Content | കോട്ടയം: കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം അടിച്ചിറ ആമോസ് സെന്ററില്‍ 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം നടത്തി. ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കുവാന്‍ സാമൂഹ്യ ശുശ്രൂഷകര്‍ മുന്‍ഗണന നല്‍കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മം സീറോ മലബാര്‍ സോഷ്യല്‍ അപ്പസ്‌തോലേറ്റ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.
കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ധാരിന്‍ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. തോമസ് തറയില്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൈനോരിറ്റി കോര്‍പറേഷന്‍ ഡയറക്ടര്‍ പ്രഫ. മോനമ്മ കൊക്കാട് വിശദീകരിച്ചു. കേരളത്തിലെ പരിസ്ഥിതിജല മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച വി.ആര്‍. ഹരിദാസ് ക്ലാസ് നയിച്ചു.
|