Content | ന്യൂഡല്‍ഹി: തമിഴ്നാടിന്‍റെ മുന്‍ മുഖ്യമന്ത്രി കലൈഞ്ജര്‍ ഡോ. എം. കരുണാനിധിയുടെ മരണത്തില്‍ അനുശോചനവുമായി സിബിസിഐ. തമിഴകത്തിനും ഭാരതത്തിനു പൊതുവെയും കരുണാനിധി നല്കിയിട്ടുള്ള രാഷ്ട്രീയ സംഭാവനകള്‍ ബൃഹത്തും മഹത്തരവുമായിരുന്നുവെന്നും സമൂഹത്തിലെ താഴെക്കിടക്കാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അതുല്യസംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ടെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്ക്കരനാസ് പ്രസ്താവിച്ചു.
ക്രൈസ്തവരോടും ക്രൈസ്തവ പ്രേഷിത പ്രവര്‍ത്തനങ്ങളോടും കലൈഞ്ജര്‍ എന്നും കാട്ടിയിട്ടുള്ള പിന്‍തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ മനോഭാവത്തെ നന്ദിയോടെ അനുസ്മരിക്കുന്നതായി പ്രസ്താവിച്ചുകൊണ്ടാണ് സിബിസിഐ ജനറല്‍ സെക്രട്ടറിയുടെ അനുശോചന സന്ദേശം അവസാനിക്കുന്നത്.
|