category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവാഹ ജീവിതം നയിക്കുവാന്‍ ആഗ്രഹിച്ച ഇവര്‍ ഇന്ന് പുരോഹിതനും കന്യാസ്ത്രീയും
Contentബ്യൂണസ് അയേഴ്സ്: “നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹന്നാന്‍ 15:16) എന്ന യേശുവിന്റെ വചനം അതിന്റെ ആഴത്തില്‍ അനുഭവിച്ചറിഞ്ഞവരാണ് ഫാ. ജാവിയര്‍ ഒലിവേരായും സിസ്റ്റര്‍ മേരി ഡെ ലാ സാഗെസ്സിയും. ഒരുകാലത്ത് വിവാഹത്തിന് വേണ്ട തയാറെടുപ്പുകള്‍ നടത്തുക, പിന്നീട് സന്യസ്ഥ ജീവിതം തിരഞ്ഞെടുക്കുക. ഏറെ അത്ഭുതം നിറഞ്ഞ ദൈവവിളിയുടെ കഥയാണ് ഈ സന്യസ്ഥര്‍ക്ക് ലോകത്തോട് പറയുവാനുള്ളത്. പ്രശസ്ത കത്തോലിക്ക മാധ്യമമായ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് ഭാഷാ വിഭാഗമായ ACI പ്രെസ്നാക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ഒലിവേരയും സിസ്റ്റര്‍ മേരിയും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ദൈവീക പദ്ധതിയെ കുറിച്ച് പങ്കുവെച്ചത്. ജാവിയര്‍ ഒലിവേരായും മേരി ഡെ ലായും കത്തോലിക്കാ കുടുംബങ്ങളിലാണ് ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതല്‍ക്കേ ഇരുവീടുകളും തമ്മില്‍ പരസ്പരം അറിയാമായിരുന്നു. എന്നാല്‍ വിശ്വാസത്തില്‍ നിന്നും ഏതാണ്ട് അകന്ന നിലയിലായിരുന്നു ജാവിയര്‍ ജീവിച്ചിരുന്നത്. ബ്യൂണസ് അയേഴ്സിലേയും, ലാ പ്ലാറ്റായിലേയും നാഷണല്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുമ്പോഴാണ്‌ ഇരുവരും കൂടുതല്‍ അടുത്തത്. തങ്ങള്‍ ഒരുമിച്ച് പുസ്തകങ്ങള്‍ വായിച്ചതും കോഫീ ഷോപ്പില്‍ പോയതും, അര്‍ജന്റീനയിലെ കത്തോലിക്കാ ഗ്രന്ഥകാരന്മാരുടെ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതും ഫാ. ഒലിവേരാ ഓര്‍ത്തെടുക്കുന്നു. "വിശ്വാസമില്ലാതിരിന്ന താന്‍ ക്രമേണ യേശുവിലേക്ക് അടുത്തു വരികയായിരിന്നു. ഞാന്‍ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. തങ്ങള്‍ ഒരുമിച്ച് ജപമാല ചൊല്ലുവാന്‍ വരെ ആരംഭിച്ചു. എല്ലാറ്റിനും മേരിയോടാണ് നന്ദി പറയേണ്ടത്". ഫാ. ഒലിവേരാ വിവരിച്ചു. സത്യത്തെ ആത്മാര്‍ത്ഥമായി അന്വേഷിച്ച ഒലിവേരാ എന്നാണ് തന്റെ സുഹൃത്തിനെ കുറിച്ച് സിസ്റ്റര്‍ മേരിക്ക് പറയുവാനുള്ളത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം തങ്ങള്‍ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാകുന്നത്. മേരിയുടെ മൂത്ത സഹോദരന്‍ സെമിനാരിയില്‍ പോകുവാന്‍ തീരുമാനിച്ചു. ദൈവഹിതം പോലെ സഹോദരനെ സെമിനാരിയില്‍ ആക്കുവാന്‍ പോയത് മേരിയും ജാവിയരും ഒരുമിച്ചായിരുന്നു. തിരികെ വരുമ്പോള്‍ സകലതും ഉപേക്ഷിച്ചു സെമിനാരിയില്‍ ചേര്‍ന്ന സഹോദരനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പതിയെ അവരുടെ സംസാരം സമര്‍പ്പിത ജീവിതത്തിനെ പറ്റി മാത്രമായി. തങ്ങളേയും സമര്‍പ്പിത ജീവിതത്തിനായി ദൈവം വിളിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ഇരുവരും പരസ്പരം ചോദിച്ചു. "എന്തുകൊണ്ട് തനിക്കും ഒരു പുരോഹിതനായി കൂടാ" എന്ന ചോദ്യം ഈ സമയം തന്റെ ഉള്ളില്‍ ഉദിച്ചതായി ഫാ. ഒലിവേര പറയുന്നു. തന്റെ ഭാവി വധുവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവളും അതേക്കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരുന്നതെന്നായിരുന്നു മറുപടി. ഏതാണ്ട് രണ്ടുവര്‍ഷത്തെ ആലോചനകള്‍ക്ക് ശേഷമായിരുന്നു തങ്ങള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തതെന്ന് സിസ്റ്റര്‍ മേരി വെളിപ്പെടുത്തി. സെമിനാരി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം 2008-ല്‍ 31-മത്തെ വയസ്സില്‍ ജാവിയര്‍ സാന്‍ റാഫേല്‍ രൂപതയിലെ പുരോഹിതനായി പട്ടം സ്വീകരിച്ചു. മേരിയാകട്ടെ സിസ്റ്റേഴ്സ് ഓഫ് മെഴ്സിഫുള്‍ ജീസസ് സന്യാസിനി സഭയില്‍ നിന്നും നിത്യവ്രതം സ്വീകരിച്ച് ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചു. ഇന്ന് ഫാ. ഒലിവേര യൂണിവേഴ്സിറ്റി പ്രൊഫസ്സറാണ്. ദൈവവിളിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഫ്രെജുസ് ടൂലോന്‍ രൂപതയില്‍ പ്രേഷിത പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് സിസ്റ്റര്‍ മേരി. പരസ്പരം വിവാഹം കഴിക്കാനിരുന്ന അവര്‍ ഇന്ന് ദൈവരാജ്യത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ ശുശ്രൂഷ ചെയ്യുകയാണ്. ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-13 16:43:00
Keywordsവൈദികനാ
Created Date2018-04-13 16:48:39