Content | മനില: മെക്സിക്കോയില്‍ നിന്ന്‍ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചിത്രം എത്തിച്ചതിന്റെ നാല് നൂറ്റാണ്ട് ഭക്ത്യാദരപൂര്‍വ്വം അനുസ്മരിച്ച് ഫിലിപ്പീന്‍സ് ജനത. തലസ്ഥാനമായ മനിലയിൽ കഴിഞ്ഞ ദിവസം നടന്ന വിശുദ്ധ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പ്രാർത്ഥന ശുശ്രൂഷയിലും ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ക്വിറിനോ ഗ്രാന്റ് സ്റ്റാന്റിൽ നിന്നും രാവിലെ എട്ട് മണിയോടെ ആരംഭിച്ച റാലി പതിനൊന്ന് മണി വരെ നീണ്ടു.
പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്തിന് നന്ദി അര്‍പ്പിച്ച് നടന്ന വിശുദ്ധ ദിവ്യബലിയർപ്പണത്തിന് മനില ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ലൂയിസ് അന്റോണിയോ കാർമ്മികത്വം വഹിച്ചു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഫിലിപ്പീൻസിനെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനും അവസരം ഉപയോഗിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു. 1618-ൽ അഗസ്റ്റീനിയന്‍ സന്യസ്ഥരാണ് മെക്സിക്കോയിൽ നിന്നും ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചിത്രം ഫിലിപ്പീന്‍സിലേക്ക് കൊണ്ട് വന്നത്. |