Content | വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ സമര്‍പ്പിതരായ സന്യാസിനികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ഇന്നലെ ജൂലൈ 4 ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ 'Ecclesia Sponsae Imago' അഥവ 'സഭയിലെ സന്യാസിനികളുടെ പ്രതിച്ഛായ' എന്ന പേരിലാണ് രേഖ പ്രസിദ്ധീകരിച്ചത്. സന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ്പ് ഹൊസ്സേ റോഡ്രിക്സ് കര്‍ബാലോ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. സന്ന്യാസിനിമാരുടെ സഭയിലെ സമര്‍പ്പണത്തെ മെച്ചപ്പെടുത്താനും ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനും രേഖ സഹായകമാണെന്നു പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ കര്‍ബാലോ പ്രസ്താവിച്ചു.
ആമുഖത്തിന് ശേഷം മൂന്നു ഭാഗങ്ങളായാണ് രേഖ ക്രമീകരിച്ചിരിക്കുന്നത്. സന്യാസിനിമാരുടെ ജീവിത തിരഞ്ഞെടുപ്പും സാക്ഷ്യവും, പ്രാദേശിക അന്തര്‍ദേശിയ സഭകളില്‍ സന്യാസിനീ സമൂഹങ്ങളുടെ ഘടനയും പ്രവര്‍ത്തനരീതിയും, സന്യാസിനികളുടെ രൂപീകരണം - സമര്‍പ്പണത്തിനു മുന്‍പും ശേഷവും എന്നിവയാണ് അവ. സന്യസ്ഥ ജീവിതം അതിന്റെ അര്‍ത്ഥം മനസ്സിലാക്കി കൂടുതല്‍ തീക്ഷ്ണതയില്‍ ജീവിക്കുവാന്‍ സഭയുടെ നവീന പ്രബോധനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1970-നു ശേഷം ഇതാദ്യമായാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പുറപ്പെടുവിക്കുന്നത്. |