Content | വാഷിംഗ്ടൺ: സ്വജീവന്‍ പണയം വച്ച് ആഫ്രിക്കയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന ഇറ്റാലിയൻ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ എലേന ബെര്‍നിക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉന്നത അവാര്‍ഡ്. സ്വന്തം ജീവനേക്കാൾ സമാധാനം, നീതി, മനുഷ്യവകാശം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ധൈര്യപൂർവം പ്രവർത്തിക്കുന്ന വനിതകള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര ധീര വനിത അവാർഡാണ് സിസ്റ്റര്‍ മരിയ എലേനയ്ക്കു ലഭിച്ചിരിക്കുന്നത്. വാഷിംഗ്ടൺ ഡീൻ അക്കിസൺ ഓഡിറ്റോറിയത്തിൽ മാർച്ച് 23ന് നടന്ന ചടങ്ങിൽ സിസ്റ്റര്‍ മരിയക്കു അവാർഡ് സമ്മാനിച്ചു. ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കയില്‍ സിസ്റ്റര്‍ മരിയ ചെയ്ത ശുശ്രൂഷകള്‍ സ്തുത്യുർഹമായിരിന്നെന്ന് സര്‍ക്കാര്‍ വക്താവ് ഹീതർ നുയർട് പറഞ്ഞു.
1944-ല്‍ ഇറ്റലിയിലാണ് മരിയ എലേന ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം കുടുംബം പുലർത്താൻ അവര്‍ ഫാക്റ്ററിയിൽ ജോലി ചെയ്തിരിന്നു. പത്തൊൻപതാം വയസ്സിൽ സിസ്റ്റഴ്സ് ഓഫ് ചാരിറ്റി സഭയില്‍ അംഗമായി. പിന്നീട് ആഫ്രിക്കയിൽ സേവനമനുഷ്ഠിക്കാൻ സിസ്റ്റര്‍ മരിയ സന്നദ്ധത അറിയച്ചതിനെ തുടര്‍ന്നു 1972ൽ മദ്ധ്യാഫ്രിക്കയിലെ ചാടിലേക്ക് അധികാരികള്‍ അയയ്ക്കുകയായിരിന്നു. പ്രാദേശിക സാമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയായിരിന്നു ഇവരുടെ നിയോഗം.
ഭീഷണികള്‍ക്ക് നടുവിലും ആഫ്രിക്കൻ ജനതയെയും അവരുടെ സംസ്കാരത്തെയും സിസ്റ്റര്‍ മരിയ നെഞ്ചോട് ചേര്‍ത്തുവച്ചു. 2007ൽ അഭയാർത്ഥി പ്രശ്നം രൂക്ഷമായ ബൊകാരാഗയിലെ കത്തോലിക്ക മിഷ്ണറിയായി അവര്‍ പുതിയ ദൗത്യത്തിലേക്ക് പ്രവേശിച്ചു. ഇപ്പോഴും ആഭ്യന്തര യുദ്ധവും കലഹവും രൂക്ഷമായ ഈ പ്രദേശത്ത് തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് എഴുപ്പത്തിനാലുകാരിയായ ഈ കന്യാസ്ത്രീ. സമാധാനവും നീതിയും സ്ഥാപിതമാകാൻ സിസ്റ്റര്‍ മരിയയുടെ ത്യാഗം പ്രചോദനാത്മകമാണെന്നും ലോകം മികവുറ്റതാക്കാൻ അവാർഡ് ജേതാക്കൾ നടത്തിയ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതി കാലിസ്റ്റ ജിൻഗ്രിച്ച് പറഞ്ഞു.
സിസ്റ്റര്‍ ബെര്‍നിയെ കൂടതെ ഹോണ്ടുറാസിലെ ഫോറൻസിക് വിദഗ്ദ്ധ ഡോ. ജുലിസ വിലനുവ, റുവാണ്ടയിലെ സമാധാന സ്ഥാപകയായി അറിയപ്പെടുന്ന ഗോഡ്ലീവ് മുഖസാരസി, ഇസ്ലാമിക തീവ്രവാദികളിൽ നിന്നും ഇറാഖ് സൈന്യത്തെ സംരക്ഷിച്ച അലിയ ഖലേഫ് സലേഹ്, ഖസാഖിസ്ഥാനിലെ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന വനിതാ- ശിശു സംരക്ഷണ പ്രവർത്തക ഐമാൻ ഉമറോവ എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ധീരതയുടെ മാതൃകയായ ഓരോ അവാർഡ് ജേതാക്കളും ശക്തമായ ധൈര്യവും നേതൃത്വവും വഴി സമാധാനം, നീതി, മനുഷ്യവകാശം, സ്ത്രീ ശാക്തീകരണം എന്നിവയുടെ വക്താക്കളായിരുന്നുവെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് പറഞ്ഞു. പന്ത്രണ്ടാം തവണയാണ് അന്താരാഷ്ട്ര വനിത ധീരതാ അവാർഡ് അമേരിക്ക നല്‍കുന്നത്.
|