Content | ബലൂചിസ്ഥാന്‍: പാക്കിസ്ഥാനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ക്രൈസ്തവ വിശ്വാസികള്‍ ദാരുണമായി കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ആണ് അക്രമം അരങ്ങേറിയത്. ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തിനു നേര്‍ക്ക് ബൈക്കിലെത്തിയ ഭീകരര്‍ നിറയൊഴിക്കുകായിരുന്നു. ലാഹോറിലെ കുടുംബം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്വറ്റയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു. മുന്‍കൂര്‍ തയാറാക്കിയ ആക്രമണമാണു നടന്നതെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തിനു പിന്നാലെ ക്വറ്റയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഒന്പതു പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹസാര ഷിയാകള്‍ പ്രകടനം നടത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമായി പാക്കിസ്ഥാന്‍ മാറിയിരിക്കുകയാണ്. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്.
|