category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവാഹമെന്ന കൂദാശയും സഭയുടെ നിയമങ്ങളും
Contentവിവാഹവും അതിനോടനുബന്ധിച്ചുള്ള മറ്റ് ആഘോഷങ്ങളും ഓരോ കുടുംബത്തിനും വളരെ പ്രധാനപ്പെട്ട സന്തോഷവേളകളാണ്. കുടുംബത്തിലെ ഒരംഗം വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്‍റെ സന്തോഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍ക്കാരും ചേര്‍ന്ന് പങ്കുവെയ്ക്കുന്നത് ശ്ലാഘനീയമായ കാര്യമാണ്. എന്നാല്‍ വിവാഹം ബാഹ്യമായ ആഘോഷങ്ങളുടെ മാത്രം അവസരമല്ല. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കൂദാശയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും ദൈവസന്നിധിയില്‍ വച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം ഏര്‍പ്പെടുന്ന ഉടമ്പടിയാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹത്തിന്‍റെ ആത്മീയതലത്തിന് ബാഹ്യാഘോഷങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. സുദൃഢമായ വിവാഹങ്ങള്‍ ഉണ്ടാകണം എന്ന വ്യഗ്രതയുള്ളതുകൊണ്ടാണ് സഭയും രാഷ്ട്രവും വിവാഹത്തിന്‍റെ സാധ്യതയ്ക്കും പരിരക്ഷയ്ക്കുമായി വിവിധ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. വിവാഹബന്ധങ്ങള്‍ വളരെ പെട്ടെന്ന് തകര്‍ന്നുപോകുന്ന ഇക്കാലത്ത്, ഈ നിയമങ്ങള്‍ ശ്രദ്ധയോടെ പാലിക്കുന്നത് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ വധൂവരന്മാരെ സഹായിക്കും. തിരക്കുപിടിച്ചുനടത്തുന്ന വിവാഹങ്ങളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ട്. വധൂവരന്മാരുടെ ജോലിയും അവധി കിട്ടാനുള്ള ബുദ്ധിമുട്ടുകളുംമൂലം എല്ലാ നിയമങ്ങളും പാലിച്ച് വിവാഹം നടത്തുന്നതിന് പലപ്പോഴും സാധിക്കാതെ വരാറുണ്ട്. അത് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ടുതന്നെ ഇത്തരം ആളുകളുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് നിയമങ്ങളില്‍ ഇളവുനല്‍കാനുള്ള സാധ്യത സഭ നല്‍കുന്നുണ്ട്. മനസമ്മതവും വിവാഹപരസ്യവുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ ലഘൂകരിക്കണമെന്നും വ്യക്തത വരുത്തണമെന്നുമുള്ള ആവശ്യം നിരവധിയാളുകള്‍ ഉന്നയിച്ചതിന്‍റെ വെളിച്ചത്തില്‍ തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും കൂരിയ അംഗങ്ങളും കൂടിയാലോചിച്ച് വിവാഹനിയമങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന ചില വിശദീകരണങ്ങള്‍ നല്‍കുകയാണ്. 1. മനസമ്മതം നടത്തിയശേഷം മൂന്ന് ഞായറാഴ്ചകളിലോ കടമുള്ള ദിവസങ്ങളിലോ വിവാഹപരസ്യം നടത്തിയതിനുശേഷമാണ് സാധാരണയായി വിവാഹം നടത്തേണ്ടത്. അതുകൊണ്ട് മനസ്സമ്മതത്തിന്‍റെയും വിവാഹത്തിന്‍റെയും തീയതികള്‍ നിശ്ചയിക്കുമ്പോള്‍ രണ്ട് ചടങ്ങുകള്‍ക്കുമിടയില്‍ മൂന്ന് ഞായറാഴ്ചകളെങ്കിലും ഉണ്ട് എന്ന് ഉറപ്പുവരുത്തണം. 2. എന്നാല്‍ ഈ നിയമം കൃത്യമായി പാലിക്കാന്‍ വധൂവരന്മാര്‍ക്ക് ഗൗരവതരമായ അസൗകര്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇളവിനായി അപേക്ഷിക്കാവുന്നതാണ്. രണ്ടുതരത്തിലുള്ള ഇളവുകളാണ് ലഭിക്കാവുന്നത്. ഒന്നാമത്തേത് വിവാഹപരസ്യങ്ങളുടെ എണ്ണം കുറയ്ക്കലാണ്. തക്കതും ന്യായവുമായ കാരണമുള്ളപ്പോള്‍ വിവാഹപരസ്യം ഒരു പ്രാവശ്യം കുറയ്ക്കുന്നതിന് ഇടവക വികാരിയ്ക്കും രണ്ടുവിളിച്ചുചൊല്ലല്‍ കുറയ്ക്കുന്നതിന് ഫൊറോന വികാരിയ്ക്കും സാധിക്കും. ഫൊറോന വികാരിയില്‍നിന്നും അനുവാദം വാങ്ങി ഒന്നുമാത്രം വിളിച്ചുചൊല്ലി വിവാഹം നടത്തുമ്പോള്‍ മനസ്സമ്മതത്തിനും വിവാഹത്തിനുമിടയില്‍ 5 ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള അനുവാദത്തിനായി രേഖാമൂലം ബഹു. വികാരിക്കോ ഫൊറോന വികാരിക്കോ അപേക്ഷ നല്‍കണം. ഇവര്‍ ഈ അധികാരത്തെ വിവേചനപൂര്‍വ്വം ഉപയോഗിക്കണം. ലാഘവത്തോടെ എല്ലാ അപേക്ഷകളിലും അനുവാദം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ടാമതായി ലഭിക്കാവുന്ന ഇളവ് മനസ്സമ്മതത്തിനുമുമ്പ് വിവാഹപരസ്യം ആരംഭിക്കാനുള്ള അനുവാദമാണ്. വധൂവരന്മാര്‍ക്ക് വിവാഹത്തിന് മുന്നു ഞായറാഴ്ചകള്‍ക്ക് മുമ്പ് മനസ്സമ്മതത്തിനായി ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ഇടവകയില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ വധൂവരന്മാര്‍, അവരുടെ മാതാപിതാക്കന്മാര്‍, വികാരിയച്ചന്‍ എന്നിവര്‍ ഒപ്പിട്ട അപേക്ഷ നല്‍കി ഫൊറോന വികാരിയില്‍ നിന്നും മനസ്സമ്മതത്തിനു മുമ്പ് വിളിച്ചു ചൊല്ലാനുള്ള അനുവാദം വാങ്ങാവുന്നതാണ്. മുന്‍കൂട്ടി മൂന്ന് വിളിച്ചുചൊല്ലുന്ന അവസരത്തില്‍ മനസ്സമ്മതത്തിനും വിവാഹത്തിനും ഇടയില്‍ അഞ്ച് ദിവസത്തെ ഇടവേള വേണം എന്ന് നമ്മുടെ അതിരൂപതയില്‍ നിലനിന്നിരുന്ന നിബന്ധന ഒഴിവാക്കുന്നു. എന്നാല്‍ ഈ അനുവാദം മൂന്നു പ്രാവശ്യം വിളിച്ചുചൊല്ലാനുള്ള സാഹചര്യം ഉള്ളപ്പോള്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന് ഓര്‍മ്മിക്കണം. 3. മനസ്സമ്മതത്തിന്‍റെയും വിവാഹത്തിന്‍റെയും തീയതികള്‍ നിശ്ചയിക്കുന്നതിനുമുമ്പ് വികാരിയച്ചനുമായി കൂടി ആലോചന നടത്തേണ്ടതാണ്. പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള ഒഴിവുകള്‍ ആവശ്യമുള്ള പക്ഷം അനുവാദം ലഭിച്ചശേഷം മാത്രമേ തീയതികള്‍ നിശ്ചയിക്കാന്‍ പാടുള്ളൂ. 4. മനസ്സമ്മതം രണ്ട് കുടുംബങ്ങളിലെയും ഏറ്റവുമടുത്ത ആളുകള്‍ മാത്രം സംബന്ധിക്കുന്ന സ്വകാര്യമായ ഒരു ചടങ്ങായി നടത്തുന്നതാണ് നല്ലത്. മനസ്സമ്മതത്തിന്‍റെ ദിവസം വിവാഹിതരാകാന്‍ പോകുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പരസ്പരം കാണാനും സംസാരിക്കാനും മനസിലാക്കാനുമുള്ള അവസരമുണ്ടാകണം. ഓഡിറ്റോറിയത്തില്‍ വച്ച് വളരെയധികം ആളുകളെ വിളിച്ച് സദ്യകൊടുക്കുമ്പോള്‍ ഈ ലക്ഷ്യം നിറവേറാതെ വരും. അതുകൊണ്ട് വധുവിന്‍റെ ഗൃഹത്തില്‍ വച്ച് അന്നത്തെ സദ്യ നടത്തുന്നതാണ് നല്ലത്. മനസമ്മതത്തിനും വിവാഹത്തിനുമിടയിലുള്ള കാലയളവ് കൂടുതല്‍ അന്വേഷണത്തിനും മനസിലാക്കലിനുമുള്ള അവസരമാണ്. വധുവിന്‍റെ വീട്ടിലെ ആഘോഷം ഒത്തുകല്യാണത്തിനുപകരം വിവാഹത്തലേന്നോ പിറ്റേന്നോ നടത്തുന്നതാണ് കൂടുതല്‍ അഭികാമ്യം. മനസ്സമ്മതത്തോടൊപ്പം വി. കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് സഭയില്‍ ഇല്ല എന്നും ഓര്‍മ്മപ്പെടുത്തട്ടെ. 5. ശനിയാഴ്ചകളില്‍ വിവാഹം നടത്തുന്നവര്‍ തലേദിവസത്തെ ആഘോഷങ്ങളില്‍ വെള്ളിയാഴ്ചത്തെ മാംസവര്‍ജ്ജനം ലംഘിക്കാന്‍ പാടില്ല. 6. ദൈവാലയത്തില്‍ വിവാഹകര്‍മ്മങ്ങളുടെ ആദ്യാവസാനം പങ്കെടുത്ത് വധൂവരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് ആശംസകളര്‍പ്പിക്കുകയും ചെയ്യുക എന്നത് ക്ഷണിക്കപ്പെടുന്ന അതിഥികളുടെ ഉത്തരവാദിത്വമാണ്. തിരക്കുപിടിച്ച് സദ്യകഴിച്ച് കടന്നുപോകുന്നരീതി ശരിയാണോ എന്ന് നാം പരിശോധിക്കണം. 7. ദൈവാലയത്തിന്‍റെ വിശുദ്ധി, അച്ചടക്കം, ഭക്തി എന്നിവയ്ക്കു ചേരാത്ത വസ്ത്രധാരണരീതി, ഫ്ളവര്‍ ഗേള്‍സ് തുടങ്ങിയവ ഒഴിവാക്കണം. വീഡിയോ, ഫോട്ടോഗ്രാഫര്‍മാരുടെയും വസ്ത്രധാരണവും പെരുമാററവും ദൈവാലയത്തിലെ ഭക്താന്തരീക്ഷത്തിന് ചേര്‍ന്നതായിരിക്കണം. അവര്‍ ഏതെങ്കിലും ഒരു ഭാഗത്ത് ഒതുങ്ങി നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തടസ്സമോ അലോരസമോ സൃഷ്ടിക്കാതെ ശാന്തമായി ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതാണ്. 8. വിവാഹവേളയില്‍ ഗായകര്‍ സമൂഹത്തിനും ചേര്‍ന്നുപാടാവുന്ന ഗാനങ്ങള്‍ ആലപിക്കുകയും സമൂഹത്തെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്ത്വമെന്ന് ഓര്‍മ്മിക്കുകയും ചെയ്യണം. വിവാഹാഘോഷങ്ങള്‍ അതിനുശേഷമുള്ള ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതത്തിന് സന്തോഷവും നല്ല ഓര്‍മ്മകളും പ്രദാനം ചെയ്യുന്നതാകണം. ആഢംബരവും ധൂര്‍ത്തും പരമാവധി ഒഴിവാക്കാം. കടംവാങ്ങിയും വലിയസദ്യകള്‍ നടത്തേണ്ട ആവശ്യമുണ്ടോ എന്ന് ആത്മശോധന ചെയ്യാം. വിവാഹാഘോഷങ്ങളില്‍ നിന്ന് മദ്യത്തെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. എല്ലാ ബാഹ്യമായ ആഘോഷങ്ങള്‍ക്കും ഉപരിയായി ദൈവാലത്തില്‍ നടക്കുന്ന കൗദാശിക ആഘോഷമാണ് പ്രധാനപ്പെട്ടതെന്നും അതിനായി ആത്മീയ ഒരുക്കത്തോടെ വിവാഹവേദിയിലണയണമെന്നും വധൂവരന്മാരെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. നസ്രസ്സിലെ തിരുക്കുടുംബത്തിന്‍റെ മാതൃകയില്‍ സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാന്‍ എല്ലാ ദമ്പതിമാര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഉത്തമദമ്പതിമാരായ വി. യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും നിങ്ങള്‍ക്ക് തുണയും മദ്ധ്യസ്ഥരും ആയിരിക്കട്ടെ. (മാനന്തവാടി രൂപതാ കാര്യാലയത്തില്‍നിന്ന് 2018 ഏപ്രില്‍ മാസം 20-ന് നല്‍കപ്പെട്ടത്)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-05-03 13:25:00
Keywordsവിവാഹ
Created Date2018-05-03 13:24:47