിയം’, ‘അമോരിസ് ലെത്തീസ്യ’ തുടങ്ങിയ ശ്ലൈഹീക ലേഖനങ്ങളും ഉള്‍പ്പെടെ 41 പ്രധാനപ്പെട്ട രേഖകള്‍ ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
22 അന്താരാഷ്‌ട്ര അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍ക്ക് പുറമേ, ഇറ്റലിയില്‍ തന്നെ 18 അജപാലക സന്ദര്‍ശനങ്ങളും, റോം അതിരൂപതയുടെ മെത്രാനെന്ന നിലയില്‍ റോമിലെ വിവിധ ഇടവകകളിലായി 16 സന്ദര്‍ശനങ്ങളും നടത്തി. ഇതിനുപുറമേ, നഗരത്തിലെ സിനഗോഗ്, റോമിലെ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ആംഗ്ലിക്കന്‍ ചര്‍ച്ച്, സാന്താ സോഫിയായിലെ യുക്രൈന്‍ കത്തോലിക്കാ ബസലിക്ക ഉള്‍പ്പെടെ റോമിലെ ഒമ്പതോളം വിവിധ ദേവാലയങ്ങളിലെ പ്രത്യേക പരിപാടികളിലും പാപ്പ പങ്കെടുക്കുകയുണ്ടായി. കുടുംബത്തെ ആസ്പദമാക്കി രണ്ടെണ്ണവും, യുവജനങ്ങളെ കുറിച്ചുള്ള ഒരെണ്ണവും, അടുത്തവര്‍ഷം ആമസോണില്‍ നടക്കുവാനിരിക്കുന്നതും കൂട്ടി മെത്രാന്‍മാരുടെ 4 സിനഡുകളാണ് ഫ്രാന്‍സിസ് പാപ്പാ വിളിച്ചു ചേര്‍ത്തത്.
‘കരുണയുടെ വര്‍ഷം’, ‘സമര്‍പ്പിത ജീവിതം’ എന്നീ പേരുകളില്‍ 2 'പ്രത്യേക വര്‍ഷ' പ്രഖ്യാപനങ്ങളും ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്. 'പാവപ്പെട്ടവരുടെ ദിനം', 'കര്‍ത്താവിനായി 24 മണിക്കൂര്‍', 'സിറിയയിലേയും, തെക്കന്‍ സുഡാനിലേയും. കോംഗോയിലേയും സമാധാനത്തിനായി ഒരു ഉപവാസ ദിനം' തുടങ്ങിയവ ഉള്‍പ്പെടെ ഏഴോളം 'പ്രത്യേക ദിന' പ്രഖ്യാപനങ്ങളും മാര്‍പാപ്പ ഇക്കാലയളവില്‍ പ്രഖ്യാപിച്ചു. മൂന്നോളം ‘ലോക യുവജനദിനം’ പാപ്പ പ്രഖ്യാപിക്കുകയും രണ്ടെണ്ണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. 2013 മാർച്ചിൽ നടന്ന കോൺക്ലേവിലാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്. |