Content | കൊച്ചി: കെസിവൈഎം, ഹോംഗ്രോണ്‍ ബയോടെക്, ദീപിക ദിനപത്രം, മിജാര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഫലസമൃദ്ധി 2018 പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്നു. സംസ്ഥാന വൃക്ഷമായി പ്രഖ്യാപിക്കപ്പെട്ട പ്ലാവിന്റെ തൈകള്‍ കേരളത്തിലെ എല്ലാ രൂപതകളുടെയും മെത്രാന്‍മാര്‍ക്കു വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിനു പ്ലാവിന്‍ തൈ നല്‍കി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു ഫലവൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു തിരുവാലില്‍, ഫലസമൃദ്ധി പദ്ധതിയുടെ ജനറല്‍ കണ്‍വീനറും മിജാര്‍ക്ക് കോ ഓര്‍ഡിനേറ്ററുമായ സിറിയക് ചാഴികാടന്‍, കെസിവൈഎം സംസ്ഥാന സെക്രട്ടറി ലിജിന്‍ രാജു സ്രാമ്പിക്കല്‍ എന്നിവര്‍ പങ്കെടുത്തു. |