Content | കാബൂൾ: വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതമായ മാതൃകാജീവിതത്തിലൂടെ അഫ്ഗാനിസ്ഥാനില്‍ ആയിരങ്ങള്‍ക്ക് സുവിശേഷം അറിയിച്ച് ലിറ്റിൽ സിസ്റ്ററ്റേഴ്സ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റര്‍ മറിയവും സഹ സന്യസ്ഥരും. 1954 മുതൽ യുദ്ധ ഭീകരമായ പല പ്രതിസന്ധികളെയും അതിജീവിച്ച് സിസ്റ്റര്‍ മറിയവും കൂട്ടരും അനേകര്‍ക്കാണ് പുതിയ ജീവിതം സമ്മാനിച്ചത്. ഏജൻസി ഫിഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ് തങ്ങളുടെ നിശബ്ദ സുവിശേഷവത്ക്കരണത്തിനെ പറ്റി സിസ്റ്റര്‍ മറിയം മനസ്സ് തുറന്നത്.
മുസ്ളിം രാഷ്ട്രത്തിൽ സുവിശേഷ സന്ദേശകരായി ജീവിക്കുക വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നിരുന്നാലും യുദ്ധമേഖലയിലെ സേവനത്തിലൂടെ ദൈവകൃപയും സംരക്ഷണവും അനുഭവിച്ചറിഞ്ഞു. മഗ്ദലിൻ ദെ ജീസസ് സ്ഥാപിച്ച ചാൾസ് ദെ ഫോക്കൾഡിന്റെ പാത പിന്തുടർന്ന് കാബുളിൽ 1954 മുതൽ ഗവൺമെന്റ് ആശുപത്രികളിൽ സന്യസ്ഥര്‍ ആതുരസേവനം നടത്തി വരികയായിരുന്നു.1979 ലെ റഷ്യൻ അധിനിവേശവും തുടർന്ന് 1992 മുതൽ ജലാൽബാദ് അഭയാർത്ഥി കേന്ദ്രത്തിലെ പ്രവർത്തനങ്ങളുമായി അനേകരുടെ കണ്ണീര്‍ ഒപ്പാൻ തങ്ങൾക്ക് കഴിഞ്ഞു.
1996 താലിബാനിലെത്തിയ ശേഷവും ആശുപത്രികളിൽ ബുർഖ അണിഞ്ഞ് സേവനം ചെയ്ത ദിവസങ്ങളും സിസ്റ്റർ അനുസ്മരിച്ചു. യുദ്ധക്കെടുതികൾക്കിടയിലും ജനങ്ങൾ ലളിതമായ ജീവിതം നയിക്കുന്നവരാണ്. മൊബൈൽ ഫോണുകളുടെ ആർഭാടമില്ലാതെ കൂട്ടായ്മയ്ക്കു മുൻതൂക്കം നൽക്കുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്ന സമൂഹമാണ് കാബൂളിലേത്. യുദ്ധത്തിന്റെ ഭീകരതകൾ ഭയാനകമായിരുന്നുവെങ്കിലും ദൈവവചനത്തില്‍ ആശ്രയിച്ച് ജീവിച്ചു. അഫ്ഗാനിലെ ഓരോ നിമിഷവും ദൈവത്തിന്റെ സംരക്ഷണം അനുഭവിക്കുകയായിരുന്നുവെന്നും സിസ്റ്റര്‍ മറിയം പറഞ്ഞു.
മുസ്ളിം ഭൂരിപക്ഷ രാഷ്ട്രമായ അഫ്ഗാനിസ്ഥാനിലെ ഏക ദേവാലയം ഇറ്റാലിയൻ എംബസിയുടെ കീഴിൽ കാബൂളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 50 വര്‍ഷത്തെ സേവനത്തിന് ശേഷം സിസ്റ്റര്‍ മറിയം ജന്മദേശത്തേക്കു മടങ്ങിയെങ്കിലും തലസ്ഥാന നഗരിയായ കാബൂളിൽ കൊൽക്കത്തയിലെ സിസ്റ്റേഴ്സ് ഓഫ് മദർ തെരേസ അംഗങ്ങളുടെയും ഇതര സന്യസ്ത സമൂഹങ്ങളുടെയും സേവനം സജീവമാണ്. രാജ്യത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജെസ്യൂട്ട് സഭാംഗങ്ങളും മറ്റ് ക്രൈസ്തവ സംഘടനകളുമാണ്. |