Content | അലബാമ: ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞത് വെറും ഇരുപത്തിരണ്ട് ആഴ്ച. രക്ഷപ്പെടാൻ സാധ്യത വിരളം. ഒടുവില്‍ അതിജീവനം അസാധ്യമെന്നു ഡോക്ടർമാർ കല്‍പ്പിച്ച കുഞ്ഞ് നൂറ്റിയറുപതു ദിവസത്തെ ജീവൻമരണ പോരാട്ടത്തിനു ശേഷം ആരോഗ്യവാനായി വീട്ടിലേയ്ക്കു മടങ്ങി. അമേരിക്കയിലെ അലബാമ സംസ്ഥാനത്തു നിന്നാണ് ഈ അത്ഭുതസാക്ഷ്യം. ഇരുപത്തിരണ്ട് ആഴ്ച മാത്രം അമ്മയുടെ ഉദരത്തിൽ കഴിഞ്ഞ കുല്ലൻ പോർട്ടർ എന്ന കുഞ്ഞാണ് ലോകത്തിനു വിസ്മയമായി മാറിയിരിക്കുന്നത്. ഗർഭിണിയായി ആദ്യ നാളുകളിൽ തന്നെ മോളി പോട്ടർ എന്ന അമ്മക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ എന്തു പ്രതിസന്ധി നേരിട്ടാലും ഉദരത്തിലുളള കുഞ്ഞിനെ രക്ഷിക്കാൻ മോളി പോട്ടറും, ഭർത്താവും തീരുമാനം എടുക്കുകയായിരിന്നു.
ഒരുപാട് ആശുപത്രികൾ മോളി പോട്ടർക്ക് ചികിൽസ നൽകാൻ മടി കാണിച്ചു. ഇരുപത്തിനാല് ആഴ്ചയെങ്കിലും പിന്നിടാതെ അമ്മയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. പല ഡോക്ടർമാർക്കും ജനിക്കുന്ന കുഞ്ഞിന്റെ ജീവന് ഉറപ്പ് നൽകാൻ സാധിക്കില്ലായിരുന്നു. കുല്ലനു വെറും രണ്ടു ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടർമാർ നൽകിയിരുന്നത്. എന്നാൽ മെഡിക്കൽ സയൻസിന്റെ പ്രവചനങ്ങൾ അസ്ഥാനത്തായി. ഡോക്ടർമാരെയും, ലോകത്തെയും തന്നെ വിസ്മയിപ്പിച്ചാണ് ഇരുപത്തിരണ്ടു ആഴ്ച ആയപ്പോഴേക്കും ജനിച്ച കുല്ലൻ പോർട്ടർ ആരോഗ്യവാനായി വീട്ടിലേയ്ക്ക് മടങ്ങിയത്.
കുഞ്ഞിനും മാതാപിതാക്കള്‍ക്കും ആവേശകരമായ യാത്രയയപ്പാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. "അവനു രണ്ടു ശതമാനം സാധ്യത മാത്രമേ അവര്‍ പറഞ്ഞിരിന്നുളളു, ഇതാ ആ രണ്ടു ശതമാനം, പൂർണ ആരോഗ്യവാനായി, ദെെവം നല്ലവനാണ്". കുല്ലന്റെ ചിത്രത്തോടൊപ്പം അവന്റെ അമ്മയായ മോളി പോട്ടർ കുല്ലൻ ആശുപത്രി വിട്ട ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ തീരുമാനിച്ച അനേകര്‍ക്ക് മുന്നില്‍ ജീവന്റെ സാക്ഷ്യം നല്‍കിയിരിക്കുകയാണ് ഈ ദമ്പതികള്‍. |