Content | ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുസ്ളിം യുവാവിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ യുവതിയ്ക്കു ദാരുണാന്ത്യം. പഞ്ചാബ് പ്രവിശ്യയിലെ സിയൽകോട്ട് സ്വദേശിയായ അസ്മ യാക്കൂബ് എന്ന യുവതി ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഇരുപത്തിയഞ്ചുകാരിയായ അസ്മ യാക്കൂബ്, റിസ്വാൻ ഗുജ്ജർ എന്ന യുവാവിന്റെ ആസിഡ് ആക്രമണത്തെ തുടർന്ന് തൊണ്ണൂറ് ശതമാനം പൊള്ളലുമായാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ പതിനേഴിനാണ് സംഭവം നടന്നത്.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു അസ്മയുടെ നേരെ റിസ്വാൻ ആസിഡ് ഒഴിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ അപലപിച്ചു ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും എഴുനൂറോളം ക്രൈസ്തവ പെൺകുട്ടികൾ മാനഭംഗത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. |