Content | ഇറ്റലി/ ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഹംഗറിയില്‍ ഗര്‍ഭഛിദ്രത്തിലും വിവാഹമോചനത്തിലും ഗണ്യമായ കുറവ്. “ഹ്യൂമന്‍ ലൈഫ്, ഫാമിലി ആന്‍ഡ് ദി സ്പ്ലെന്‍ഡര്‍ ഓഫ് ട്രൂത്ത് : ദി ഗിഫ്റ്റ് ഓഫ് ഗോഡ്” എന്ന വിഷയത്തെ ആസ്പദമാക്കി ഇക്കഴിഞ്ഞ മെയ് 21-ന് റോമില്‍ വെച്ച് നടന്ന സെമിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ സ്റ്റേറ്റ് ഫോര്‍ ഫാമിലി യൂത്ത് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ അഫയേഴ്സ് മന്ത്രി കടാലിന്‍ നൊവാകാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭഛിദ്രവും വിവാഹമോചനവും ഹംഗറിയില്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ വിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
2010-ല്‍ 40,499 ഗര്‍ഭഛിദ്രം നടന്നപ്പോള്‍ 2017 ആയപ്പോള്‍ അത് 28,500 ആയി കുറഞ്ഞുവെന്ന് നൊവാക് കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഇതേ കാലയളവില്‍ വിവാഹ മോചനത്തിന്റെ എണ്ണം 23,873-ല്‍ നിന്നും 18,600 ആയി കുറഞ്ഞു. വിവാഹങ്ങളുടെ എണ്ണം 35,520-ല്‍ നിന്നും 50,600 ആയി കൂടി. ഹംഗേറിയന്‍ ഭരണഘടനയിലെ അടിസ്ഥാന നിയമങ്ങള്‍ കുടുംബത്തിനു പ്രത്യേക പ്രാധാന്യം തന്നെ നല്‍കുന്നുണ്ടെന്നും നൊവാക് പറഞ്ഞു. പ്രസവ ശുശ്രൂഷ പദ്ധതികള്‍, കുഞ്ഞുങ്ങളെ നോക്കുവാന്‍ ശമ്പളത്തോടു കൂടിയ അവധി, കുടുംബ നികുതി ഇളവുകള്‍, ഹൗസിംഗ് അലവന്‍സ് തുടങ്ങിയ ജനപ്രിയങ്ങളായ സര്‍ക്കാര്‍ നടപടികള്‍ യുവജനങ്ങളെയും മൂല്യമുള്ള ദാമ്പത്യ ജീവിതത്തിലേക്ക് അടുപ്പിച്ചിരിക്കുകയാണ്.
കുടുംബനികുതിയിലുള്ള ഇളവ് കാരണം 2010-മുതല്‍ കുടുംബ വരുമാനത്തില്‍ 63.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഹംഗറിയില്‍ ഉണ്ടായിട്ടുള്ളത്. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഓരോ കുഞ്ഞും ജനിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുവാനും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാനും ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു നൊവാക് പറഞ്ഞു. ഹംഗേറിയന്‍ സര്‍ക്കാരില്‍ നിന്നും കുടുംബങ്ങള്‍ക്ക് മികച്ചതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ജിഡിപിയുടെ 4.8% കുടുംബങ്ങളുടെ ഉന്നമനത്തിനായാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ ചിലവിടുന്നത്. ഭ്രൂണാവസ്ഥയിലുള്ള ശിശുവിന് 91 ദിവസത്തെ പ്രായമാകുമ്പോള്‍ തന്നെ മാതാപിതാക്കള്‍ കുടുംബ അലവന്‍സിന് യോഗ്യരാകുന്നു. ജിഡിപിയുടെ 1.1% മാണ് ഇതിനുമാത്രമായി സര്‍ക്കാര്‍ ചിലവിടുന്നത്.
ജനിക്കുന്ന ഓരോ കുട്ടിക്കും സര്‍ക്കാര്‍ ഒരു നിശ്ചിത തുക അക്കൗണ്ടിലിട്ട് നല്‍കുന്ന ‘ബേബി ബോണ്ട്’ പദ്ധതിയും അബോര്‍ഷന്റെ എണ്ണം കുറയുവാന്‍ കാരണമായി. 2016-17 കാലയളവില്‍ സൗജന്യ ഭക്ഷണം ലഭിക്കുന്ന കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ എണ്ണത്തില്‍ മൂന്ന്‍ മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ക്രൈസ്തവ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് ഹംഗറി. യൂറോപ്പിന്റെ ക്രിസ്തീയ സംസ്ക്കാരത്തെ വീണ്ടെടുക്കുവാന്‍ ശക്തമായ നിലപാട് ഉയര്‍ത്തിയിട്ടുള്ള വിക്ടര്‍ ഓര്‍ബാന്‍ ഇക്കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. |