category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DayFriday
Headingമരണാനന്തര ജീവിതം, ഭാഗം 2: എന്താണ് സ്വർഗ്ഗം?
Content'സ്വർഗ്ഗം' എന്ന പദം നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ധാരാളമായി കേള്‍ക്കാറുണ്ട്. നന്മയും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു അവസ്ഥയെ സൂചിപ്പിക്കുവാനായി ഇന്ന്‍ ഈ പദം, സര്‍വ്വസാധാരണയായി മതങ്ങളും കലാകാരന്മാരും, എഴുത്തുകാരും ഉപയോഗിക്കുന്നു. അതുകൊണ്ട്തന്നെ സ്വര്‍ഗ്ഗത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഇന്ന് പലരും മനസ്സിലാക്കുന്നില്ല. എന്നാല്‍ ക്രിസ്തു "സ്വര്‍ഗ്ഗം" എന്ന പദത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്‌ എന്ന്‍ പുതിയ നിയമത്തില്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. സ്വര്‍ഗ്ഗരാജ്യത്തെ വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിയോടും വിലയേറിയ രത്നങ്ങളോടുമാണ് യേശുക്രിസ്തു ഉപമിക്കുന്നത്. ഈ നിധിയും രത്നങ്ങളും കണ്ടെത്തുന്നവന്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അവിടുന്ന്‍ ഇപ്രകാരമാണ് പറയുന്നത്: "സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46). ഇവിടെ ഒരു കാര്യം വ്യക്തമാണ്. സ്വര്‍ഗ്ഗം എന്നത് വെറും ഒരു നൈമിഷിക സന്തോഷമല്ല; തനിക്കുള്ളതെല്ലാം വിറ്റു പോലും സ്വന്തമാക്കേണ്ട ഒന്നാണ്. സ്വര്‍ഗ്ഗത്തെ പിതാവിന്‍റെ ഭവനമായും (യോഹ 14:2), ദൂതന്മാര്‍ പിതാവായ ദൈവത്തിന്‍റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയായും (മത്തായി 18:11) ക്രിസ്തു വെളിപ്പെടുത്തുമ്പോള്‍ അതിന്‍റെ മഹത്വവും അതിലെ സന്തോഷവും കേവലം മനുഷ്യ മനസ്സുകള്‍ക്ക് ഗ്രഹിക്കാവുന്നതിനും എത്രയോ അപ്പുറമാണ് എന്ന്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് മനസ്സിലാക്കാനുള്ള മനുഷ്യ മനസ്സിന്‍റെ പരിമിതികളെ നാം അംഗീകരിച്ചാല്‍ മാത്രമേ 'എന്താണ് സ്വര്‍ഗ്ഗം?' എന്ന വിഷയത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാന്‍ സാധിക്കൂ. "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല" (1 കൊറി 2:9). ഇവിടെ പൗലോസ്ശ്ലീഹാ ഒരു കാര്യം വ്യക്തമായി പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗരാജ്യം എന്നത് നാം ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ കേവലം മനുഷ്യമനസ്സുകള്‍ കൊണ്ട് ഗ്രഹിക്കാനോ നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയാനോ കഴിയുന്ന ഒന്നല്ല. മനുഷ്യ മനസ്സിന്റെ ഈ പരിമിതികളെ മുന്നിൽകണ്ടുകൊണ്ട്‌ വിശുദ്ധ ഗ്രന്ഥം സ്വർഗ്ഗത്തെ പറ്റി 'പ്രതീകങ്ങളി'ലൂടെയാണ് സംസാരിക്കുന്നത്. #{red->n->n->സ്വർഗ്ഗം- ദൈവത്തിന്റെ സൃഷ്ടി}# ഉത്പത്തി പുസ്തകം ആരംഭിക്കുന്നതു തന്ന "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (God created Heaven and Earth)" എന്ന വചനത്തോടെയാണ്. "ദൈവം ആകാശത്തിന്‍റെയും ഭൂമിയുടേയും സൃഷ്ടാവാകുന്നു (Creater of Heaven and Earth)" എന്ന് അപ്പസ്തോലന്മാരുടെ വിശ്വാസ പ്രമാണത്തില്‍ നാം ഏറ്റു പറയുന്നു. അതുപോലെതന്നെ "ദൈവം ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സൃഷ്ടാവാകുന്നു (all that is, seen and unseen)" എന്ന്‍ നിക്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നു. ഉൽപത്തി പുസ്തകത്തിലും, വിശ്വാസപ്രമാണത്തിലും ഉപയോഗിക്കുന്ന Heaven അല്ലെങ്കില്‍ ആകാശം എന്ന പദത്തിന്‍റെ അര്‍ത്ഥം എന്താണെന്ന്‍ കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുണ്ട്. മാനുഷികമായ നമ്മുടെ നയനങ്ങൾക്ക് ഇന്ന് കാണുവാൻ കഴിയാത്തതും എന്നാൽ മരണശേഷം നാം പൂർണ്ണമായി മനസ്സിലാക്കുന്നതുമായ, ഓരോ മനുഷ്യനും ഈ ലോകത്തിൽ വച്ചുതന്നെ ഒരുങ്ങേണ്ടതും ലക്ഷ്യം വയ്ക്കേണ്ടതുമായ രണ്ടു സുപ്രധാന അർത്ഥതലങ്ങൾ, വിശുദ്ധ ഗ്രന്ഥത്തിലും വിശ്വാസ പ്രമാണത്തിലും ഉപയോഗിചിരിക്കുന്ന 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദത്തിനുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു. അത് ഇപ്രകാരമാണ്- ഒന്നാമതായി, 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദം ദൈവസന്നിധിയില്‍ വ്യാപരിക്കുന്ന ആത്മീയ സൃഷ്ടികളായ മാലാഖമാരുടെ സ്ഥാനത്തെയും, പിതാവായ ദൈവത്തിന്‍റെ വാസസ്ഥാനത്തെയും സൂചിപ്പിക്കുന്നു. രണ്ടാമതായി, 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദം യുഗാന്ത്യ മഹത്വമായ "സ്വര്‍ഗ്ഗ"ത്തെയും സൂചിപ്പിക്കുന്നു (CCC 326). ഇതില്‍ ആദ്യം പ്രതിപാദിച്ച സ്വര്‍ഗ്ഗം; അതായത് പിതാവായ ദൈവത്തിന്‍റെ വാസസ്ഥാനത്തെ ക്രിസ്തുവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കത്തോലിക്കാ സഭ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്- "കന്യകാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടും ഒപ്പം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോടൊന്നിച്ചുള്ള പൂര്‍ണ്ണമായ ജീവിതത്തെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നു" (CCC 1024). ഇങ്ങനെ മരണശേഷം നാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോഴും നമ്മുടെ ആത്മാക്കള്‍ക്ക് യഥാര്‍ത്ഥമായ വ്യക്തിത്വവും പേരും ഉണ്ടായിരിക്കും എന്ന് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ പഠിപ്പിക്കുന്നു. (ccc 1025). വചനം ഇപ്രകാരമാണ് പറയുന്നത് "വിജയം വരിക്കുന്നവന് ഞാന്‍ നിഗൂഢ മന്ന നല്‍കും. അവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും; അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല. (വെളിപാട് 2:17) ഈ ലോകജീവിതത്തില്‍ വച്ചു തന്നെ ത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവ് പരിശുദ്ധ ത്രിത്വവുമായി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ പ്രവേശിക്കുന്നു. ഇവിടെ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആദ്യത്തെ വാക്യത്തില്‍ തന്നെ ദൈവം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു എന്നു പറയുന്നുവെങ്കില്‍ ഭൂമി പോലെതന്നെ സത്യവും യഥാര്‍ത്ഥവുമായ ഒന്നാണ് സ്വര്‍ഗ്ഗം. ദൈവം സൃഷ്ടിച്ച ദൃശ്യമായ ഭൂമി നമുക്ക് ഇന്ന് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ദൈവം തന്നെ സൃഷ്ടിച്ച അദൃശ്യമായ സ്വര്‍ഗ്ഗം നമുക്ക് ഒരിക്കല്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുക തന്നെ ചെയ്യും. #{red->n->n->മരണം- സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍}# ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022). ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു". വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു- " ഇതാ സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59). മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്." മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012). സഭയോടും കൂദാശകളോടും ചേർന്ന് നിന്നുകൊണ്ട്, വിശുദ്ധിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ മരിക്കുമ്പോൾ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ ഒരു വലിയ ഉറപ്പ് നല്കുന്നുണ്ട്. ആ ഉറപ്പ്‌ എന്താണന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: "നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ. നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ. ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ... നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ" (CCC 1020). #{red->n->n->സ്വർഗ്ഗത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം}# "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂര്‍ണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടു കൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്, എന്തെന്നാല്‍ "അവിടുന്ന്‍ ആയിരിക്കുന്നതുപോലെ" അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു. ദൈവത്തിന്‍റെ പൊതുഹിതമനുസരിച്ച്, എല്ലാ വിശുദ്ധരുടെയും... ക്രിസ്തുവിന്‍റെ വിശുദ്ധ മാമോദീസ സ്വീകരിച്ചതിനു ശേഷം മരിച്ച മറ്റു വിശ്വാസികളുടെയും ആത്മാക്കള്‍, അവര്‍ മരിക്കുമ്പോള്‍ അവര്‍ക്കു വിശുദ്ധീകരണത്തിന്‍റെ ആവശ്യമില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് അപ്പോള്‍ കുറെ വിശുദ്ധീകരണത്തിന്‍റെ ആവശ്യമുണ്ടായിരിക്കുകയോ, ഭാവിയില്‍ അത് ആവശ്യമായി വരുകയോ ചെയ്യുമെങ്കില്‍, മരണാനന്തരം അവര്‍ ശുധീകരണ സ്ഥലത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ടതിനുശേഷം... അവര്‍ തങ്ങളുടെ ശരീരം വീണ്ടും സ്വീകരിക്കുന്നതിനു മുന്‍പും പൊതുവായ അന്ത്യവിധിക്കു മുന്‍പും ക്രിസ്തുവിനോടു കൂടെ, വിശുദ്ധ മാലാഖമാരുടെ സമൂഹത്തോടൊത്തു സ്വര്‍ഗ്ഗത്തില്‍, സ്വര്‍ഗ്ഗ രാജ്യത്തില്‍, സ്വര്‍ഗ്ഗീയ പറുദീസയില്‍ ആയിരിക്കും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും മുതല്‍ ഈ ആത്മാക്കള്‍, ദൈവികസത്തയെ മുഖാമുഖമായി, യാതൊരു സൃഷ്ടിയുടെയും മധ്യവര്‍ത്തിത്വം കൂടാതെ ആന്തരികമായ ദര്‍ശനം വഴി കാണുകയും ചെയ്യുന്നു. പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള പൂര്‍ണ്ണമായ ഈ ജീവിതം - കന്യകാമറിയത്തോടും മാലാഖമാരോടും എല്ലാ വിശുദ്ധരോടുമൊപ്പമുള്ള ത്രിത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സംസര്‍ഗ്ഗം - "സ്വര്‍ഗ്ഗ" മെന്നു വിളിക്കപ്പെടുന്നു. അഗാധതമങ്ങളായ മാനുഷികാഭിലാഷങ്ങളുടെ പരമാന്ത്യവും നിറവേറലുമാണ് സ്വര്‍ഗം. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്‍റെ അവസ്ഥയാണത്. സ്വര്‍ഗത്തില്‍ ജീവിക്കുക എന്നതു "ക്രിസ്തുവിനോടുകൂടെ ആയിരിക്കുക" എന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ "അവിടുന്നില്‍" ജീവിക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ വ്യക്തിത്വവും തങ്ങളുടെതന്നെ പേരും നിലനിര്‍ത്തുന്നു. അഥവാ കണ്ടെത്തുന്നു. ക്രിസ്തുവിനോടു കൂടെ ആയിരിക്കുക എന്നതാണ് ജീവിതം. കാരണം, ക്രിസ്തു എവിടെയോ അവിടെയാണ് രാജ്യം. തന്‍റെ മരണവും ഉത്ഥാനവും വഴി ഈശോമിശിഹാ നമുക്കായി സ്വര്‍ഗം തുറന്നു. ക്രിസ്തു പൂര്‍ത്തിയാക്കിയ രക്ഷയുടെ ഫലങ്ങള്‍ തികവോടും പൂര്‍ണതയോടും കൂടി സ്വന്തമാക്കുന്നതിലാണ് അനുഗൃഹീതരുടെ ജീവിതം അടങ്ങിയിരിക്കുന്നത്. അവിടുന്നില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്തവരെ അവിടുന്ന്‍ തന്‍റെ സ്വര്‍ഗ്ഗീയ മഹത്വീകരണത്തില്‍ പങ്കുകാരാക്കുന്നു. പരിപൂര്‍ണ്ണമായി അവിടുന്നിലേക്ക് ഒന്നുചേര്‍ന്നവരുടെ അനുഗൃഹീത സമൂഹമാണ് സ്വര്‍ഗം. ദൈവത്തോടും ക്രിസ്തുവിലുള്ള എല്ലാവരോടൊപ്പമുള്ള ഭാഗ്യപ്പെട്ട സംസര്‍ഗ്ഗത്തിന്‍റെ ഈ രഹസ്യം എല്ലാ ഗ്രഹണശക്തിക്കും വിവരണത്തിനും അതീതമാണ്. വി. ഗ്രന്ഥം അതിനെപ്പറ്റി പ്രതീകങ്ങളിലൂടെയാണ് സംസാരിക്കുന്നത്. ജീവന്‍, പ്രകാശം, സമാധാനം, വിവാഹാഘോഷം, രാജ്യത്തിലെ വീഞ്ഞ്, പിതാവിന്‍റെ ഭവനം, സ്വര്‍ഗ്ഗീയ ജറുസലേം, പറുദീസ: "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ഗ്രഹിച്ചിട്ടില്ലാത്തതുമാണ്." മനുഷ്യന്‍ നേരിട്ടു ധ്യാനിക്കേണ്ടതിനായി സര്‍വ്വാതിശായിയായ ദൈവം തന്‍റെ രഹസ്യം അവനു തുറന്നു കൊടുക്കുകയും ധ്യാനിക്കാന്‍ അവനു കഴിവു നല്‍കുകയും ചെയ്തില്ലെങ്കില്‍ ദൈവത്തെ അവിടുന്ന്‍‍ ആയിരിക്കുന്നതുപോലെ കാണാന്‍ കഴിയുകയില്ല. കാരണം, അവിടുന്ന്‍ സര്‍വ്വാതിശായിയാണ്. സ്വര്‍ഗ്ഗീയ മഹത്വത്തിലുള്ള ഈ ദൈവികധ്യാനത്തെ സഭ "സൗഭാഗ്യദര്‍ശനം" (Beautific vision) എന്നു വിളിക്കുന്നു. "ദൈവത്തെ കാണാന്‍ അനുവദിക്കപ്പെടുന്നു എന്നതില്‍, നിന്‍റെ കര്‍ത്താവും ദൈവവുമായ ക്രിസ്തുവിനോടുകൂടി രക്ഷയുടെയും ശാശ്വത പ്രകാശത്തിന്‍റെയും സന്തോഷത്തിലുള്ള ഭാഗഭാഗിത്വം തന്നു ബഹുമാനിക്കപ്പെടുന്നു എന്നതില്‍,...നീതിമാന്‍മാരോടും ദൈവത്തിന്‍റെ സുഹൃത്തുക്കളോടുമൊപ്പം സ്വര്‍ഗ്ഗരാജ്യത്തില്‍ അമര്‍ത്യതയുടെ ആനന്ദത്തില്‍ സന്തോഷിക്കുക എന്നതില്‍, ....നിന്‍റെ മഹത്വവും ആനന്ദവും എത്ര വലുതായിരിക്കും" (St Cyprian, Ep 58,10,1: CSEL3/2,66.5). അനുഗൃഹീതര്‍ സ്വര്‍ഗ്ഗത്തിലെ മഹത്വത്തില്‍, മറ്റു മനുഷ്യരേയും സര്‍വ്വസൃഷ്ടികളേയും സംബന്ധിച്ചുള്ള ദൈവഹിതം നിറവേറ്റുന്ന കൃത്യം സസന്തോഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നു. അവിടുത്തോടുകൂടെ അവര്‍ എന്നന്നേക്കും ഭരിക്കും" (CCC 1023-1029) #{red->n->n->വിശ്വാസം- സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ സമാരംഭം}# ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായ, സ്വർഗ്ഗീയ ദര്‍ശനത്തിന്‍റെ (Beatific Vision) സന്തോഷവും പ്രകാശവും മുന്‍കൂട്ടി അനുഭവിക്കാന്‍ 'വിശ്വാസം' നമ്മെ പ്രാപ്തരാക്കുന്നു. മരണശേഷം നമ്മള്‍ സ്വർഗ്ഗത്തിൽ, ദൈവത്തെ "മുഖാഭിമുഖം, അവിടുന്ന്‍ ആയിരിക്കുന്നതുപോലെ കാണും." ഈ വലിയ സത്യം നാം വിശ്വസിക്കാൻ തുടങ്ങുമ്പോൾ, നമുടെ ജീവിതത്തിൽ ഇപ്പോള്‍ തന്നെ നിത്യജീവന്‍റെ ആരഭം കുറിക്കുന്നു (CCC 163). ഈ വിശ്വാസം ക്രിസ്തുവിൽ അധിഷ്ഠിതമാണ്. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത് "ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). അനേകം വിശുദ്ധർ ഈ ഭൂമിയിൽ വച്ചുതന്നെ സ്വർഗ്ഗീയ ദര്‍ശനത്തിന്‍റെ സന്തോഷവും പ്രകാശവും, ഒരളവുവരെ മുന്‍കൂട്ടി അനുഭവിച്ചറിഞ്ഞവരാണ്. "വിശ്വാസത്തിന്‍റെ അനുഗ്രഹങ്ങളെ ധ്യാനിക്കുമ്പോള്‍ ഒരുനാള്‍ നാം അനുഭവിക്കുമെന്നു നമ്മുടെ വിശ്വാസം നമുക്ക് ഉറപ്പു നല്‍കുന്ന അത്ഭുതകരമായ കാര്യങ്ങള്‍ നമുക്ക് അനുഭവവേദ്യമാകുന്നു. ഒരു കണ്ണാടിയിലെ പ്രതിഫലനത്തെ ദര്‍ശിക്കുന്ന മട്ടില്‍ ഈ ലോകത്തില്‍ വച്ചുതന്നെ മഹാത്ഭുതമായ കാര്യങ്ങള്‍ നാം അനുഭവിച്ചു കഴിഞ്ഞു എന്ന പ്രതീതിയാണ് നമുക്ക് ഉണ്ടാകുന്നത്." ഈ ഭൂമിയിലെ ഇപ്പോഴുള്ള നമ്മുടെ ജീവിതം നയിക്കപ്പെടുന്നത്, സ്വർഗ്ഗത്തെക്കുറിച്ചുള്ള "വിശ്വാസത്താലാണ്, കാഴ്ചയാലല്ല" (2 കോറി 5:7). "ഇപ്പോൽ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി, ഭാഗികമായി മാത്രം ദൈവത്തെ അറിയുന്നു. എന്നാൽ സ്വർഗ്ഗത്തിൽ വച്ച്, ദൈവം നമ്മളെ പൂർണ്ണമായി അറിയുന്നതുപോലെ നമ്മളും ദൈവത്തെ പൂർണ്ണമായി അറിയും" (cf: 1 കോറി 13:12). മരണം മൂലം നമ്മിൽ നിന്നും വേർപെട്ട വിശുദ്ധരായ സ്വർഗ്ഗീയവാസികൾ മിശിഹായോട് കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവെന്നതിനാൽ, നാം ഈ ലോകത്തിൽ ദൈവത്തിനർപ്പിക്കുന്ന ആരാധന അവർ കൂടുതൽ ധന്യമാക്കുകയും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ പലവിധത്തിൽ സഹായിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യത്ത് സ്വീകരിക്കപ്പെട്ട് കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് ക്രിസ്തു വഴിയും ക്രിസ്തുവിനോടു കൂടിയും ക്രിസ്തുവിലും നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിൽ നിന്നും അവർ ഒരിക്കലും വിരമിക്കുന്നില്ല (cf: Vatican Council II, LG 49). വിശ്വാസത്തിന്‍റെ വിഷയമായ ദൈവത്താല്‍ തന്നെ വിശ്വാസം പ്രകാശിതമാണെങ്കിലും വിശ്വാസ ജീവിതം പലപ്പോഴും അന്ധകാരമയമാണ്. വിശ്വാസം പരീക്ഷണത്തിനു വിധേയമായേക്കാം. വിശ്വാസം വാഗ്ദാനം ചെയ്യുന്ന മഹത്തായ ദാനങ്ങളിൽ നിന്നു വളരെ ദൂരത്തായിട്ടാണ് നാം ജീവിക്കുന്ന ലോകം പലപ്പോഴും കാണപ്പെടുന്നത്. നമുക്കുണ്ടാകുന്ന തിന്മയുടെയും സഹനത്തിന്‍റെയും ബഹുവിധ അനീതിയുടെയും മരണത്തിന്‍റെയും അനുഭവങ്ങള്‍ സുവിശേഷത്തിനു വിരുദ്ധമായി തോന്നാം. ഇവയ്ക്ക് നമ്മുടെ വിശ്വാസത്തെ ഇളക്കാനും അതിനെതിരെയുള്ള പ്രലോഭനമായിത്തീരാനും കഴിയും (CCC 164). അതുകൊണ്ട് സ്വർഗ്ഗം എന്നത് മാറ്റമില്ലാത്ത വലിയ സത്യമാണന്ന ഉറച്ച ബോധ്യം നമുക്കില്ലങ്കിൽ നമ്മുടെ വിശ്വാസം തന്നെ വ്യർത്ഥമാണ്. കാരണം ഓരോ വിശ്വാസിയും സ്വർഗ്ഗരാജ്യം ലക്‌ഷ്യം വച്ച് ജീവിക്കേണ്ടവനാണ്. ഇന്നത്തെ ആധുനിക ലോകത്തിന്റെ പ്രലോഭനങ്ങളും, നമ്മുടെ ജീവിതത്തിലെ വേദനകളും, രോഗങ്ങളും, മരണങ്ങളും പലപ്പോഴും വിശ്വാസ ജീവിതത്തിൽ നമ്മെ തളർത്താറുണ്ട്. ഇവിടെയാണ് വിശ്വാസത്തിന്‍റെ സാക്ഷികളിലേക്ക് നാം തിരിയേണ്ടത്‌. യാതൊരു ആശയ്ക്കും വഴിയില്ലാതിരുന്നിട്ടും പ്രത്യാശയോടെ വിശ്വസിച്ച അബ്രഹാം; തന്‍റെ പുത്രന്‍റെ കുരിശുമരണത്തിന്റെയും സംസ്ക്കാരത്തിന്‍റെയും അന്ധകാരത്തില്‍ പങ്കു ചേര്‍ന്ന്‍, തന്‍റെ വിശ്വാസ തീര്‍ത്ഥാടനത്തില്‍ 'വിശ്വാസത്തിന്‍റെ രാത്രിയിലേക്ക്' നടന്നു നീങ്ങിയ മറിയം; കൂടാതെ മറ്റു പലരും വിശ്വാസത്തിന്‍റെ ഉത്തമ സാക്ഷികളാണ്. സാക്ഷികളുടെ വലിയ ഒരു മേഘം നമ്മെ വലയം ചെയ്യുന്നതിനാല്‍ നമുക്ക് നമ്മെ ചുറ്റിയിരിക്കുന്ന ഭാരം, പാപം നീക്കിക്കളയാം. നമുക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു വേണം നാം ഓടാന്‍. {{(ഈ ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ click ചെയ്യുക- എന്താണ് തനതു വിധി?) -> http://www.pravachakasabdam.com/index.php/site/news/759 }} #{red->n->n->തുടരും...}# 1. എന്താണ് ശുദ്ധീകരണസ്ഥലം? 2. എന്താണ് നരകം? 3. എന്താണ് അന്ത്യവിധി? 4. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്? 5. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2017-02-10 00:00:00
Keywordsമരണാനന്തര ജീവിതം
Created Date2016-02-19 12:28:08