Content | ന്യൂഡല്‍ഹി: പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തെ സഹായിക്കാന്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ക്രൈസ്തവ സമൂഹത്തോട് ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍റെ അഭ്യര്‍ത്ഥന. ഇന്നലെ ആഗസ്റ്റ് 20 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സിബിസിഐ പ്രസിഡന്‍റും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം നല്‍കിയിരിക്കുന്നത്. കത്തോലിക്ക സഭയുടെ സന്നദ്ധ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയോടു സഹകരിച്ച് ഭാരതത്തിലെ വിശ്വാസികളും മെത്രാന്മാരും പ്രാദേശിക സമൂഹങ്ങളും ഒത്തൊരുമിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്താന്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.
കേരളത്തിലെ വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി സാധിക്കുന്ന വിധത്തില്‍ സഹായങ്ങള്‍ നല്‍കണം. പുനര്‍നിര്‍മ്മാണ ദൌത്യത്തിനായി വിശ്വാസസമൂഹത്തോടും സന്മനസ്സുള്ള സകലരോടും മെത്രാന്മാരും, സന്യാസ സമൂഹങ്ങളും സ്ഥാപനങ്ങളും സഹായാഭ്യര്‍ത്ഥന നടത്തണം. സഹായത്തിനായുള്ള ആഹ്വാനം കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഭാരതത്തിലെ എല്ലാ മെത്രാന്‍മാര്‍ക്കും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. മുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങളെ പ്രളയം ബാധിച്ചെന്നും 24,000 ഹെക്ടര്‍ കൃഷിഭൂമി നശിച്ചെന്നും ഇത് അനേകം കുടുംബങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പ്രതികരിച്ചു. പ്രളയത്തിന് ശേഷം കരകയറുന്ന സാധാരണക്കാര്‍ക്ക് വേണ്ടി കാരിത്താസിനോട് ചേര്‍ന്ന് കത്തോലിക്ക സഭ നിസ്തുലമായ സേവനമാണ് ചെയ്തുവരുന്നത്. ഇന്നലെ കെസിബിസി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിന്നു. |