Content | തിരുവല്ല: മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ 101ാമത് ജന്മദിനാഘോഷവും സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പൗരോഹിത്യ വജ്രജൂബിലിയും തിരുവല്ലയില്‍ നടന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന ഉപരാഷ്ട്രപതി അനുകരണീയമായ മാതൃകയുള്ള വ്യക്തിത്വങ്ങള്‍ സമൂഹത്തിനു പ്രചോദനമാണെന്ന് പറഞ്ഞു.
മാനവസേവ, മാധവസേവ എന്ന തത്വത്തില്‍ ഊന്നി സഭ നടത്തിയിട്ടുള്ള സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. സഭ ഏതായാലും എല്ലാറ്റിന്റെയും സന്ദേശവും ലക്ഷ്യവും ഒന്നുതന്നെയാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസപുരോഗതിയിലും സഭകള്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ചടങ്ങില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അല്മായ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ് സഭയുടെ ഉപഹാരം ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.
|