Content | ജിയന്ന ജനിച്ചിട്ട് ഇന്നു ഒരു വർഷം തികയുവാണ്, ഭൂമിയിൽ മാത്രമല്ല സ്വർഗത്തിലും! ഇതു അവളുടെ കഥയാണ്, ഒപ്പം ഞങ്ങളുടെയും – ഞങ്ങടെ ജിയന്നക്കുവേണ്ടി ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ കഥ.
കഴിഞ്ഞവർഷം തുടക്കത്തിലാണു പെങ്ങളു വിളിച്ച് അവൾക്ക് വിശേഷം ഉണ്ടെന്നു അറിയിച്ചത്. ഒന്നരവർഷത്തോളം കാത്തിരുന്നിട്ടായിരുന്നു ഞാൻ ആ വാർത്ത കേട്ടത്. എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു ഞങ്ങൾ! വീട്ടിലേക്ക് ഒരു പുതുതലമുറ കടന്നു വരാൻ പോകുന്നു. ഞങ്ങളെല്ലാവരും പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ജനിക്കാൻ പോകുന്ന കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ? അവൾക്ക് ആരുടേ ഛായ ആയിരിക്കും? അപ്പന്റെയൊ അമ്മയുടെയോ? അങ്ങനെ നൂറുകൂട്ടം സംശയങ്ങളും സന്തോഷങ്ങളുമായി ഓരോ ദിവസവും ഞങ്ങൾ കഴിച്ചുകൂട്ടി. പതിവിലും കൂടുതലായി പ്രാർത്ഥിച്ചു തുടങ്ങി. ആദ്യമായി അമ്മാവൻ ആകാൻ പോകുന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. കൊച്ചിനെ മാമ്മോദീസ മുക്കുവാൻ ഞാൻ വരുമെന്ന് പെങ്ങൾക്ക് ഞാൻ വാക്കു കൊടുത്തു.
അങ്ങനെ ദിവസവങ്ങൾ കഴിഞ്ഞുപോയി. ക്രിത്യമായ ചെക്കപ്പുകൾ നടത്തിക്കൊണ്ടിരുന്നു. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. സന്തോഷകരമായ അങ്ങനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ ആണു അഞ്ചാം മാസത്തിലെ ചെക്കപ്പ് വരുന്നത്. മെയ് അവസാനം ആയിരുന്നു അത്. പക്ഷെ ആ ചെക്കപ്പ് ഞങ്ങടെ സ്വർഗ്ഗത്തിലേക്ക് സങ്കടത്തിന്റെ കൊടുങ്കാറ്റായിട്ടാണു പറന്നിറങ്ങിയത്.
സ്കാനിംഗിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ! അമ്നിയോട്ടിക്ക് ഫ്ലൂയിഡ് തീരെ ഇല്ല. കുഞ്ഞിന്റെ കിഡ്നി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. തലയ്ക്കും ഹൃദയത്തിനും എന്തൊക്കെയോ കുഴപ്പങ്ങൾ! അങ്ങനെ അങ്ങനെ... റീസ്കാനിലും ഇതേ പ്രശ്നങ്ങൾ കാണിച്ചതോടെ കാര്യം കൺഫേം ആയി. അപായമണി മുഴങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ ഇരുന്നുപോയി. ഡോക്ടർ എന്തെക്കൊയൊ മരുന്നുകൾ കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞു. സ്ഥിതിഗതിയിൽ ഒരു പുരോഗമനവും ഇല്ല. അവസാനം ഡോക്ടർ വിധിയെഴുതി – “കുഞ്ഞിനെ അബോർട്ട് ചെയ്യണം.” കൂട്ടത്തിൽ കുറച്ചു ഉപദേശങ്ങളും – “ഈ കുഞ്ഞു ജീവനോടെ ജനിക്കില്ല. ഇനി അഥവാ ജനിച്ചാൽ തന്നെ ആരോഗ്യപരമായും ബൌദ്ധികമായും ഒക്കെ പ്രശ്നങ്ങൾ ഉള്ള കുഞ്ഞ് ആയിരിക്കും. ഈ കുഞ്ഞ് നിങ്ങൾക്ക് ഒരു പ്രശ്നമാവും. നിങ്ങൾക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഈ കുഞ്ഞിനെ അബോർട്ട് ചെയ്യുന്നതാണു നല്ലത്.”
തകർന്ന ഹൃദയത്തോടെയാണു അന്നു പെങ്ങൾ ഫോൺ ചെയ്തത്. എന്തു പറയണമെന്നറിയാതെ ഞാനും ഇരുന്നുപോയി. ഒരു തീരുമാനം എടുക്കണം. ഞാൻ എന്തു പറയുന്നു എന്ന് അറിയാൻ അവർ കാത്തിരിക്കുന്നു. ഈ അവസരത്തിൽ ഞാൻ എന്തു പറയാനാണ്? വൈദികജീവിതത്തിൽ പലപ്പോഴും പലരോടായി ഉപദേശിച്ചിട്ടുള്ള കാര്യങ്ങൾ എന്റെ മനസിലേക്ക് ഓടിയെത്തി. മൂന്നാമതൊരു കുഞ്ഞിനെ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് അതിനെ അബോർട്ട് ചെയ്യാനൊരുങ്ങിയപ്പോൾ എന്റെ വാക്കുകൾ കേട്ട് വേണ്ടെന്നു വച്ച ദമ്പതിമാരെ ഞാൻ ഓർത്തു. അവരുടെ മനോഹരിയായ മൂന്നാമത്തെ കുഞ്ഞിനെ ഒരിക്കൽ കുർബാനയ്ക്കു ശേഷം എന്നെ കാണിക്കാനായി കൊണ്ടുവന്നതും. പ്രസംഗിക്കാനും ഉപദേശിക്കാനും എളുപ്പമാണ്, എന്നാൽ ജീവിക്കാൻ ആണു ബുദ്ധിമുട്ട്...!
അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. തത്ക്കാലം നമുക്ക് കൂടുതൽ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറാം. അവിടെ ഒന്നുകൂടി പരിശോധിക്കാം, ചികിത്സ തേടാം. അങ്ങനെ പെങ്ങളുമായി മറ്റൊരു ആശുപത്രിയിലേക്ക്. അവിടെയും പരിശോധനാഫലം പഴയതുതന്നെ. ചികിത്സിച്ചുനോക്കാം എന്ന് ഡോക്ടർ. വേദന നിറഞ്ഞ നാളുകൾ ഓരോന്നായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഈ ദിവസങ്ങളിലൊക്കെയും ഞങ്ങൾ ശക്തമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾ ഞങ്ങൾക്കൊപ്പം കൂടി. ചികിത്സയും പ്രാർത്ഥനയും നടക്കുന്നുണ്ടായിരുന്നെങ്കിലും കൊച്ചിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല. സത്യത്തിൽ അതു കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുവാണ്. മാത്രമല്ല, ആദ്യത്തെ ആശുപത്രിയിൽ ഉണ്ടായിരുന്നതിനേക്കാൾ ശക്തമായി ഇവർ അബോർഷനു നിർബന്ധിച്ചുകൊണ്ടും ഇരിക്കുന്നു. ചികിത്സ കൊണ്ട് വലിയ ഫലം ഒന്നും ഉണ്ടാകില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു.
ഇനി ഒരു തീരുമാനം എടുക്കാതെ മുമ്പോട്ട് പോകാനാവില്ല. ഞങ്ങൾ കർത്താവിന്റെ മുമ്പിൽ മുട്ടുകുത്തി. ഒരേ ഒരു കാര്യമാണു ഞങ്ങളുടെ എല്ലാം മനസിൽ കൂടി കടന്നുപോയത്... “എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.” എന്ന യേശുവിന്റെ പ്രാർത്ഥന! ഇല്ല, ഞങ്ങളുടെ കുഞ്ഞിനെ കൊല്ലാൻ ഞങ്ങൾക്ക് ഒരിക്കലും ആവുമായിരുന്നില്ല. അതൊരു കൂട്ടായ തീരുമാനം ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ തീരുമാനം. അതിലുപരി കുഞ്ഞിന്റെ മാതാപിതാക്കളുടെ തീരുമാനം.
എന്തു വന്നാലും അബോർഷനു ഞങ്ങൾ തയാറല്ല എന്ന തീരുമാനം ഞങ്ങൾ ആശുപത്രി അധികൃതരെ അറിയിച്ചു. എങ്കിലും അബോർഷനു അവർ നിർബന്ധിച്ചുകൊണ്ടേയിരുന്നു. “എന്തായാലും ഈ കുഞ്ഞു അമ്മയുടെ ഉദരത്തിൽ മരിക്കും. എങ്കിൽ പിന്നെ അതിനെ നേരത്തെ കളഞ്ഞുകൂടേ?” ഇതായിരുന്നു അവരുടെ വാദം. “മരിക്കും എന്നു പറഞ്ഞു നമ്മൾ ആരെയും കൊല്ലാറില്ലല്ലൊ. മരിക്കുന്നെങ്കിൽ മരിച്ചോട്ടെ” എന്നു ഞങ്ങളും. ഈ തീരുമാനത്ത്റ്റിൽ എന്നെ ഏറെ അതിശയിപ്പിച്ചതു ബിറ്റ്സിയും പയസും തന്നെയായിരുന്നു. അന്തിമതീരുമാനം അവരുടേതാണു എന്നു ഞങ്ങൽ സൂചിപ്പിച്ചപ്പോൾ, “എന്തുവന്നാലും ഞങ്ങൾക്കീ കൊച്ചിനെ വേണം” എന്നവർ നിർബന്ധം പറഞ്ഞു. “ഇനി അഥവാ കുഞ്ഞ് ജനിക്കുന്നതിനു മുമ്പേ മരിച്ചാലും അതു ഗർഭത്തിലായിരിക്കുന്നിടത്തോളം കാലം ഞങ്ങൾ അതിനെ സ്നേഹിക്കും. അതല്ല, കുഞ്ഞു പത്തോ ഇരുപതോ മുപ്പതോ വയസു വരെ ജീവിച്ചാലും ഞങ്ങൾക്ക് ജീവനുള്ളിടത്തോളം കാലം ഞങ്ങൾ അവനെ/അവളെ സ്നേഹിക്കും” എന്നായിരുന്നു അവരുടെ മറുപടി. “നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും” എന്നു ഞങ്ങൾ അവർക്ക് വാക്കു കൊടുത്തു.
അവസാനം അബോർഷൻ ചെയ്യാനുള്ള നിർബന്ധം സഹിക്കവയ്യാതെ ഞങ്ങൾ ആശുപത്രി മാറാൻ തീരുമാനിച്ചു. ഇതു മൂന്നാമത്തെ ആശുപത്രിയാണ്. ചെന്ന പാടെ ഡോക്ടറിനെ ഞങ്ങൾ നിലപാട് അറിയിച്ചു. “ഇത്രയും പ്രശ്നമുള്ള കൊച്ചാണ്. അബോർഷനു നിർബന്ധിക്കരുത്. അതിനു ഞങ്ങൾ തയാറല്ല.” ഡോക്ടർ സമ്മതിച്ചു. വിശ്രമം വേണം. അതല്ലാതെ ഇതിനു വേണ്ടി മാത്രമായി വേറെ പ്രത്യേകിച്ച് മരുന്നുകൾ ഒന്നും ഇനിയില്ല. ക്രിത്യമായ ഇടവേളകളിൽ ചെക്കപ്പിനു ചെല്ലണം.
ഒരു കോളേജിൽ താത്ക്കാലികമായി ഉണ്ടായിരുന്ന അധ്യാപകതസ്തിക അതോടേ രാജിവച്ചു പെങ്ങൾ വീട്ടിലായി. ദൈവമല്ലാതെ മറ്റൊരു ആശ്രയവും ഇല്ലാത്ത അവസ്ഥ. തീക്ഷ്ണമായ പ്രാർത്ഥന. പല സുമനസുകളും ഞങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ കൂടി. ഇടയ്ക്ക് ധ്യാനം കൂടി. ഒരു അത്ഭുതം നടക്കും എന്നു പലരും പ്രത്യാശ നൽകിത്തുടങ്ങി. എന്നാൽ, ഹൃദയത്തിലെവിടെയോ എല്ലാം നല്ലതാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നപ്പോഴും ഞങ്ങൾ പ്രാർത്ഥിച്ചത് കുഞ്ഞിനെ അപകടമൊന്നും കൂടാതെ ഞങ്ങൾക്ക് നൽകണമേ എന്നായിരുന്നില്ല, മറിച്ച്, എന്തുവന്നാലും അതു നേരിടാൻ ഞങ്ങളെ ഒരുക്കണമേ എന്നായിരുന്നു. ഇനി കുഞ്ഞു മരിക്കണമെന്നാണു ദൈവഹിതമെങ്കിൽ അതു നടക്കട്ടെ... പക്ഷെ അതിനെ കൊല്ലാൻ ഞങ്ങളെ അനുവദിക്കരുതെ... നാട്ടുകാരുടെയും ബന്ധുക്കാരുടെയും ഒക്കെ പലവിധ അഭിപ്രായങ്ങൾക്കിടയിൽ ഞങ്ങൾ ഞങ്ങടെ കുഞ്ഞിനുവേണ്ടി പൊരുതുകയായിരുന്നു – ദൈവത്തോടൊപ്പം.
അങ്ങനെ മാസം മൂന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം (2017) ആഗസ്റ്റ് 13 ഞായറാഴ്ച. ഒൻപത് മണിക്കത്തെ കുർബ്ബാന കൂടാനായി പെങ്ങളും അമ്മയും കൂടി പോയി. കുർബ്ബാന കൂടി ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തി. അതിനുശേഷം കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ പെങ്ങൾക്ക് അസ്വസ്ഥത. എട്ടുമാസമേ ആയിട്ടുള്ളു. എങ്കിലും സംശയം തോന്നി അവളേയും കൂട്ടി ആശുപത്രിയിലേക്ക്.
അവിടെയെത്തി ഒരു മണിക്കൂറിനുള്ളിൽ അവൾ പ്രസവിച്ചു. അമ്നിയോട്ടിക്ക് ഫ്ലൂയിഡ് ഇല്ലായെന്നു പറഞ്ഞ അവൾക്ക് വളരെ സ്വാഭാവികമായ ഒരു പ്രസവം! സുന്ദരിയായ ഒരു മാലാഖ. ജീവനോടെയാണു അവളെ ദൈവം ഈ ലോകത്തിലേക്ക് അയച്ചത്. പക്ഷെ ഇരുപതു മിനിറ്റിനു ശേഷം ഈ ലോകത്തിലേക്ക് അവളെ അയച്ച ദൈവം തന്നെ അവളെ സ്വർഗത്തിലേക്കും കൂട്ടിക്കൊണ്ടു പോയി. അവളുടെ അമ്മ ആശുപത്രിയിലായിരിക്കുമ്പോൾ തന്നെ അവളെ പള്ളിയിൽ കബറടക്കി.
ആരും തകർന്നുപോകുന്ന നിമിഷങ്ങൾ. സങ്കടമുണ്ടായിരുന്നു – പെയ്താൽ തീരാത്ത സങ്കടം. എന്നാൽ ഞങ്ങൾ തകർന്നില്ല. മരിക്കുന്നതിനു തൊട്ടു മുമ്പ് അവൾ അമ്മയുടെ ഉദരത്തിൽ ഈശോയുടെ വിശുദ്ധകുർബാനയിൽ പങ്കുകൊണ്ടിരുന്നു. ഈശോയെ സ്വീകരിച്ചിരുന്നു. അവളുടെ അപ്പനും അമ്മയും ഗ്രാൻഡ്-പേരന്റ്സും അവൾക്കുവേണ്ടി ദിവസവും കർത്തൃസന്നിധിയിൽ കൈയുയർത്തുന്നുണ്ടായിരുന്നു. അവൾ ജനിക്കുമ്പോഴും മരിക്കുമ്പോഴും ഞാൻ കർത്താവിന്റെ അൾത്താരയിൽ ബലിയർപ്പിക്കുകയായിരുന്നു. അവൾക്കുവേണ്ടിയും അവളുടെ അമ്മയ്ക്കുവേണ്ടിയും ആയിരങ്ങൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അതായിരുന്നിരിക്കണം ഞങ്ങളുടെ ബലം.
പിറ്റേദിവസം ഞാൻ ആശുപത്രിയിലേക്ക് ഫോൺ വിളിച്ചപ്പോൽ അവിടുത്തെ കൌൺസിലർ ആയ ഒരു സിസ്റ്റർ പെങ്ങളെ സന്ദർശിക്കാനായി അവളുടെ മുറിയിൽ ഉണ്ടായിരുന്നു. ആ സിസ്റ്റർ പറഞ്ഞത് ഞാൻ ഇന്നും ഓർത്തിരിക്കുന്നുണ്ട്. “മറ്റുള്ളവരെ പോലെയല്ല, ബിറ്റ്സി നല്ലവണ്ണം ഒരുങ്ങിയിട്ടുണ്ട്.” ഉള്ളിൽ വേദന ഉണ്ടായപ്പോഴും തകരാതെ ഞങ്ങളെ കാത്തുപാലിച്ചത് ദൈവമാണ്. മാതാവിന്റെ മാധ്യസ്ഥമാണ്..
അന്നു ഞങ്ങൾ കണ്ടത് ഒരു അത്ഭുതമാണ്. അത്ഭുതമെന്ന് പറഞ്ഞാൽ അതു നമ്മൾ ആഗ്രഹിക്കുന്നത് നടക്കുന്നതു മാത്രമല്ല, എന്തു നടക്കുന്നോ അതിനെ സന്തോഷത്തോടെ സ്വീകരിക്കാൻ സാധിക്കുന്നതാണ്. “എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.” എന്നു പ്രാർത്ഥിച്ചവനാണ് നമ്മുടെ മാതൃക. “അങ്ങയുടെ തിരുമനസ് സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമെ” എന്ന് ആണു നാം ദിനവും പ്രാർത്ഥിക്കുന്നത്. അതിനുവേണ്ടി നാം തയാറാകുന്നതാണു ശരിയായ അത്ഭുതം.
ആ മൂന്നു മാസവും അതുകഴിഞ്ഞും ഞങ്ങൾ അനുഭവിച്ച ദൈവാനുഭവത്തെക്കുറിച്ച് എഴുതിയാൽ ഈ കുറിപ്പ് ഇനിയും നീണ്ടുപോകും. അതിനാൽ ഈ സംഭവവുമായി ബന്ധപ്പെട്ട ചില ചിന്തകൾ കൂടി പങ്കുവച്ചുകൊണ്ട് നിർത്താം.
1. ശരിയായ അർത്ഥത്തിൽ ഒരു ക്രിസ്ത്യാനി ആയിരിക്കുന്നത് അത്ര എളുപ്പമല്ല.
2. ഈ ലോകം ശക്തിയുള്ളവന്റെ മാത്രം അല്ല, ബലഹീനന്റേത് കൂടിയാണ്. ബുദ്ധിയുള്ളവന്റെ മാത്രം അല്ല, ബുദ്ധിയില്ലാത്തവന്റേതു കൂടിയാണ്. ഗർഭപാത്രത്തിന്റെ പുറത്തുള്ളവരുടെ മാത്രമല്ല, അകത്തുള്ളവരുടേതു കൂടിയാണ്.
3. ജീവൻ, അതു ഏതു അവസരത്തിലായാലും ജീവൻ ആണ്. അതിനു ഗ്രഡേഷൻ നിശ്ചയിച്ച് അതിനെ ഇല്ലാതാക്കാൻ ഉള്ള അവകാശം നേടുന്നത് മറ്റുള്ളവരുടെ ജീവിതത്തിൽ “ദൈവം” ആകാനുള്ള ശ്രമങ്ങളാണ്. “ദൈവത്തെപോലെ ആകാൻ ശ്രമിച്ച ആദിമാതാപിതാക്കളുടെ പാപത്തിന്റെ ബാക്കിപത്രം ആണ് അത്.
4. ശക്തിയില്ലാത്തവനെ കൊല്ലാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. പ്രാരാബ്ദമാകുന്നവരെ കൊല്ലാൻ ശ്രമിക്കുന്നത് നാസിസമാണ്. ഉപയോഗമില്ലാത്തവരെ നശിപ്പിക്കുന്നത് ഉപഭോഗമാണ്.
5. ഗർഭപാത്രത്തിലെ ജീവനു വിലയുണ്ടാകട്ടെ..! എല്ലാവരെയും സ്നേഹിക്കുവാൻ ഉള്ള മനസുണ്ടാകട്ടെ.
അവസാനമായി,
ഞങ്ങൾ ഞങ്ങടെ കൊച്ചുമാലാഖയ്ക്ക് ജിയന്ന എന്നാണു പേരിട്ടിരിക്കുന്നത്. ഗർഭപാത്രത്തിലെ ജീവന്റെ പോരാളി ആയിരുന്ന ജിയന്ന പുണ്യവതിയുടെ പേരല്ലാതെ മറ്റെന്താണു അവൾക്ക് നൽകാനാവുക!
Happy Birthday Gianna! Pray for us! |