Content | പാലാ: മരണാനന്തര സത്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതു കാലഘട്ടത്തിന്റെ പ്രതിസന്ധിയാണെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാര്‍ ഡോക്‌ട്രൈനല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലായിലെ ബിഷപ്പ് വയലില്‍ ഹാളില്‍ നടന്ന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നഷ്ടമാകുന്‌പോള്‍ ജീവിതം ഭൗതികവത്കരിക്കപ്പെടുകയും ജീവിതമൂല്യങ്ങള്‍ നഷ്ടമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവശാസ്ത്ര കമ്മീഷന്‍ പ്രസിദ്ധീകരിച്ച "യുഗാന്ത്യ ദൈവശാസ്ത്രം" എന്ന പഠനഗ്രന്ഥം ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനു നല്‍കി മാര്‍ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
'യുഗാന്ത്യ ദൈവശാസ്ത്രം' പുസ്തകത്തിന്റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ലഭിക്കും. ഫോണ്‍: 9446 47 79 24. |