Content | ഡബ്ലിന്‍: ആഗസ്റ്റ് ഇരുപത്തിയൊന്നു മുതൽ ഇരുപത്തിയാറാം തീയതി വരെ അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ നടക്കുന്ന ലോക കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ എത്തുന്നതിന്റെ പ്രതീകമായി എെറിഷ് ഗവണ്‍മെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒരു യൂറോയുടെയും, ഒന്നര യുറോയുടെയും സ്റ്റാമ്പുകളാണ് ജൂലെെ ഇരുപത്തിയാറാം തീയതി മുതൽ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട തപാൽ ഒാഫിസുകളിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ പറന്നുയരുന്ന ഒരു പ്രാവിനെ കെെയ്യിൽ പിടിച്ചിരിക്കുന്നതാണ് ഒരു യൂറോയുടെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം. കടൽ തീരത്തു കൂടി നടക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഒന്നര യൂറോയുടെ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
മാർപാപ്പയുടെ സന്ദർശനം സഭയ്ക്കും രാജ്യത്തിനും വലിയൊരു അവസരമാണെന്നും അതിനാൽ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകൾ യോജിച്ച രീതിയിലുള്ള ആദരമാണെന്നും ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിൻ പറഞ്ഞു. ലോക കുടുബ സംഗമത്തിനായി ഏകദേശം അഞ്ചുലക്ഷം ആളുകൾ ഡബ്ലിനിൽ എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്. 1989-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിനു ശേഷം അയർലണ്ട് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ പരിപാടിയായാണ് ലോക കുടുംബ സംഗമത്തെ സംഘാടകര്‍ നിരീക്ഷിക്കുന്നത്. |