Content | മനില: ഫിലിപ്പീൻസിലെ കാലംബ നഗരത്തിൽ തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ വൈദികന് പരിക്കേറ്റു. ജൂൺ ആറിന് നടന്ന അക്രമത്തില്‍ സെന്‍റ് മൈക്കിൾ ദേവാലയത്തിലെ വൈദികനായ ഫാ. റെ ഉർമെന്റയ്ക്കാണ് അക്രമികളുടെ വെടിയേറ്റത്. വലത് കൈയ്യിലും തോളിലുമായി വെടിയേറ്റ ഫാ.ഉർമെന്റ ആശുപത്രിയിൽ ചികിത്സയിലാണ്. സെക്രട്ടറിയായ റെമഡിയോസ് ദ ബെലനൊപ്പം കാറിൽ സഞ്ചരിക്കവേയാണ് വൈദികന് വെടിയേറ്റത്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഫിലിപ്പീന്‍സ് നാഷണൽ പോലീസ് ചാപ്ലയിനായി ഫാ. ഉർമെന്റ നേരത്തെ സേവനമനുഷ്ഠിച്ചിരിന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം മൂന്നാം തവണയാണ് ഫിലിപ്പീന്‍സില്‍ വൈദികര്‍ക്ക് നേരെ വെടിവെച്ചു അപായപ്പെടുത്തുവാന്‍ ശ്രമം ഉണ്ടായിരിക്കുന്നത്. ഡിസംബറിൽ മനിലയ്ക്ക് സമീപം ജീൻ നഗരത്തിൽ ഫാ.മാർസലിറ്റോ പയസ് എന്ന വൈദികനും ഏപ്രിലിൽ വടക്കൻ ഫിലിപ്പീൻസിൽ ഫാ. മാർക്ക് ആന്‍റണി വെന്റുര എന്ന വൈദികനും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. |