Content | ജിനോറ്റേഗ, നിക്കരാഗ്വ: കലാപം രൂക്ഷമായ മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിൽ രണ്ട് ദേവാലയങ്ങൾക്കു നേരെ ആക്രമണം. നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും സഭയും തമ്മിൽ അഭിപ്രായ അനൈക്യം നിലനിൽക്കുന്നതിനിടയിലാണ് ജിനോറ്റേഗ രൂപതയിലെ രണ്ട് ദേവാലയങ്ങൾക്ക് നേരെ ആക്രമണം നടന്നത്. ജൂലൈ ഇരുപത്തിരണ്ടിന് സാന്‍ റാഫേൽ ദൽ നോർത്തെയിലെ സെന്‍റ് മാർക്ക് ദേവാലയത്തിന്റെ ചാപ്പൽ ജനാലകൾ അജ്ഞാതരായ ആക്രമികൾ തകർക്കുകയും തിരുവോസ്തി മോഷ്ടിക്കുകയും ചെയ്തതായി ഇടവക വികാരി ഫാ.നോയി അർമാൻഡോ ഫ്ലോറസ് പറഞ്ഞു. പിറ്റേന്ന് സമീപത്തെ വയലിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സക്രാരി കണ്ടെത്തിയിരിന്നു.
നേരത്തെ ജൂലൈ 20-നു സമാന രീതിയിൽ ജിനോറ്റേഗ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചാപ്പലും അക്രമിക്കപ്പെട്ടു. ചിന്നി ചിതറിയ നിലയിലാണ് തിരുവോസ്തിയും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയിൽ എട്ട് കത്തോലിക്ക ദേവാലയങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ സമാധാന ഉടമ്പടി ശ്രമങ്ങൾ നടന്നു വരികയാണ്. |