Content | ഡബ്ലിൻ: മൂന്നര കോടി രൂപ മാസ വരുമാനമുണ്ടായിരിന്ന ഫുട്ബോള്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് ദാരിദ്ര്യവൃതം സ്വീകരിച്ച് പൌരോഹിത്യത്തെ പുല്‍കിയ പ്രശസ്ത ഫുട്‌ബോൾ താരം ഫിലിപ്പ് മുൾറൈൻ തന്റെ അനുഭവ സാക്ഷ്യം ലോക കുടുംബ സംഗമത്തില്‍ പങ്കുവച്ചു. ‘സെലിബ്രേറ്റിംഗ് ഫാമിലി ആൻഡ് സ്‌പോർട്‌സ്’ എന്ന വിഷയത്തിൽ ക്രമീകരിച്ച പാനൽ ചർച്ചയിലായിരുന്നു ഏവരും ഉറ്റുനോക്കിയ മാനസാന്തരകഥ അദ്ദേഹം പങ്കുവച്ചത്. കുടുംബം, വിശ്വാസം, കായികം എന്നിവ എങ്ങനെ സംയോജിപ്പിച്ച് മുന്നോട്ട് പോകാമെന്നതിനെ കുറിച്ചായിരിന്നു അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ കാതല്‍.
"വിശ്വാസവും കുടുംബവും കായിക ജീവിതവും വളരെ കൃത്യമായ ക്രമത്തിൽ മുന്നോട്ട് പോകുമ്പോൾ, ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകും. എന്നാൽ കായികത്തിലും വിജയത്തിലുമാണ് അതീവ ശ്രദ്ധ പുലർത്തുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റും. ലോകത്തിന്റെ മാസ്മരികതയിൽ വിശ്വാസത്തേയും കുടുംബത്തേയും മറന്നു പോകാൻ ഇടവരുത്താതെ, എല്ലാത്തിനും അതിന്റേതായ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവുക. അതാണ് പരമ പ്രധാനം". ഫിലിപ്പ് മുൾറൈൻ സാക്ഷ്യപ്പെടുത്തി.
1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. നോർവിച്ചിനായി കളിച്ച 135 മാച്ചിൽ നിന്ന് 600,000 വരെ യൂറോയാണ് ഒരു വർഷം അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. തുടർന്ന് നോർത്തേൺ അയർലണ്ടിനായി 27 തവണ ബൂട്ടണിഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. തന്റെ 31-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ഫിലിപ്പ് മുള്‍റൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. നീണ്ട തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് അദേഹം തിരുപട്ടം സ്വീകരിച്ചത്. |