Content | വി. മാര്ട്ടിന്റെ മരിച്ചവരെ പുനര്ജീവിപ്പിച്ച മൂന്ന് അത്ഭുതങ്ങളുടെ ചരിത്രരേഖ പരിശോധിക്കുമ്പോള്, ഓര്ക്കുക, സള്പീഷ്യസ് ആ വിവരങ്ങളെല്ലാം ശേഖരിച്ചത് ഒന്നുകില് സാക്ഷികളുടെ മൊഴിയില് നിന്നാണ്, അല്ലെങ്കില്, നേരിട്ടുള്ള സ്വന്തം നിരീക്ഷണത്തില് നിന്നുമാണ്. തന്റെ ആയുഷ്ക്കാല അളവില് വരപ്രസാദത്താല് മാര്ട്ടിന് ചെയ്ത് കൂട്ടിയ അത്ഭുതങ്ങളെക്കുറിച്ച് കൂടുതല് മനസ്സിലാക്കാന്, ടോര്സിലെ മെത്രാനായിരുന്നു ഗ്രിഗറി, അദ്ദേഹത്തിന്റെ മരണശേഷം, നാല് വാല്യങ്ങളിലായി, രചിച്ച 'മരണാനന്തര അത്ഭുതങ്ങള്' എന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചാല് മതിയാകും. പല ആളുകളും തങ്ങള്ക്ക് ലഭിച്ച അത്ഭുത ഫലങ്ങള് അദ്ദേഹത്തെ അറിയിക്കാതെ സ്ഥലം വിട്ടതുകാരണം നൂറുകണക്കിന് സംഭവങ്ങള് രേഖപ്പെടുത്താനാവാതെ വിട്ടുപോയിട്ടുണ്ടെന്ന് ബിഷപ് ഗ്രിഗറി ഈ പുസ്തകത്തില് കൂട്ടി ചേര്ത്തിട്ടുണ്ട്. ഈ അത്ഭുതങ്ങളുടെ ഒരു രജിസ്റ്റര് പുസ്തകം ടോര്സിലെ ബസലിക്കായില് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
വി. മാര്ട്ടിന് മെത്രാനാകുന്നത്തിന് മുമ്പ്, ലിഗൂജിലെ ആശ്രമത്തിലായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ സഹചാരികളില് പ്രധാനിയായിരുന്ന ഒരു ഉപദേശിക്ക്, അദ്ദേഹം അവിടെയില്ലാതിരുന്ന അവസരത്തില്, കടുത്ത പനിയും ബോധക്ഷയവും ഉണ്ടാകാനിടയായി. മൂന്ന് ദിവസങ്ങള്ക്ക് ശേഷം മാര്ട്ടിന് തിരിച്ചെത്തിയപ്പോള്, ഈ സന്യാസി മരിച്ചതായി കണ്ടെത്തി; ദുഃഖാര്ത്തരായ സഹോദരന്മാര് ശവസംസ്ക്കാരത്തിനായുള്ള ഒരുക്കങ്ങള് തുടങ്ങി. ഈ പഴയ സഹചാരിയും കൂട്ടുകാരനുമായിരുന്ന സന്യാസിയുടെ ശവശരീരത്തിനടുത്ത് മാര്ട്ടിന് അല്പനേരം കരഞ്ഞുകൊണ്ടുനിന്നു. പരിശുദ്ധാത്മാ നിറവില്, അവശേഷിച്ച ശിഷ്യന്മാരെല്ലാം അറയ്ക്ക് പുറത്തുപോകുവാന് ആജ്ഞാപിച്ചിട്ട്, കതക് പൂട്ടി, എലീശ്ശാ പ്രവാചകനെപ്പോലെ, മാര്ട്ടിന് ശവശരീരത്തിനുമേല് കിടന്ന് പ്രാര്ത്ഥന തുടങ്ങി. സമയം കടന്നുപോയി. മാര്ട്ടിന് എഴുന്നേറ്റ്, ദൈവത്തിന്റെ കാരുണ്യത്തിലുള്ള ആത്മവിശ്വാസത്തോടെ, ശവ ശരീരത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ഇടവിടാതുള്ള പ്രാര്ത്ഥന രണ്ടുമണിക്കൂര് തികയുകയും, കുറേശ്ശെ കുറേശ്ശെയായി അവയവങ്ങള് അനങ്ങാന് തുടങ്ങുകയും ചെയ്തു. പകുതി തുറക്കപ്പെട്ട കണ്ണുകള് പ്രകാശത്തില് ചിമ്മാന് തുടങ്ങി.
ഉച്ചത്തിലുള്ള ആഹ്ലാദവിളികളും നന്ദി പ്രകടനവും മാര്ട്ടിന് മുറിയിലാകെ മുഴക്കി. മരിച്ചവനായി വിലപിപ്പിക്കപ്പെട്ടവനായ തങ്ങളുടെ സഹസന്യാസി ജീവന് പ്രാപിച്ചുണരുന്നത് കാണാന് വെളിയില് നിന്നിരുന്ന സന്യാസക്കൂട്ടം അകത്തേക്ക് കുതിച്ചുപാഞ്ഞു. പിന്നീട്, ഈ മനുഷ്യന് വര്ഷങ്ങളോളം ജീവിച്ചിരുന്നു. വി. മാര്ട്ടിന്റെ അത്ഭുതങ്ങളേപ്പറ്റി സാങ്കല്പികമല്ലാത്ത, നേരിട്ടനുഭവവേദ്യമായ തെളിവ് ആദ്യമായി ഹാജരാക്കാന് കഴിഞ്ഞത് ഇദ്ദേഹത്തിനായിരുന്നു. ശരീരത്തില് നിന്നും ''മുക്തനാക്ക''പ്പെട്ടപ്പോള് എന്തൊക്കെ സംഭവിച്ചു എന്ന് അദ്ദേഹം പതിവായി പറയാറുണ്ടായിരുന്നു.
വി. മാര്ട്ടിൻ ഉയിർപ്പിച്ച ആ സന്യാസവര്യന്റെ വിവരണം ഇപ്രകാരമായിരുന്നു:- "മരിച്ചയുടനെ, ഒരു ന്യായാധിപന്റെ കോടതിയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടു; ഒരു വഷളക്കൂട്ടത്തോടൊപ്പം ഒരു അന്ധകാരം നിറഞ്ഞ സ്ഥലത്തേക്ക് പോകുവാന് വിധി ഉണ്ടായി. ഉടന് തന്നെ, മാര്ട്ടിന് പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് ഇയാളാണെന്ന ദൂത് രണ്ട് മാലാഖമാര് ന്യായാധിപനെ അറിയിക്കുന്നു. അപ്പോള്തന്നെ, ഇയാളെ പഴയ ജീവിതത്തിലേക്ക് പുനഃസ്ഥാപിക്കുവാന് മാലാഖമാര്ക്ക് ഉത്തരവുണ്ടായി."
അല്പകാലത്തിന് ശേഷമാണ് രണ്ടാമത്തെ അത്ഭുതം സംഭവിക്കുന്നത്. ലുപ്പിസിനസ് എന്ന് പേരായ ഒരു ഉയര്ന്ന പദവിയിലുള്ള വ്യക്തിയുടെ താമസസ്ഥലത്തു കൂടി മാര്ട്ടിന് നടന്നുപോകുകയായിരുന്നു. ദീനതയാര്ന്ന ഒരു കൂട്ടക്കരച്ചില് പുണ്യവാളന് കേട്ടു. തൊട്ടടുത്തുള്ള ഒരു വീട്ടില് ദുഃഖാര്ത്തരായ ഒരാള്ക്കൂട്ടം അദ്ദേഹം ശ്രദ്ധിച്ചു. ഒരു ചെറുപ്പക്കാരനായ അടിമ തൂങ്ങിച്ചത്തു എന്നാണ് അന്വേഷിച്ചപ്പോള് അറിഞ്ഞത്.
പ്രാര്ത്ഥനായജ്ഞവും, മുമ്പത്തെ അത്ഭുതത്തില് ചെയ്തപോലുള്ള പ്രവര്ത്തി ചെയ്യുവാനും, മാര്ട്ടിന് ഒരുക്കങ്ങള് തുടങ്ങി. അടിമയുടെ അവയവങ്ങളില് ജീവനന്റെ ചലനങ്ങള് ആരംഭിച്ചു; അവന് കണ്ണു തുറന്ന് മാര്ട്ടിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട്, മാര്ട്ടിന്റെ കൈയ്യില് പിടിമുറുക്കിക്കൊണ്ട്, സാവധാനം എഴുന്നേറ്റ് നിന്നു. സകല ആളുകളും ഭയഭക്തിയോടെ നോക്കിനില്ക്കേ, ആ യുവാവ് മാര്ട്ടിനോടൊത്ത് തന്റെ ഭവനത്തിന്റെ പൂമുഖത്തേക്ക് നടന്നുനീങ്ങി.
ഈ രണ്ട് അത്ഭുതസംഭവങ്ങളും ആവര്ത്തിച്ച് വിവരിച്ചശേഷം, ഗീയോണ് ഇപ്രകാരം എഴുതുന്നു:- ''ഈ രണ്ട് വര്ണ്ണാഭമായ അത്ഭുതങ്ങളും ഞാന് വര്ണ്ണിച്ചിരിക്കുന്നത് എന്റെ അഭിപ്രായങ്ങള് കൂടാതെയാണ്, കാരണം, അവ ലിഖിതമായ രേഖകളില് ഉള്ളതും അമാനുഷിക സ്വഭാവമുള്ള സംഭവങ്ങളുടെ തെളിവുകള് കാണാതിരിക്കുവാനായി നമ്മുടെ കണ്ണുകള് മൂടിക്കെട്ടിയിട്ടില്ലെങ്കില്, വിശ്വസിക്കാതിരിക്കാന് നിവര്ത്തിയില്ലാത്തതുമാകുന്നു.
മൂന്നാമത്തെ പുനരുദ്ധാരണ സംഭവമായിരുന്നു കൂടുതല് പകിട്ടേറിയത്. വിശുദ്ധ മാര്ട്ടിന് ബിഷപ്പായി വാഴിക്കപ്പെട്ട ശേഷമായിരുന്നു അത് സംഭവിച്ചത്. ഒരു വലിയ പട്ടണമായ ബുവാസിലേക്കുള്ള യാത്രാമദ്ധ്യേ, അവിശ്വാസികളുടെ ഒരു കൂട്ടം തനിക്കുനേരെ വരുന്നതായി കണ്ടു. അവര് ആ മൈതാനും മുഴുവന് നിറഞ്ഞു കവിഞ്ഞിരുന്നു. (മഹാന്മാരായ പ്രേഷിത പ്രവര്ത്തകരുടെ ജീവിതത്തില് ഇത്തരത്തിലുള്ള സുവിശേഷരംഗങ്ങള് സാധാരണ അനുഭവങ്ങളായിരുന്നു) വിശുദ്ധന്റെ അത്ഭുത പ്രവര്ത്തികളെക്കുറിച്ച് കേട്ടിട്ടുള്ളവരായിരുന്നു ഈ ജനക്കൂട്ടം. Martin Sensit Operandum എന്ന പുസ്തകത്തില് ഒരെഴുത്തുകാരന് എഴുതിയിരിക്കുന്നതുപോലെ - പ്രവര്ത്തിക്കുവാനുള്ള നിമിഷം ഇതാണ് എന്ന് അദ്ദേഹം മനസ്സിലാക്കി! ചുരുക്കം ചില സന്ദര്ഭങ്ങളില് ഒരു പ്രത്യേക ''പ്രസരിപ്പ്'' അദ്ദേഹത്തിന്റെ ഉള്ളില് ഉണര്ന്നുയരും; അത് പരിശുദ്ധാത്മാവില് നിന്നാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. ആഴമേറിയ ആവേശത്തോടെ വിശുദ്ധ മാര്ട്ടിന് ഗര്ജിച്ചു: ''ഇത്രയും വമ്പിച്ച ഒരു ആത്മാക്കളുടെ സമുച്ചയത്തിന്, നമ്മുടെ രക്ഷിതാവായ കര്ത്താവിനെ' അറിയാന് എന്തുകൊണ്ടാണ് കഴിയാത്തത്?''
അതേ നിമിഷത്തില്, ആള്ക്കൂട്ടത്തിനിടയിലൂടെ ഇടിച്ചുകയറി ഒരു സ്ത്രീ വന്നുനിന്നു; ഒരു കുഞ്ഞിന്റെ ജീവനറ്റ ശരീരം കൈകളില് ചുമന്നുകൊണ്ട്. ശവശരീരം മാര്ട്ടിന് നേരെ നീട്ടിക്കൊണ്ട് അവര് കരഞ്ഞ് പറഞ്ഞു: ''അങ്ങ് ദൈവത്തിന്റെ സ്നേഹിതനാണെന്ന് ഞങ്ങള്ക്ക് അറിയാം, എന്റെ മകനെ എനിക്ക് തിരിച്ച് തരിക! അവന് എന്റെ ഏക മകനാണ്!'' വിശ്വാസവും, ദൈവവും, അവന്റെ വിശുദ്ധനും ദൈവീക ശക്തിയും തമ്മിലുള്ള ബന്ധം ഇതിലും ഭംഗിയായി പ്രകടിപ്പിക്കാന് ഒരു ദൈവശാസ്ത്രപണ്ഡിതനും സാധ്യമല്ല!
ആള്ക്കൂട്ടം എല്ലാം കേട്ടു. സ്ത്രീയുടെ വെല്ലുവിളിയിലെ കാര്യകാരണ ന്യായം എല്ലാവര്ക്കും ബോധ്യമായി. ഈ സാധുക്കളായ മൊത്തം ജനങ്ങളുടേയും രക്ഷയുടെ മാര്ഗ്ഗം ദൈവം നിരസിക്കുകയില്ലെന്ന് മാര്ട്ടിന് ഉറപ്പായിരുന്നു. അദ്ദേഹം കുട്ടിയെ കൈകളിലെടുത്ത്, മുട്ടുകുത്തി, പ്രാര്ത്ഥന തുടങ്ങി. പ്രതീക്ഷയോടെ ജനങ്ങള് നിശബ്ദരായി നിന്നു. തീവ്രമായ ഉത്ക്കണ്ഠയുടെ ഞെട്ടിപ്പിക്കുന്ന വികാരം എങ്ങും നിറഞ്ഞുനിന്നു. മാര്ട്ടിന് പ്രാര്ത്ഥന പൂര്ത്തിയാക്കി; കൈകളില് ജീവനുള്ള കുഞ്ഞിനെ പിടിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റുനിന്നു. കുട്ടിയെ അമ്മയ്ക്ക് കൈമാറി.
കര്ത്താവ് ഒരു മഹാത്ഭുതം പ്രവര്ത്തിച്ചു; അവന്റെ തിരഞ്ഞെടുക്കപ്പെട്ട ഉപകരണം വഴി, വിലയാര്ന്ന ഈ അവിശ്വാസികളുടെ ആത്മാക്കളുടെ പരിവര്ത്തനത്തിനുവേണ്ടി! ക്രിസ്തുവിനെ ദൈവമായി മുഴുവന് ജനാവലിയും പ്രഖ്യാപിച്ചു! അവര് ചെറിയ സംഘങ്ങളായി പിരിഞ്ഞുവന്ന്, വി. മാര്ട്ടിന്റെ കാല്ക്കല് വീണ്, അവരെ ക്രിസ്ത്യാനികളാക്കണമെന്ന് അപേക്ഷിച്ചു. മാര്ട്ടിന് സമയം പാഴാക്കിയില്ല. അപ്പോള് തന്നെ ആ വെളിമ്പ്രദേശത്ത് വച്ചുതന്നെ, അവരുടെ മേല് കൈവച്ച്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് മാമ്മോദീസ നൽകി.
പഴയ പ്രാര്ത്ഥനാപുസ്തകങ്ങളില് വി. മാര്ട്ടിന് കൊടുത്തിരിക്കുന്ന സ്ഥാനപ്പേര്, Trium Mortuorum Suscitator എന്നാണ്, അതായത് "മൂന്ന് മരിച്ചവരെ ഉയിർപ്പിച്ചവൻ."
മരിച്ചവരെ ഉയിര്പ്പിച്ച മറ്റു രണ്ടു വിശുദ്ധരായ പോയിട്ട്യേഴ്സിലെ വിശുദ്ധ ഹിലരിയോടും, പാരീസിലെ വിശുദ്ധ ജനീവ്യവിനോടും ഒപ്പം ടോര്സിലെ വിശുദ്ധ മാര്ട്ടിനും ഫ്രാന്സിന്റെ ശ്രേഷ്ഠരായ മദ്ധ്യസ്ഥന്മാരിൽ ഒരാളാണ്. ക്രൈസ്തവ സൈനികരുടെ പരമ്പരാഗതമായ സ്നേഹഭാജനം കൂടിയാണ് അദ്ദേഹം.
|