Content | ജറുസലേം: ഇസ്രായേലില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ വിശ്വാസികള്‍ക്ക് പ്രത്യേക ഇടവകയുമായി ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണ സുഡാന്‍, എറിത്രിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഖ്യ രാജ്യത്തു വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അവരുടെ അജപാലനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് തീരുമാനം കൈക്കൊണ്ടത്. ഇത്തവണത്തെ പന്തക്കുസ്താ തിരുനാള്‍ ദിനമായ മെയ് 20ന് പുതിയ ഇടവക നിലവില്‍ വരും.
നിലവില്‍ സന്യസ്ത വൈദികരാണ് കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആയവര്‍ക്കായി അജപാലനാവശ്യങ്ങള്‍ നിറവേറ്റി കൊണ്ടിരിന്നത്. കൂടുതല്‍ ആസൂത്രിതമായ വിധത്തില്‍ അജപാലനസേവനം നല്കുന്നതിന് കുടിയേറ്റക്കാര്‍ക്കായുള്ള അജപാലന ഏകോപന കാര്യാലയം പിന്നീട് രൂപീകരിക്കുകയായിരിന്നു. ഇടവകതലത്തില്‍ അജപാലന സേവനം ലഭ്യമാക്കുവാനാണ് പുതിയ പദ്ധതിയിലൂടെ പാത്രിയാര്‍ക്കേറ്റ് ലക്ഷ്യമിടുന്നത്. ജറുസലേം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റാ പിസബല്ലായാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്. |