Content | കല്‍പ്പറ്റ: പ്രളയകെടുതിയിൽ പലരും ദാരിദ്ര്യത്തിലാണ് എന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും എല്ലാവരും അയല്‍പക്കങ്ങള്‍ സന്ദര്‍ശിച്ചു സാഹചര്യങ്ങള്‍ മനസ്സിലാക്കി സഹായം ഉറപ്പുവരുത്തണമെന്നും അഭ്യര്‍ത്ഥിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തുകൂടി നമ്മുടെ നാട് കടന്നുപോവുകയാണെന്നും ഈ പ്രതിസന്ധിയെ ഏതുവിധേനയും അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് കഴിയണമെന്നും ബിഷപ്പ് പറഞ്ഞു.
മാനന്തവാടി രൂപത പൂര്‍ണമായ സഹായസഹകരണങ്ങള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ദുരന്തകാലത്ത് നമ്മുടെ ദേവാലയങ്ങളുടെ അനുബന്ധസൗകര്യങ്ങളെല്ലാം ഉപയോഗിക്കാമെന്നത് നേരത്തേ രൂപതാകേന്ദ്രത്തില്‍ നിന്ന് അറിയിച്ചിരുന്നല്ലോ. ഈ സാഹചര്യത്തില്‍, ഒരു പ്രത്യേകസഹായം അഭ്യര്‍ത്ഥിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. പ്രത്യേകിച്ച്, ഈ ദുരിതങ്ങള്‍ അത്രമേല്‍ ബാധിച്ചിട്ടില്ലാത്ത എല്ലാവരോടും. ദയവു ചെയ്ത് നിങ്ങള്‍ നിങ്ങളുടെ അയല്‍പക്കങ്ങള്‍ ഒന്നു സന്ദര്‍ശിക്കണം. അനുദിനം കൂലിപ്പണി ചെയ്ത് അതില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിതം മുന്പോട്ടു കൊണ്ടുപോകുന്ന നിരവധി ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്.
ഈ കാലാവസ്ഥയില്‍ പലരും ദാരിദ്ര്യത്തിലാണ് എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ ആരും ഭക്ഷണമില്ലാതെ പട്ടിണിയില്‍ കഴിയുന്നില്ല എന്ന് നമുക്ക് ഉറപ്പാക്കണം. ക്രൈസ്തവസ്നേഹം എന്‍റെ ദൈവജനത്തെ പ്രത്യേകം അതിനായി നിര്‍ബന്ധിക്കുമുണ്ട് എന്നോര്‍ക്കുക. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ ഇടവകവികാരി വഴി രൂപതാകേന്ദ്രത്തില്‍ ബന്ധപ്പെടാവുന്നതാണെന്നും തീര്‍ച്ചയായും ഇടവകകള്‍ വഴിതന്നെ അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു. |