Content | ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം രണ്ടു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നത സമിതിയില്‍ ക്രൈസ്തവ വിഭാഗത്തിന്റെ ഏക പ്രതിനിധിയായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാര്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 115 അംഗങ്ങളാണ് ദേശീയ സമിതിയില്‍ ഉള്ളത്.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും കര്‍ദിനാളിനും പുറമേ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ പ്രഫ. എന്‍ രാധാകൃഷ്ണനും ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് സ്വദേശി ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ എന്നിവരും അംഗങ്ങളാണ്. മഹാത്മജി വിഭാവനം ചെയ്തതു പോലെ പരിസ്ഥിതിക്ക് അനുയോജ്യമായ പുതിയൊരു ഇന്ത്യന്‍ വികസന മാതൃക ലോകരാഷ്ട്രങ്ങള്‍ക്കു നല്‍കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉന്നതസമിതിയുടെ പ്രഥമ യോഗത്തില്‍ പറഞ്ഞു.
വികസിത രാജ്യങ്ങളുടെ നിബന്ധനകള്‍ക്കു മാത്രം വിധേയമാകാതെ ഇന്ത്യയുടെ സ്വന്തം സാമ്പത്തിക, കാര്‍ഷിക, പാരിസ്ഥിതിക, വ്യവസായിക, മാധ്യമ നയങ്ങള്‍ രൂപപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യ നേടിക്കൊണ്ടിരിക്കുന്ന വന്‍തോതിലുള്ള വികസനവും സാമ്പത്തിക വളര്‍ച്ചയുടെയും ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് കൂടി ഫലപ്രദമായി എത്തിക്കുന്നതിനുള്ള വലുതും ചെറുതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം. ഗ്രാമങ്ങളിലാണ് യഥാര്‍ഥ ഇന്ത്യ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്. വിദേശത്തെ ഇന്ത്യന്‍ എംബസികളിലൂടെ ഗാന്ധി ജന്മദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. |