Content | ന്യൂഡല്‍ഹി: കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ആവശ്യം ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ പ്രത്യക്ഷ ലംഘനമാണെന്ന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനും ബോംബെ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും കുമ്പസാരമെന്ന കൂദാശയുടെ സ്വഭാവത്തെയും അതിന്റെ അര്‍ത്ഥത്തെയും പവിത്രതയെയും ക്രൈസ്തവര്‍ അതിനു കല്പിക്കുന്ന പ്രാധാന്യത്തെയും കുറിച്ച് ഈ കമ്മീഷനുള്ള അജ്ഞതയെയാണ് ഇതു വെളിപ്പെടുത്തുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
കൂദാശ തങ്ങള്‍ക്കു പ്രദാനം ചെയ്ത കൃപയ്ക്കും പാപമോചനത്തിനും സമാധാനത്തിനും നൂറ്റാണ്ടുകളുടെ ഗതിയില്‍ സാക്ഷ്യമേകിയിട്ടുള്ള വ്യക്തികള്‍ ദശലക്ഷങ്ങളാണ്. ദേശീയ വനിതാകമ്മീഷന്‍റെ വിവേകരഹിതമായ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുമെന്ന പ്രത്യാശയും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം. |