Content | ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ ‘പ്രാര്‍ത്ഥിക്കുന്നത്' നിരോധിച്ച ഈലിംഗ് കൗണ്‍സില്‍ തീരുമാനത്തെ പിന്താങ്ങിയ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലില്‍ ആശങ്ക പങ്കുവച്ച് ക്രൈസ്തവ സമൂഹം. ജസ്റ്റിസ് ടര്‍ണറിന്റെ തീരുമാനം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നല്‍കുന്നതെന്ന് ‘ബി ഹിയര്‍ ഫോര്‍ മി’ പ്രചാരണ പദ്ധതിയുടെ വക്താവായ ക്ലെയര്‍ കാര്‍ബെറി പറഞ്ഞു. പതിനാറാം നൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് പ്രാര്‍ത്ഥന യുകെയില്‍ കുറ്റകരമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലെ അബോര്‍ഷന്‍ ക്ലിനിക്കിന്റെ പരിസരം പ്രാര്‍ത്ഥനാ നിരോധന മേഖലയാക്കിയ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ക്രൈസ്തവ വിശ്വാസിയായ സ്ത്രീ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ടര്‍ണര്‍ ഏകപക്ഷീയമായ വിധിപ്രസ്താവം നടത്തിയത്. ‘ഒരു ജനാധിപത്യ രാജ്യത്തിന് അനിവാര്യമായ നടപടി’ എന്നാണ് അദ്ദേഹം തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ അബോര്‍ഷന്‍ ക്ലിനിക്കിന്റെ പരിസരത്തുള്ള റോഡില്‍ നിന്നു പ്രാര്‍ത്ഥിക്കുവാനോ, അബോര്‍ഷനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനോ, ഇക്കാര്യത്തില്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനോ സാധിക്കില്ലെന്ന് കാര്‍ബെറി പറയുന്നു.
പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളെ തുടര്‍ന്ന്‍ പടിഞ്ഞാറന്‍ ലണ്ടന്‍ ബറോയിലെ ‘മേരി സ്റ്റോപ്സ്’ അബോര്‍ഷന്‍ ക്ലിനിക്കിന്റെ 100 മീറ്റര്‍ പരിസരം ‘ബഫര്‍ സോണായി’ പ്രഖ്യാപിച്ചുകൊണ്ട് ഈലിംഗിലെ കൗണ്‍സിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നടപടി കൈകൊണ്ടത്. പ്രോലൈഫ് പ്രവര്‍ത്തകരായ വനിതകള്‍ പ്രതിഷേധിക്കുകയല്ലെന്നും അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ നടത്തുകയും, അബോര്‍ഷന് പകരം ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും മാത്രമാണ് ചെയ്തിരിന്നതെന്ന് കാര്‍ബെറി വ്യക്തമാക്കി. അതേസമയം പ്രാര്‍ത്ഥനക്ക് വിലക്കിടാനുള്ള വിധി വരും ദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |