Content | വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ഇസ്ലാം മതസ്ഥര്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്ന് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. സമിതിയുടെ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ റംസാന്‍ ആചരണത്തിന്‍റെയും, ഈദ് ഉള്‍ ഫിത്തറിന്‍റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശം നല്‍കി. റമദാന്‍ ആചരണത്തിലൂടെ ലഭിക്കുന്ന കൃപകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെ, കരുണാസമ്പൂര്‍ണനായ ദൈവത്തോട് നന്ദി പറയുന്നതില്‍ എല്ലാവരോടൊപ്പം പങ്കുചേരുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.
ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ സുപ്രധാന വശം സൂചിപ്പിക്കുന്നത് മത്സരത്തില്‍ നിന്ന് സഹകരണത്തിലേയ്ക്കുള്ള നീക്കം നമുക്കാവശ്യം എന്നതാണ്. ലോകമാസകലമുള്ള മുസ്ലീം സഹോദരങ്ങള്‍, ഉപവസിച്ചും പ്രാര്‍ത്ഥിച്ചും സര്‍വശക്തന്‍റെ ദാനങ്ങള്‍ ദരിദ്രരുമായി പങ്കുവയ്ക്കുന്നതിനും പ്രയത്നിക്കുന്ന ഈ മാസത്തിന്‍റെ പ്രാധാന്യത്തെ വിലമതിക്കുന്നു. പരസ്പരം ബഹുമാനിച്ചുകൊണ്ട് സമാധാനത്തിലും സാഹോദര്യത്തിലും അടിയുറച്ച ബന്ധങ്ങള്‍ക്കായി കൂടുതല്‍ പ്രയത്നിക്കാമെന്നുള്ള വാക്കുകളോടെയും ഈദുല്‍ ഫിത്തര്‍ ആശംസ വീണ്ടും നല്‍കിയുമാണ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയിയുടെ സന്ദേശം അവസാനിക്കുന്നത്.
|