Content | ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ സാധാരണക്കാരുടെ പ്രതിനിധിയാണെന്നു ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ജനിച്ചപ്പോഴും ജീവിച്ചപ്പോഴും മരിച്ചപ്പോഴും സാധാരണക്കാരിയായിരിന്ന അവള്‍ ഔന്നിത്യത്തിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു ഭരണങ്ങാനത്ത് തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.
ആധുനിക ലോകത്തിനു ദൈവം നല്‍കിയ സമ്മാനമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. വിശുദ്ധിയെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അല്‍ഫോന്‍സാമ്മ അവതരിപ്പിച്ചു. സ്നേഹത്തോടെ സഹനത്തെ സമീപിക്കുമ്പോള്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരമാകുമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് ചെങ്ങളം ഇടവകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പദയാത്രയായി എത്തിയിരിന്നു. ആയിരങ്ങളാണ് അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം തേടി ഓരോ ദിവസവും ഭരണങ്ങാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
|