category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണവും സഭയുടെ പ്രബോധനവും
Contentപരി. കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം നാം കാണുന്നത് 1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയുസ് മാര്‍പാപ്പയുടെ മുനിഫിചെന്തിമൂസ് ദൈവൂസ് (എറ്റവും ദയാനിധിയായ ദൈവം) എന്ന അപ്പസ്‌തോലിക പ്രമാണത്തിലാണ്. 1950-ലെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ പത്രോസിന്റെ ദൈവാലയത്തിന്റെ മുറ്റത്ത് ഒന്നിച്ച് കൂടിയിരുന്ന അഞ്ചു ലക്ഷത്തോളം വരുന്ന ജനത്തിനു മുമ്പില്‍ നിന്ന് മാര്‍പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അമലോദ്ഭവ ദൈവമാതാവ്, നിത്യകന്യകയായ മറിയം, അവളുടെ ഭൗമികജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം ആത്മശരീരങ്ങളോടുകൂടി സ്വര്‍ഗ്ഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു. ഈ അപ്പസ്‌തോലിക പ്രമാണത്തിലെ വാക്കുകളില്‍ പരിശുദ്ധ മറിയത്തെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ മറ്റ് മൂന്നു വിശ്വാസസത്യങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മറിയം അമലോത്ഭവയാണ് (9-ാം പീയുസ് മാര്‍പാപ്പ 1854 ഡിസംബര്‍ 8), മറിയം നിത്യകന്യകയാണ് (649-ലെ ലാറ്ററന്‍ സൂനഹദോസ്), മറിയം ദൈവമാതാവാണ് (431-ലെ എഫേസൂസ് സാര്‍വ്വത്രിക സൂനഹദോസ്) എന്നിവയാണ് മറിയത്തെ സംബന്ധിച്ചുള്ള മറ്റു വിശ്വാസസത്യങ്ങള്‍. വിശ്വാസ സത്യമായി സഭ ഒരു കാര്യം പഠിപ്പിക്കുന്നു എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് സഭ പഠിപ്പിക്കുന്ന ആ സത്യം സഭാംഗങ്ങള്‍ എല്ലാവരും വിശ്വസിക്കാന്‍ കടപ്പെട്ടിക്കുന്നു എന്നാണ്. കത്തോലിക്കാസഭയുടെ വേദപാഠപുസ്തകം 966 ഖണ്ഡികയിലും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രബോധനം കാണുവാന്‍ സാധിക്കും. അമലോദ്ഭവയായ കന്യക, ഉദ്ഭവപാപത്തിന്റെ എല്ലാ കറകളില്‍ നിന്നും മോചിതയായവള്‍, അവളുടെ ഭൗമിക ജീവിതം അവസാനിച്ചപ്പോള്‍, ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെടുകയും, സകലത്തിന്റെയും രാജ്ഞിയായി ദൈവത്താല്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു. അങ്ങനെ അവള്‍ തന്റെ പുത്രനും, നാഥന്മാരുടെ നാഥനും, മരണത്തെയും പാപത്തെയും വിജയിച്ചവനുമായവനോട് കൂടുതല്‍ പൂര്‍ണ്ണമായി താദാത്മ്യപ്പെടുകയും ചെയ്തു. പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോപണം, അവളുടെ പുത്രന്റെ ഉത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും, എല്ലാ വിശ്വാസികളും പങ്കുചേരാനുള്ള പുനരുത്ഥാനത്തിന്റെ മുന്‍കൂട്ടിയുള്ള പങ്കുചേരലുമാണ്. പരിശുദ്ധകന്യാകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1950-ല്‍ ആണെങ്കിലും. ആദ്യ നൂറ്റാണ്ടു മുതല്‍ സഭാമക്കള്‍ വിശ്വസിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ സത്യമാണിത്. സഭയുടെ ആദ്യ നൂറ്റാണ്ടുകള്‍ മുതലുള്ള വിശ്വാസ പാരമ്പര്യത്തിലും, സഭാപിതാക്കന്മാരുടെയും, വേദശാസ്ത്ര പണ്ഡിതന്മാരുടെയും പ്രബോധനങ്ങളിലും, വിവിധ സഭകളുടെ പ്രാചീനമായ ആരാധനക്രമങ്ങളിലും പരി. കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കാണാം. നൂറ്റാണ്ടുകളായുള്ള സഭയുടെ ഈ വിശ്വാസം വലിയ ഒരുക്കത്തിന്റെയും പഠനത്തിന്റെയും ശേഷമാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അപ്പസ്‌തോലിക പ്രമാണത്തില്‍ പറയുന്നത് മറിയത്തിന്റെ ഭൗമികവാസത്തിനുശേഷം സ്വര്ഗ്ഗീ യമഹത്ത്വത്തിലേക്കു എടുക്കപ്പെട്ടു എന്നാണ്. അപ്പോക്രിഫല്‍ പുസ്തകങ്ങളായ യാക്കോബിന്റെ സുവിശേഷം, തോമ്മായുടെ സുവിശേഷം, എന്നീ ഗ്രന്ഥങ്ങളില്‍ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉണ്ട്. അപ്പോക്രിഫല്‍ പുസ്തകത്തിലെ വിവരണമനുസരിച്ച് പരിശുദ്ധ മറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മാളികയോടു ചേര്ന്നി ജീവിക്കുകയും, അവിടെ മരിക്കുകയും, ജോസഫാത്ത് താഴ്‌വാരത്ത് അടക്കുകയും ചെയ്തു. അടക്കിയ സമയത്ത് അപ്പസ്‌തോലനായ തോമസ് അവിടെ ഇല്ലായിരുന്നുവെന്നും പിന്നീട് തോമസിന് മറിയത്തെ കാണുന്നതിനു വേണ്ടി കല്ലറ തുറന്നപ്പോള്‍ അവിടെ ശരീരം കണ്ടില്ലെന്നും അങ്ങനെ മറിയം ശരീരത്തോടു കൂടി സ്വര്ഗ്ഗ ത്തിലേക്ക് എടുക്കപ്പെട്ടു എന്നും വിശ്വാസം ഉണ്ടായി. യാക്കോബിന്റെ സുവിശേഷം എന്ന അപ്പോക്രിഫല്‍ പുസ്തകമനുസരിച്ച്, മറിയം ഈശോയുടെ മരണശേഷം കുറച്ചു നാള്‍ അപ്പസ്‌തോലനായ യോഹന്നാന്റെകൂടെ (യോഹ 19, 27) എഫേസൂസിലേക്കു പോവുകയും, അവിടെ കുറച്ചുകാലം താമസിച്ചതിനുശേഷം ജറുസലേമിലേക്കു തിരിച്ചുവരുകയും ജറുസലേമില്‍ സെഹിയോന്‍ മലയില്‍ മരിച്ച് ജോസഫാത്ത് താഴ്‌വാരത്ത് അടക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജറുസലേമില്‍ നിന്നുമുള്ള തിമോത്തി എന്ന സഭാപിതാവിന്റെ വേദോപദേശത്തില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെ സൂചിപ്പിച്ചുകൊണ്ട് പറയുന്നത് അവളുടെ ഉദരത്തില്‍ വസിച്ചവന്‍ അവളെ ആരോപണത്തിന്റെ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി എന്നാണ്. നാലാം നൂറ്റാണ്ടു മുതല്‍ പൗരസ്ത്യസഭകളില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആചരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ കരുതപ്പെടുന്നു. ആദ്യം പൗരസ്ത്യസഭകളിലും 6-ാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യസഭകളിലും സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആചരിച്ചിരുന്നു. ദമാസ്‌ക്കസില്‍ നിന്നുള്ള വി. ജോണ്‍ 755-ല്‍ പറയുന്നത് മറിയത്തിന്റെ ശരീരം സാധാരണരീതിയില്‍ അടക്കിയെങ്കിലും അവളുടെ ശരീരം അവിടെ ആയിരിക്കുന്നതിനോ അഴുകുന്നതിനോ ഇടയായില്ല എന്നും അവള്‍ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് എടുക്കപ്പെട്ടു എന്നുമാണ്. സ്വര്‍ഗ്ഗാരോപണത്തെ സംബന്ധിച്ചുള്ള രണ്ട് പാരമ്പര്യങ്ങളുണ്ട്: ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും. ജറുസലേം പാരമ്പര്യമനുസരിച്ച് മറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മലയോടു ചേര്‍ന്ന് ജീവിച്ചു എന്നും അവിടെ മരിച്ച മറിയത്തെ അന്നത്തെ പൊതുസംസ്‌കാരസ്ഥലമായ കെദ്രോണ്‍ താഴ്‌വാരത്ത് സംസ്‌കരിക്കുകയും അവിടെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു എന്നതാണ്. ഈ പാരമ്പര്യം ആദിമനൂറ്റാണ്ടു മുതല്‍ ജറുസലേമില്‍ നില്ക്കുന്നതും, അപ്പോക്രിഫല്‍ പുസ്തകത്തില്‍ വിവരിക്കുന്നതുമാണ്. മറിയത്തിന്റെ കല്ലറ ഇവിടെ ഉണ്ട് എന്നതാണ് ഈ പാരമ്പര്യത്തിനു പ്രാധാന്യം കൂടുതല്‍ ലഭിക്കാന്‍ കാരണം. ആദിമ കാലം മുതല്‍ മറിയത്തിന്റെ ശൂന്യമായ കല്ലറ വണങ്ങിപ്പോന്നിരുന്നു. മറിയത്തിന്റെ കല്ലറ ഉള്‍പ്പെടുത്തി ഒരു ദൈവാലയം ആദ്യമായി നിര്‍മ്മിക്കുന്നത് 5-ാം നൂറ്റാണ്ടിലാണ്. 422-458 കാലഘട്ടത്തില്‍ ജറുസലേമിലെ പാത്രിയാര്‍ക്കായിരുന്ന യുവാനെസിന്റെ കാലത്ത് കെദ്രോണ്‍ താഴ്‌വാരത്ത് ഒരു ദൈവാലയവും അതിന്റെ ക്രിപ്റ്റില്‍ മറിയത്തിന്റെ കല്ലറയും ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. ബൈസെന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന തെയഡോഷ്യസാണ് ഇവിടെ ദൈവാലയം നിര്‍മ്മിച്ചത്. 1009-ല്‍ ഇസ്ലാമിക രാജാവായിരുന്ന ഹക്കീമിന്റെ ആക്രമണത്തില്‍ നശിപ്പിക്കപ്പെടുന്നതു വരെയും ഈ ദൈവാലയം നിലനിന്നിരുന്നു. 1130-ല്‍ കുരിശു യുദ്ധക്കാര്‍ ഇവിടെ ദൈവാലയം പുനരുദ്ധരിച്ചു. ഇന്നും ഈ ദൈവാലയവും ഈ ദൈവാലയത്തിനുള്ളിലുള്ള ശൂന്യമായ കല്ലറയും കാണുവാന്‍ സാധിക്കും. 14-ാം നൂറ്റാണ്ടുമുതല്‍ ഈ ദൈവാലയം ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ കൈവശമായിരുന്നു. 1757-ല്‍ തുര്‍ക്കികളുടെ ഭരണകാലത്ത് ഈ ദൈവാലയം ഓര്‍ത്തഡോക്‌സ് സഭകള്‍ക്കു കൈമാറി. ഇന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ അധീനതയിലാണ്. ഈ കല്ലറയും ദൈവാലയവും പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാഗാരോപണത്തിന്റെ ചരിത്ര അവശേഷിപ്പായി ഇന്നും നിലനില്ക്കുനന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളും, ഇസ്ലാമികളും ഈ പുണ്യസ്ഥലം വണങ്ങിപ്പോരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് എഫേസോസ് പാരമ്പര്യവുമുണ്ട്. എഫേസോസിലുമുണ്ട് പരിശുദ്ധകന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ ദൈവാലയം. പരിശുദ്ധ ദൈവമാതാവ് എഫേസോസിലേക്ക് അപ്പസ്‌തോലനായ യോഹന്നാന്റെകൂടെ പോയെന്നും അവിടെവച്ച് ഇഹലോകവാസം അവസാനിക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പടുകയും ചെയ്തു എന്നു കരുതപ്പെടുന്നു. പരിശുദ്ധ മറിയം ഏഫേസോസിലേക്കു പോയതായി അപ്പോക്രിഫല്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറിയം തന്റെ ജീവിതാവസാനത്തോടെ ജറുസലേമിലേക്കു തിരിച്ചുപോന്നു എന്നും ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 431-ലെ എഫേസോസ് സൂനഹദോസ് നടന്നത് അവിടെയുണ്ടായിരുന്ന ദൈവമാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിലായിരുന്നു. ഇന്ന് എഫേസോസില്‍ ഈ ദൈവാലയത്തിന്റെ തകര്‍ക്കപ്പെട്ടതിനുശേഷമുള്ള അവശിഷ്ടങ്ങള്‍ മാത്രമേ കാണുവാനുള്ളു. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം എഫേസോസില്‍ നടന്നതായി ആദിമ സഭ കരുതിയിരുന്നതായി സാക്ഷ്യപ്പെടുത്തലുകള്‍ ഒന്നുമില്ല. എന്നാല്‍ ആധുനിക കാലത്ത് എഫേസോസിനടുത്ത് മറിയത്തിന്റെ വീട് സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായി വണങ്ങിപ്പോരുന്നു. ഇതിന്റെ അടിസ്ഥാനം അഗസ്റ്റീനിയന്‍ സന്ന്യാസിനിയും മിസ്റ്റിക്കുമായ കത്രീന എമ്മെറിക് (1774-1824) എന്ന ജര്‍മ്മന്‍കാരിയായ വിശുദ്ധക്ക് ലഭിച്ച ദര്‍ശനനമാണ്. 12 വര്‍ഷക്കാലം ഭക്ഷണം കഴിക്കാതെ പാനീയവും, വിശുദ്ധ കുര്‍ബാനയും മാത്രമായി ജീവിക്കുകയും പഞ്ചക്ഷതധാരണിയുമായിരുന്ന വി. കത്രീന എമ്മെറിക്കിനെ 2004-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധയായി പ്രഖ്യപിച്ചു. വിശുദ്ധയ്ക്ക് ലഭിച്ച ദര്‍ശനങ്ങളില്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ ഈ ലോക ജീവിതത്തിലെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കത്രീന എമ്മെറിക്കിന് ലഭിച്ച ദര്‍ശനമനുസരിച്ച് എഫേസോസില്‍ നിന്നും വളരെ അകലെയല്ലാതെ ബുള്‍ ബുള്‍ ഡഗ് മലയില്‍ മറിയത്തിന്റെ വീട് ഉണ്ടെന്നും ആ വീട്ടില്‍ മറിയം താമസിച്ചെന്നും, മറിയം അവിടെ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടെന്നുമാണ് സാക്ഷ്യം. മറിയത്തിന്റെ വീട് അപ്പസ്‌തോലനായ യോഹന്നാന്‍ നിര്‍മ്മിച്ചതാണെന്നും, ആ സ്ഥലത്തിന്റെയും വീടിന്റെയും എറ്റവും ചെറിയ വിവരണങ്ങള്‍ പോലും കത്രറീന എമ്മെറിക് പറയുന്നുണ്ട്. ഒരിക്കല്‍ പോലും സ്വന്തം രാജ്യത്തു നിന്ന് പുറത്തു പോയിട്ടില്ലാത്ത കത്രീന എമ്മെറിക് മറ്റൊരു രാജ്യത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു പ്രദേശത്തെക്കുറിച്ച് എഫേസോസിനടുത്ത് മറിയം താമസിച്ചിരുന്ന സ്ഥലം കൃത്യമായി പറയുന്നുണ്ട്. പരിശുദ്ധ കന്യകയുടെ ജീവിതം എന്ന പുസ്തകത്തില്‍ അതു വിവരിക്കുന്നുണ്ട്. 1891-ല്‍ കത്രീന എമ്മെറിക്കിന്റെ പുസ്തകത്തില്‍ വിവരിക്കുന്നതനുസരിച്ച് ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ആ പ്രദേശത്ത് അന്വേഷണത്തിന്റെ ഫലമായി എഫേസോസിനടുത്ത് കത്രീന എമ്മെറിക് പറഞ്ഞതനുസരിച്ചുള്ള സ്ഥലവും പറഞ്ഞവിധത്തിലുള്ള വീടും കണ്ടെത്തുകയുണ്ടായി. ആ സ്ഥലം കണ്ടെത്തിയപ്പോള്‍ മനസ്സിലായത് അവിടം ആദ്യ നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്നതാണെന്നും പിന്നീട് ഉപേക്ഷിക്കപ്പെട്ടതാണെന്നുമാണ്. ആ സ്ഥലവും വീടും കത്രീന എമ്മെറിക് ദര്‍ശനത്തില്‍ പറയുന്ന വിധത്തചന്റ കൃത്യമായുള്ളതുമായിരുന്നു. കത്രീന എമ്മെറിക്കിന്റെ ദര്‍ശനനത്തില്‍ മറിയത്തിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്നുണ്ട്. അത് മറിയത്തിന് എഫേസോസിലുള്ള വീട്ടിലാണ് സംഭവിച്ചെതെന്നു പറയുന്നു. 1891-ല്‍ ഈ സ്ഥലവും വീടും കണ്ടെടുത്തതിനുശേഷം ഈ സ്ഥലം പ്രത്യേകമായി പരിശുദ്ധമറിയത്തിന്റെ വീടായും സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായും വണങ്ങിപ്പോരുന്നു. ക്രൈസ്തവരും ഇസ്ലാമികളുമായ തീര്‍ത്ഥാാടകര്‍ ധാരാളമായി അവിടേക്ക് എത്തുന്നു. ഇന്ന് തുര്‍ക്കി ഗവണ്‍മെന്റെിന്റെ കൈവശമാണ് ഈ തീര്‍ത്ഥാടകകേന്ദ്രം. 1891 മുതലാണ് ആധുനിക ലോകത്തില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായി എഫേസോസ് വണങ്ങപ്പെടുന്നത്. ആദിമ സഭയില്‍ മറിയം എഫേസോസില്‍ നിന്ന് സ് സ്വര്‍ഗ്ഗാരോപണം നടന്നുഎന്നതിന് പ്രത്യക പരാമര്‍ശങ്ങള്‍ ഒന്നുമില്ല. എന്നാല്‍ മറിയം യോഹന്നാനോടുകൂടി എഫേസോസില്‍ എത്തിയിരുന്നു എന്ന അപ്പോക്രിഫല്‍ പുസ്തകത്തിലെ വിവരണവും കത്രീന എമ്മെറിക്കിന്റെ ദര്‍ശനവുമാണ് സ്വര്‍ഗ്ഗാരോപണത്തിന്റെ എഫേസോസ് പാരമ്പര്യത്തിന് അടിസ്ഥാനം. ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഒന്നിച്ചു കാണുമ്പോള്‍ ഏതാണു ശരി എന്ന ചോദ്യം സ്വാഭാവികമാണ്. പൂര്‍ണ്ണമായും ശരിയായിട്ടുള്ളതാണ് സഭ വിശ്വാസസത്യമായി പഠിപ്പിക്കുന്നത്. മറിയം ഭൗമികജീവിതത്തിനുശേഷം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ജറുസലേം പാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഇത് എറ്റു പറയുന്നുണ്ട്. ജറുസലേം പാരമ്പര്യത്തിന് ആദിമ സഭയില്‍ നിന്നുള്ള സാക്ഷ്യങ്ങളും, ചരിത്രത്തില്‍ എന്നും വണങ്ങി പോന്നിരുന്ന മറിയത്തിന്റെ ശൂന്യമായ കല്ലറയും സ്വര്‍ഗ്ഗാരോപണത്തിന്റെ ദൈവാലയവുമുണ്ട്. ഇനി ദര്‍ശനത്തിന്റെ കാര്യമെടുത്താലും മിസ്റ്റിക്കുകളായിരുന്ന വി. ബ്രീജീത്തയുടെ ദര്‍ശനത്തിലും, മരിയ വാള്‍ത്തോര്‍ത്തിയുടെ ദര്‍ശനത്തിലും പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം നടന്നത് ജറുസലേമിലാണെന്നാണ് വിവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധ കന്യകാമറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മലയില്‍ താമസിച്ചിരുന്നു എന്നും അവിടെ നിന്ന് എഫേസോസിലേക്ക് പോയെങ്കിലും തിരിച്ച് ജറുസലേമിലേക്ക് വന്നു എന്നും സെഹിയോന്‍ മലയില്‍ മരിച്ചു എന്നും തുടര്‍ന്ന് ജോസഫാത്ത് താഴ്‌വാരത്ത് സംസ്‌കരിച്ചു എന്നും അവിടെ നിന്നും ആത്മശരീരങ്ങളോടെ സ്വര്ഗ്ഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നുമുള്ള പാരമ്പര്യമാണ് പൊതുവെ ചരിത്രകാരന്മാര്‍ അംഗീകരിച്ചു പോരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-15 09:44:00
Keywordsസ്വര്‍ഗ്ഗാരോപ
Created Date2018-08-15 15:32:01