category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DayFriday
Headingമരണാനന്തര ജീവിതം, ഭാഗം 1 : എന്താണ് തനതുവിധി?
Contentനമ്മുടെ ജീവിതത്തില്‍ നാം ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത കടയിലേക്ക് നടത്തുന്ന യാത്രയാവട്ടെ, ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാവട്ടെ, നമ്മുടെ ഓരോ യാത്രകൾക്കും നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ലക്‌ഷ്യം അറിഞ്ഞു കൂടാതെയുള്ള യാത്ര, അതില്‍ തന്നെ അര്‍ത്ഥശൂന്യമാണ്. ലക്ഷ്യം മാറുന്നതനുസരിച് നമ്മുടെ യാത്രയുടെ സ്വഭാവവും മാറുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിത യാത്രയും. നാം എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്? നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യമെന്താണ്‌? ചരിത്രത്തിലുടനീളം മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യന് നന്മയുടെ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ധാരാളം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഈ ഭൂമിയിലുണ്ട്. അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രലോകവും ഒരു ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. ആ ചോദ്യമാണ് 'മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാൻ ആർക്കും സാധിക്കുന്നില്ല. ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതം എന്തിനെ ലക്ഷ്യം വച്ചുള്ളതാണ്. അല്ലെങ്കില്‍ മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാതെ വരുന്ന മനുഷ്യന്‍, അവന്‍റെ ജീവിതം ഈ ഭൂമിയില്‍ വച്ചുതന്നെ സുഖിച്ചു തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ടാണ് ഈ ആധുനിക ലോകത്ത് മനുഷ്യന്‍ പണത്തിനും പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പരക്കം പായുന്നത്, അതിനുവേണ്ടി മത്സരിക്കുന്നത്, അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനോ വേണ്ടിവന്നാല്‍ കൊല ചെയ്യാന്‍ പോലുമോ മടി കാണിക്കാത്തത്. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു. ഓരോ മനുഷ്യന്‍റെയും ഈ ഭൂമിയിലെ ജീവിതത്തിന്‍റെ ലക്ഷ്യം സ്വര്‍ഗ്ഗ രാജ്യമാണ് എന്ന് ബൈബിൾ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ നിരവധി ക്രിസ്ത്യാനികള്‍ പോലും ഈ വലിയ സത്യം മനസ്സിലാക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രാര്‍ത്ഥനകളും മറ്റ് ആത്മീയ പ്രവര്‍ത്തികളും ഈ ലോക ജീവിതത്തിന്‍റെ സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ ഇപ്പോള്‍ അനുഭവിക്കുന്ന സുഖങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനോ വേണ്ടി മാത്രമായി ചുരുങ്ങുന്നു. നാം എന്തിനുവേണ്ടിയാണ്‌ ക്രിസ്തുവില്‍ വിശ്വസിക്കുന്നത്? നമ്മുടെ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ സമ്പല്‍സമൃദ്ധമാകുവാന്‍ വേണ്ടി മാത്രമാണോ? എങ്കില്‍ നമുക്കു തെറ്റു പറ്റിയിരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്. "ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കൊറി 15:19). പിന്നെ എന്തിനുവേണ്ടിയാണ് നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കേണ്ടത്? എന്താണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം? മരണശേഷം നമ്മുടെ ആത്മാവിന് എന്തു സംഭവിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ബൈബിളിനു മാത്രമേ സാധിക്കൂ. മരണാനന്തര ജീവിതത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ കത്തോലിക്കാ സഭ വളരെ വ്യക്തമായ പ്രബോധനങ്ങള്‍ നല്‍കുന്നുണ്ട്. മരണശേഷം ഒരു മനുഷ്യന്‍റെ ആത്മാവ് കടന്നുപോകുന്ന അവസ്ഥകള്‍ ഇപ്രകാരമാണെന്ന് സഭ പഠിപ്പിക്കുന്നു. 1. തനതുവിധി 2. സ്വര്‍ഗ്ഗം 3. ശുദ്ധീകരണസ്ഥലം 4. നരകം 5. ശരീരത്തിന്റെ ഉയിർപ്പ് 6. അന്ത്യവിധി 7. പുതിയ ആകാശവും പുതിയ ഭൂമിയും #{red->n->n->എന്താണ് തനതുവിധി?}# 'തനതുവിധി' എന്നത്, ഒരു മനുഷ്യന്‍ മരിക്കുന്ന നിമിഷം തന്നെ സംഭവിക്കുന്നതാണ്. ഇത് അന്ത്യവിധിയില്‍ നിന്നും വ്യത്യസ്ഥമാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് ഉടനെതന്നെ സ്വീകരിക്കുന്ന അവസ്ഥയാണ് തനതുവിധി. ജീവിതകാലത്തെ അവന്‍റെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചു ലഭിക്കുന്ന പ്രതിഫലമാണിത്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ നാം ഇപ്രകാരം കാണുന്നു. "ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രഹാത്തിന്‍റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു" (ലൂക്കാ 16: 22-23). ഇവിടെ ഒരു കാര്യം യേശു വ്യക്തമായി പഠിപ്പിക്കുന്നു. ലാസറിന്‍റെയും ധനികന്‍റെയും തനതുവിധി, അവരുടെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചുള്ള പ്രതിഫലം മരണം കഴിഞ്ഞ് ഉടനെതന്നെ സംഭവിക്കുന്നു. "മനുഷ്യനെ അവന്‍റെ മരണത്തില്‍ ദൈവം തന്നിലേക്കു വിളിക്കുന്നു" (CCC 1011). അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ, തനതുവിധിയെ മുന്നില്‍ കണ്ടുകൊണ്ട് "എന്‍റെ ആഗ്രഹം മരിച്ച് ക്രിസ്തുവിനോടു കൂടെ ആയിരിക്കാനാണ്‌" (ഫിലിപ്പ് 1:23) എന്നു വെളിപ്പെടുത്തുന്നത് . വീണ്ടും യേശു കുരിശില്‍ കിടന്നുകൊണ്ട് നല്ല കള്ളന് നല്‍കിയ വാഗ്ദാനം തനതുവിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നു. "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ആയിരിക്കും" (ലൂക്കാ 23:43). ഇവിടെ യേശു നല്ല കള്ളനോട് 'അന്ത്യവിധി ദിവസം പറുദീസായിലേക്ക് കൂട്ടിക്കൊണ്ടുപോകും' എന്നല്ല പറയുന്നത് "ഇന്ന് നീ എന്നോടു കൂടെ പറുദീസായില്‍ ആയിരിക്കും" എന്നാണ്. #{red->n->n->സഭയുടെ പ്രബോധനം}# പരിശുദ്ധാത്മാവ്, തനതുവിധിയെക്കുറിച്ച് കത്തോലിക്കാ സഭയിലൂടെ നല്‍കുന്ന പ്രബോധനം ഇപ്രകാരമാണ്. "ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യം കുറിക്കുന്നു. ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെ‍തന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്ന് പുതിയ നിയമം പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്ന് നല്ല കള്ളനോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയ നിയമത്തിലെ മറ്റുപല ഭാഗങ്ങളും ആത്മാവിന്‍റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭാഗധേയത്തെപ്പറ്റി - പറയുന്നുണ്ട്. ജീവിതസായാഹ്നത്തില്‍ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീ പരിശോധിക്കപ്പെടും. ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022). ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. #{red->n->n->വിശുദ്ധരുടെ ജീവിതത്തിലൂടെ}# അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം പറയുന്നു "എന്നിൽ സജീവ ജലമുണ്ട്; എന്‍റെ ഉള്ളില്‍ നിമന്ത്രിക്കുകയും പിതാവിന്‍റെ അടുക്കലേക്കു വരിക എന്നു മൊഴിയുകയും ചെയ്യുന്ന ജലം." തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു". വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യ പ്പെടുത്തുന്നു- " ഇതാ സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59). മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്." മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012). യേശുക്രിസ്തുവിൽ വിശ്വസിക്കുകയും എന്നാൽ പൂര്‍ണ്ണമായി വിശുദ്ധി പ്രാപിക്കുകയും ചെയ്യാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ "ശുദ്ധീകരണസ്ഥലം" എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. സ്വര്‍ഗ്ഗീയ ആനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതുവരെ അവര്‍ ഈ അവസ്ഥയില്‍ കഴിയുന്നു. ഈ ആത്മാക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചിരിക്കുന്നവരായ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗപ്രവൃത്തികളും ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും ദൈവത്തില്‍ വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിച്ച്‌ മാരകമായ പാപത്തിന്റെ അവസ്ഥയിൽ മരിക്കുന്ന ആത്മാക്കള്‍ മരണം കഴിഞ്ഞ് ഉടനെതന്നെ നരകത്തിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന "ശമിക്കാത്ത അഗ്നിയുടെ" സ്ഥാനമായ "ഗേഹന്ന" യെപ്പറ്റി യേശു കൂടെക്കൂടെ പറയുന്നുണ്ട് എന്ന വലിയ സത്യം നാം അറിഞ്ഞിരിക്കണം. അതുകൊണ്ട് ഈ ലോക ജീവിതത്തെ നാം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നിത്യതയുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്രയോ ചെറുതാണ്. എന്നാല്‍ ഈ ചെറിയ ജീവിതത്തില്‍ നാം എന്ത് വിശ്വസിക്കുന്നു. എന്ത് പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ മരണനിമിഷത്തെ ഭാഗധേയം നിശ്ചയിക്കുന്നത്. #{red->n->n->മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കുക}# ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട ഏകനാമമായ യേശുക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കാനും തിരസ്ക്കരിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിനുവേണ്ടി അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തിന് മരണം അന്ത്യം കുറിക്കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുക്കാം. അതിനായി നമുക്ക് ചിന്തിക്കാം. ഇന്നു നാം മരിച്ചാല്‍ നമ്മുടെ ആത്മാവിന്‍റെ തനതുവിധി എന്തായിരിക്കും? സ്വര്‍ഗ്ഗമോ, ശുദ്ധീകരണസ്ഥലമോ അതോ ശരീരവും ആത്മാവും നഷ്ടപ്പെടുന്ന നരകമോ? "മരണം മനുഷ്യന്‍റെ ഭൗമിക തീര്‍ത്ഥാടനത്തിന്‍റെ അവസാനമാണ്. ദൈവികപദ്ധതിക്കനുസരണമായി തന്‍റെ ഭൗമിക ജീവിതം നയിക്കാനും, തന്‍റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്‍കുന്ന കൃപാവരത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമയത്തിന്‍റെയും അന്ത്യമാണ് മരണം. 'ഭൗമിക ജീവിതത്തിന്‍റെ ഒരേയൊരു യാത്ര' പൂര്‍ത്തിയായിക്കഴിയുമ്പോള്‍ നാം മറ്റു ഭൗമിക ജീവിതങ്ങളിലേക്കു തിരിക്കുന്നില്ല. മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മരണത്തിനു ശേഷം പുനര്‍ജന്മമില്ല" (CCC 1013) എന്ന് സഭ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. "നമ്മുടെ മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാന്‍ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായില്‍ സഭ, "പെട്ടെന്നുള്ളതും മുന്‍കൂട്ടി കാണാത്തതുമായ മരണത്തില്‍ നിന്ന്‍, കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാര്‍ത്ഥിക്കുന്നു. നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയിൽ "ഞങ്ങളുടെ മരണസമയത്തു" ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്ന്‍ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗഭാഗ്യപൂര്‍ണ്ണമായ മരണത്തിന്‍റെ മധ്യസ്ഥനായ വി.യൌസേപ്പിനു നമ്മെത്തന്നെ ഭരമേല്പ്പിക്കാനും സഭ ആവശ്യപ്പെടുന്നു" (CCC 1014). #{blue->n->n->തുടരും...}# 1. എന്താണ് സ്വര്‍ഗ്ഗം? 2. എന്താണ് ശുദ്ധീകരണസ്ഥലം? 3. എന്താണ് നരകം? 4. എന്താണ് അന്ത്യവിധി? 5. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്? 6. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും? <Originally Published On 01/02/17>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2019-11-05 18:34:00
Keywordsമരണാനന്ത, സ്വര്‍ഗ്ഗ
Created Date2016-02-10 09:11:02