Content | ജറുസലേം: യേശുവിന്റെ മൃതശരീരം അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ ദിനത്തിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് തീര്‍ത്ഥാടകര്‍. ജറുസലേം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റാ പിസബല്ലായാണ് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. ഇക്കാലഘട്ടം മരണത്താല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന്‍ മധ്യപൂര്‍വ്വേഷ്യയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെകുറിച്ച് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ ഈസ്റ്റര്‍ ദിനത്തില്‍ മരണത്തിനും പോലും നശിപ്പിക്കുവാന്‍ കഴിയാത്ത ജീവന്റെ വാഗ്ദാനമാണ് പുതുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 1 കിഴക്കന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഓശാന തിരുനാള്‍ ആയതിനാല്‍ തീര്‍ത്ഥാടകരുടെ പലരുടേയും കൈകളില്‍ കുരുത്തോലയുണ്ടായിരുന്നു. കിഴക്കന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ജനുവരി 8-നാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ആയിരകണക്കിന് ക്രിസ്ത്യാനികളാണ് വിശുദ്ധ വാരത്തില്‍ ജെറുസലേം സന്ദര്‍ശിച്ചത്. യേശുവിന്റെ മൃതശരീരം അടക്കം ചെയ്യുന്നതിന് തൈലം പൂശുവാന്‍ കിടത്തിയ കല്‍പലകയുടെ മുന്നില്‍ നിരവധി പേര്‍ സാഷ്ടാംഗം പ്രണാമം നടത്തി. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം തീര്‍ത്ഥാടകരാണ് വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ ഇത്തവണ ഇസ്രായേലില്‍ എത്തിയത്.
|